
ഛത്തീസ്ഗഢിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതോടെ രണ്ടുപേരെയും ഡൽഹിയിലെത്തിച്ചു. സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെ കനത്ത സുരക്ഷയിലാണ് ഡൽഹിയിലെ രാജറായിലെ മഠത്തിൽ എത്തിച്ചത്. കന്യാസ്ത്രീകളുടെ ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇനി ഇവിടെയാകും നടക്കുക.
അതേസമയം, കന്യാസ്ത്രീകൾക്കെതിരായ കേസ് റദ്ദാക്കുന്നതിൽ ഹൈക്കോടതിയെ സമീപിക്കുന്നത് സംബന്ധിച്ചും തീരുമാനം ഇന്നുണ്ടായേക്കും. വിശദമായ കൂടിയാലോചനകൾക്ക് ശേഷമാകും ഇക്കാര്യത്തിൽ കത്തോലിക്ക സഭയുടെ തീരുമാനമുണ്ടാകുക. ഇക്കാര്യത്തിൽ സഭ നിയമ വിദഗ്ധരുമായി അടക്കം ചർച്ച നടത്തും.
കേസ് റദ്ദാക്കുന്ന ആവശ്യമുന്നയിച്ച് പാർലമെന്റിലും പ്രതിഷേധം ശക്തമാക്കുവാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. അതിനിടെ ബജറങ് ദൽ നേതാവ് ജ്യോതി ശർമ അടക്കമുള്ള നേതാക്കൾക്കെതിരെ കന്യാസ്ത്രീകൾക്കൊപ്പം ഉണ്ടായിരുന്ന പെൺകുട്ടികൾ ഇന്ന് ഓൺലൈനായി ദുർഗ്ഗ പോലീസ് സ്റ്റേഷനിൽ പരാതി നൽകും. ഇന്നലെ നാരായൺപൂർ സ്റ്റേഷനിൽ നൽകിയ പരാതി സ്വീകരിച്ചിരുന്നില്ല.











