08:05am 27 July 2026
NEWS
കർക്കിടക ആരോഗ്യശീലങ്ങൾ പ്രചരിപ്പിക്കാൻ ആരോഗ്യ കർക്കിടകം 2.0
26/07/2026  07:11 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കർക്കിടക ആരോഗ്യശീലങ്ങൾ പ്രചരിപ്പിക്കാൻ ആരോഗ്യ കർക്കിടകം 2.0

കൊച്ചി: കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്റെ ഭക്ഷണം, പോഷകാഹാരം, ആരോഗ്യം, ജലം, ശുചിത്വം, വ്യക്തിശുചിത്വം (FNHW) പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കുടുംബശ്രീ സി.ഡി.എസുകളിൽ 'ആരോഗ്യ കർക്കിടകം 2.0' ക്യാമ്പയിൻ സംഘടിപ്പിക്കും. കർക്കിടക മാസത്തിന്റെ ആരോഗ്യപരമായ പ്രാധാന്യം മുൻനിർത്തി ആരോഗ്യ സംരക്ഷണം, പോഷകാഹാരം, പരമ്പരാഗത ഔഷധവിജ്ഞാനം എന്നിവ ജനങ്ങളിലെത്തിക്കുന്നതിനാണ് പരിപാടി.

ക്യാമ്പയിന്റെ ഭാഗമായി അയൽക്കൂട്ട അംഗങ്ങൾക്കായി മെഡിക്കൽ ക്യാമ്പുകൾ, 'സ്ത്രീകളും ആരോഗ്യപ്രശ്നങ്ങളും' എന്ന വിഷയത്തിൽ ബോധവത്കരണ സെമിനാറുകൾ, കർക്കിടക കഞ്ഞി വിതരണം, കഞ്ഞിക്കൂട്ടിൽ ഉപയോഗിക്കുന്ന ധാന്യങ്ങൾ, ഔഷധച്ചേരുവകൾ, പച്ചമരുന്നുകൾ എന്നിവയുടെ പ്രദർശനം എന്നിവ സംഘടിപ്പിക്കും. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പരമ്പരാഗത ഔഷധസസ്യങ്ങളുടെ പ്രാധാന്യം പൊതുസമൂഹത്തിലേക്ക് എത്തിക്കുകയെന്നതും ക്യാമ്പയിന്റെ ലക്ഷ്യമാണ്.

പ്രദർശനത്തിൽ ഞവര അരി (അല്ലെങ്കിൽ ഉണക്കലരി), ഉലുവ, ജീരകം, ആശാളി എന്നിവയ്ക്കൊപ്പം ചെറൂള, പൂവാംകുറുന്നില, കീഴാർനെല്ലി, ആനയടിയൻ, തഴുതാമ, മുയൽച്ചെവിയൻ, തുളസി, തകര, നിലംപരണ്ട, മുക്കുറ്റി, വള്ളിഉഴിഞ്ഞ, നിക്തകം, കൊല്ലി, തൊട്ടാവാടി, കുറുന്തോട്ടി, ചെറുകടലാടി തുടങ്ങിയ ഔഷധസസ്യങ്ങളും ഉൾപ്പെടുത്തും.

ആരോഗ്യ സംരക്ഷണത്തോടൊപ്പം പ്രകൃതിദത്ത ഔഷധസസ്യങ്ങളുടെ പ്രാധാന്യവും കർക്കിടകകാല ആരോഗ്യശീലങ്ങളും കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ആരോഗ്യ കർക്കിടകം 2.0' ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img