12:20am 02 July 2026
NEWS
പരസ്ത്രീ ബന്ധം ചോദ്യം ചെയ്ത ഭാര്യയെ കൊലപ്പെടുത്തിയ സൈനികൻ അറസ്റ്റിൽ
01/07/2026  12:22 PM IST
nila
പരസ്ത്രീ ബന്ധം ചോദ്യം ചെയ്ത ഭാര്യയെ കൊലപ്പെടുത്തിയ സൈനികൻ അറസ്റ്റിൽ

ബെംഗളൂരു: ക്ഷേത്രദർശനത്തിനായി കൊണ്ടുപോയ ഭാര്യയെ കൊലപ്പെടുത്തിയ സൈനികൻ അറസ്റ്റിലായി. ഭാൽകി താലൂക്കിലെ ബോലേഗാവ് സ്വദേശിയായ ഭാഗവത് ജ്ഞാനേശ്വറെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഭാര്യ സഞ്ജന (26)യെ വിജനമായ സ്ഥലത്ത് വെച്ച് ഇരുമ്പ് വടി ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

പ്രതിക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ദമ്പതികൾക്കിടയിൽ തർക്കം നിലനിന്നിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനെച്ചൊല്ലി സഞ്ജന ഭർത്താവിനെ ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

ജൂൺ 25-ന് അവധിക്കെത്തിയ ഭാഗവത്, ഭാര്യയുടെ വീട്ടിൽ പോകാമെന്നും വഴിയിലുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്താമെന്നും പറഞ്ഞാണ് സഞ്ജനയെ കാറിൽ കൂട്ടിക്കൊണ്ടുപോയത്. ക്ഷേത്ര സന്ദർശനങ്ങൾക്കുശേഷം ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിർത്തി ഇരുമ്പ് വടി ഉപയോഗിച്ച് സഞ്ജനയുടെ തലയിലും കഴുത്തിലും ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

സംഭവം റോഡപകടമാണെന്ന് വരുത്തിത്തീർക്കാനും പ്രതി ശ്രമിച്ചതായും അന്വേഷണത്തിൽ വ്യക്തമായി. ഗുരുതരമായി പരിക്കേറ്റ സഞ്ജനയെ സോലാപുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നാല് ദിവസത്തെ ചികിത്സയ്ക്കൊടുവിൽ മരണം സംഭവിച്ചു. ആശുപത്രിയിൽ കഴിയുന്നതിനിടെ തന്നെ ആക്രമിച്ചത് ഭർത്താവാണെന്ന് സഞ്ജന പൊലീസിന് മൊഴി നൽകിയിരുന്നു.

ഒരു വർഷം മുൻപും പാനീയത്തിൽ കീടനാശിനി കലർത്തി സഞ്ജനയെ കൊല്ലാൻ ഭാഗവത് ശ്രമിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. സംശയം തോന്നിയതിനാൽ അന്ന് സഞ്ജന അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതായും ബന്ധുക്കൾ പറഞ്ഞു. പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിക്കുന്ന മറ്റുള്ളവരെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തി നിയമനടപടി സ്വീകരിക്കണമെന്നും സഞ്ജനയുടെ കുടുംബം ആവശ്യപ്പെട്ടു. ധന്നൂർ പൊലീസാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img