04:35am 26 July 2026
NEWS
കേരള പോലീസിന്‍റെ മുപ്പതോളം സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ .പോല്‍-ആപ്പ് (POL-APP) ) ശ്രദ്ധേയമാകുന്നു


25/07/2026  06:19 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരള പോലീസിന്‍റെ മുപ്പതോളം സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ .പോല്‍-ആപ്പ് (POL-APP) ) ശ്രദ്ധേയമാകുന്നു

കേരള പോലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍ ആപ്പിന് (POL-APP) പൊതുജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണം. പോലീസില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന വിവിധ സേവനങ്ങള്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ട് എത്താതെ  ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന സംവിധാനമാണ് പോല്‍-ആപ്പ് (POL-APP).

2020 ജൂണിലാണ്  പോല്‍-ആപ്പ് (POL-APP) നിലവില്‍ വന്നത്. സാധാരണക്കാര്‍ക്ക് പോലീസില്‍ നിന്നും ലഭ്യമാകേണ്ട വിവിധ സേവനങ്ങള്‍ വളരെ കുറഞ്ഞസമയത്തിനുള്ളില്‍ തന്നെ ലഭ്യമാക്കുകയാണ് പ്രധാന ലക്ഷ്യം. കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളുടേയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (NIOC), എഫ്.ഐ.ആര്‍ റിപ്പോര്‍ട്ട് എന്നിവ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം, മൈക്ക് ഉപയോഗിക്കുന്നതിനുള്ള അപേക്ഷ, വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട ജി.ഡി കോപ്പി, പോലീസ് മുഖേന ലഭിക്കുന്ന വിവിധ സേവനങ്ങള്‍ക്കുള്ള ഫീസ് ട്രഷറിയിലേക്ക് അടയ്ക്കുന്നതിനുള്ള സൗകര്യം, മുതിര്‍ന്ന പൗരന്മാര്‍ക്ക് ആവശ്യമായ ജനമൈത്രി സേവനങ്ങള്‍, സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ, ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കുമായുള്ള ട്രാക്ക് മൈ ട്രിപ്പ്, ട്രെയിന്‍ യാത്രക്കാര്‍ക്കും രക്തദാതാക്കള്‍ക്കും  ഉപകാരപ്പെടുന്ന വിവരങ്ങള്‍, ഇന്‍റര്‍നെറ്റ് ടിപ്സ്, ടൂറിസ്റ്റ് ഗൈഡ് തുടങ്ങിയ 30ല്‍പ്പരം സേവനങ്ങളാണ് ഈ ആപ്പിലൂടെ  ലഭ്യമാകുന്നത്.

സാധാരണക്കാര്‍ക്കും ലളിതമായി ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. പ്ലേ സ്റ്റോറില്‍ നിന്നും  ആപ്പ് സ്റ്റോറില്‍ നിന്നും പോല്‍-ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാം. ഇതിനോടകം 17  ലക്ഷത്തോളം ആളുകള്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച ജനപ്രിയ ആപ്പുകളില്‍ ഒന്നായി കേരള  പോലീസിന്‍റെ ഈ  പോല്‍-ആപ്പ്(POL-APP) മാറിയിട്ടുണ്ട്. എല്ലാവര്‍ക്കും ഉപകാരപ്രദമായ ഈ ആപ്പ് എല്ലാവരും അവരവരുടെ മൊബൈല്‍ ഫോണുകളില്‍  ഡൗണ്‍ലോഡ് ചെയ്യണമെന്ന് കേരള പോലീസ് അഭ്യര്‍ത്ഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img