03:40pm 27 October 2026
NEWS
അർണബ് ചുഴലിക്കാറ്റ് തീരത്തേക്ക്; വിവിധ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്; ട്രെയിൻ സർവീസുകൾ റദ്ദാക്കി
27/10/2026  02:51 PM IST
nila
 അർണബ് ചുഴലിക്കാറ്റ് തീരത്തേക്ക്; വിവിധ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്; ട്രെയിൻ സർവീസുകൾ റദ്ദാക്കി

വിശാഖപട്ടണം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് അർണബ് ആന്ധ്രാപ്രദേശ് തീരം ലക്ഷ്യമാക്കി നീങ്ങുന്നു. നാളെ ഉച്ചയ്ക്കു മുൻപായി ബാപ്പറ്റ്‍ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിൽ ചുഴലിക്കാറ്റ് കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കരതൊടുന്ന സമയത്ത് മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. കാറ്റിന്റെ വേഗം മണിക്കൂറിൽ 140 കിലോമീറ്റർ വരെയും ഉയർന്നേക്കാമെന്നാണ് മുന്നറിയിപ്പ്.

കഴിഞ്ഞ ആറു മണിക്കൂറായി മണിക്കൂറിൽ 22 കിലോമീറ്റർ വേഗത്തിലാണ് അർണബ് പടിഞ്ഞാറൻ ദിശയിൽ നീങ്ങുന്നത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ 11 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലും ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്.

ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ഇന്നും നാളെയുമായി 53 ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി സൗത്ത് കോസ്റ്റ് റെയിൽവേ അറിയിച്ചു. വിശാഖപട്ടണം, വിജയവാഡ എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകളെയും മോശം കാലാവസ്ഥ ബാധിച്ചേക്കാമെന്ന് എയർ ഇന്ത്യ മുന്നറിയിപ്പ് നൽകി. യാത്രക്കാർ വിമാനങ്ങളുടെ പുറപ്പെടൽ സമയം പരിശോധിച്ചശേഷം യാത്ര ക്രമീകരിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

മോശം കാലാവസ്ഥ കണക്കിലെടുത്ത് ആൻഡമാനിലും ഒഡീഷയിലെ ചില പ്രദേശങ്ങളിലും ഇന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളിൽ ശക്തമായ കാറ്റിന് മുന്നറിയിപ്പ്

ഇന്ന് വൈകുന്നേരം മുതൽ നാളെ വൈകുന്നേരം വരെ വടക്കൻ തമിഴ്നാട് തീരത്തും സമീപ പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചില സമയങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 60 കിലോമീറ്റർ വരെയാകാം.

നാളെ പുലർച്ചെ മുതൽ തെക്കൻ ഒഡീഷയിലെ ഗഞ്ചം, ഗജപതി, റായഗഡ, കോരാപുട്ട്, മൽക്കാൻഗിരി ജില്ലകളിലും ഛത്തീസ്ഗഡിലെ സുക്മ, ദന്തേവാഡ, ബിജാപൂർ, ബസ്തർ ജില്ലകളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. വടക്കുകിഴക്കൻ തെലങ്കാനയിലെ ഖമ്മം, ഭദ്രാദ്രി കൊത്തഗുഡേം, മുലുഗു, മഹബൂബാബാദ് ജില്ലകളിലും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഈ പ്രദേശങ്ങളിൽ മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനാണ് സാധ്യത. ചില അവസരങ്ങളിൽ വേഗം മണിക്കൂറിൽ 80 കിലോമീറ്റർ വരെയാകാം. കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥവും കാലാവസ്ഥയിലെ മാറ്റങ്ങളും കണക്കിലെടുത്ത് അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img