
സ്ത്രീയെ കബളിപ്പിച്ച് 45 ലക്ഷവും സ്വർണവും തട്ടിയെടുത്ത കേസിൽ പാസ്റ്റർ അറസ്റ്റിൽ. കോട്ടയം കുറുമ്പനാടം സ്വദേശിനിയായ യുവതിക്കൊപ്പം ഒളിവിൽ കഴിയവെയാണ് ഇയാൾ പിടിയിലായത്. കോട്ടയം നാട്ടകം മുളങ്കുഴ ജോസ് ആർക്കേഡിൽ ടി.പി. ഹരിപ്രസാദിനെയാണ് മണർകാട് സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച പുലർച്ചെയാണ് ഇയാളെ കൊല്ലം കപ്പലണ്ടിമുക്കിലെ ഫ്ലാറ്റിൽനിന്നും പിടികൂടിയത്. പാസ്റ്റർ ‘നമ്പൂതിരി’ എന്ന പേരിലാണ് ഹരിപ്രസാദ് അറിയപ്പെട്ടിരുന്നത്.
എട്ടുമാസമായി കുറുമ്പനാടം സ്വദേശിനിയായ യുവതിക്കൊപ്പം തമിഴ്നാട്, ബെംഗളൂരു എന്നിവിടങ്ങളിലും കേരളത്തിലെ മറ്റ് ജില്ലകളിലും ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. സ്ഥിരമായി ഒരിടത്ത് തങ്ങാതെ വിവിധ ഇടങ്ങളിൽ മാറിമാറി താമസിക്കുന്നതായിരുന്നു ഇയാളുടെ രീതി. 2023 മുതൽ ഇയാൾ കോട്ടയം മുളങ്കുഴ കേന്ദ്രമായി പെന്തക്കോസ്ത് മിഷൻ ഓഫ് ഇന്ത്യ എന്ന പേരിൽ പ്രാർഥനാ സ്ഥാപനം നടത്തിയിരുന്നു. ഈ സ്ഥാപനത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ മറവിൽ നിരവധിപേരുടെ പണവും സ്വർണ ഉരുപ്പടികളും തട്ടിയെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്‍പി സാജു വർഗീസിന്റെ നേതൃത്വത്തിൽ മണർകാട് ഇൻസ്പെക്ടർ അനിൽ ജോർജ്, എസ്.ഐ. ജസ്റ്റിൻ എസ്. മണ്ഡപം, എഎസ്ഐമാരായ ജി.രഞ്ജിത്ത്, കെ.എൻ. രാധാകൃഷ്ണൻ, എസ്.രഞ്ജിത്ത് എന്നിവർ ചേർന്നാണ് അറസ്റ്റുചെയ്തത്. കുമരകം, ചിങ്ങവനം, ഗാന്ധിനഗർ തുടങ്ങിയ സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ സമാനകേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡുചെയ്തു.











