
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ പാകിസ്ഥാൻ നടത്തിയ ഷെൽ ആക്രമണത്തിൽ സൈനികന് വീരമൃത്യു. ഹരിയാനയിലെ പൽവാൾ സ്വദേശി ലാൻസ് നായിക് ദിനേശ് കുമാറാണ് മരിച്ചത്. കൃഷ്ണ ഗടി സെക്ടറിലെ ലൈൻ ഓൺ കൺട്രോളിൽ നടന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ദിനേശ് കുമാർ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരു സൈനികൻ ചികിത്സയിൽ തുടരുകയാണ്.
ദിനേശ് കുമാറിന്റെ മൃതദേഹം സൈനിക ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എത്രയും പെട്ടെന്ന് മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം നടത്തുമെന്ന് അധികൃതർ അറിയിച്ചു. പഹൽഗാം ആക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്താന് ശക്തമായ മറുപടി നൽകിയതിന് പിന്നാലെയാണ് സാധാരണജനങ്ങളെ ഉൾപ്പെടെ ലക്ഷ്യംവച്ച് പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തിയത്.
നിയന്ത്രണരേഖയിലെ സാഹചര്യം സസൂക്ഷ്മം സൈന്യം നിരീക്ഷിച്ച് വരികയാണ്. നിയന്ത്രണ രേഖയിലെ പാക് പ്രകോപനം സേന വിലയിരുത്തുകയാണ്. പാകിസ്താൻ സൈന്യത്തിന്റെ നടപടികളെക്കുറിച്ച് ഇന്ത്യൻ കരസേനാ മേധാവി പ്രാദേശിക സേനകളോട് വിശദീകരിച്ചു . ഉചിതമായ മറുപടി നൽകാൻ സേനകൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകി.











