03:17am 06 October 2026
NEWS
‘ഇംപീച്ച്മെന്റ് നോട്ടിസ്’ തടഞ്ഞ് സൈന്യം; ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തിന് മുന്നിൽ വൻ സുരക്ഷ
05/10/2026  08:27 PM IST
nila
‘ഇംപീച്ച്മെന്റ് നോട്ടിസ്’ തടഞ്ഞ് സൈന്യം; ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തിന് മുന്നിൽ വൻ സുരക്ഷ

ന്യൂഡൽഹി ∙ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ഇംപീച്ച്മെന്റ് നോട്ടിസ് നൽകാനുള്ള മുൻ ഉന്നത ഉദ്യോഗസ്ഥരുടെ നീക്കം ഡൽഹി പൊലീസ് തടഞ്ഞു. ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ചെന്നും പൗരന്മാരുടെ വോട്ടവകാശം നിഷേധിച്ചെന്നും ആരോപിച്ചാണ് കേന്ദ്ര സർക്കാരിലെ ഉന്നത പദവികളിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘം തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് എത്തിയത്.

15 അംഗ സംഘത്തെ തടയുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തിന് ചുറ്റും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. ഡൽഹി പൊലീസിനൊപ്പം ഐടിബിപി, ബിഎസ്എഫ്, ആർഎഎഫ് ഉൾപ്പെടെയുള്ള സേനകളിലെ ആയിരക്കണക്കിന് ഉദ്യോഗസ്ഥരെയാണ് പ്രദേശത്ത് വിന്യസിച്ചത്.

പ്രതിഷേധമോ പ്രകടനമോ നടത്തില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ നേരിൽ കണ്ട് നോട്ടിസ് കൈമാറാൻ രണ്ട് പേർക്ക് മാത്രം അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് സംഘം നേരത്തെ തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകിയിരുന്നു. എന്നാൽ സുരക്ഷാ സേനകൾ എല്ലാ വഴികളും അടച്ചതോടെ നോട്ടിസ് നേരിട്ട് കൈമാറാനുള്ള നീക്കം ഉപേക്ഷിക്കുകയായിരുന്നു.

‘ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കേണ്ടി വരുന്നു’

മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഇന്ത്യയിൽ ജനിച്ച് പഠിച്ച് വളർന്ന തനിക്ക് യുപിഎസ്‌സി പരീക്ഷ എഴുതുന്ന ഘട്ടത്തിൽ പോലും എസ്എസ്എൽസി ബുക്കിന്റെ പകർപ്പ് സമർപ്പിച്ചാണ് തിരിച്ചറിയൽ തെളിയിക്കേണ്ടിവന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഐഎഎസ് ലഭിച്ച് കേന്ദ്ര സർക്കാരിൽ വിവിധ ചുമതലകൾ വഹിച്ച് വിരമിച്ച ശേഷം ഇപ്പോൾ വീട്ടിലിരിക്കുമ്പോൾ ‘ഞാൻ ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കണം’ എന്ന നിലപാടാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും ജി.കെ. പിള്ള ആരോപിച്ചു.

അതേസമയം, 15 പേരെ തടയാൻ ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ച നടപടിയെ യോഗേന്ദ്ര യാദവ് പരിഹസിച്ചു. ഡൽഹിയിൽ സ്ത്രീകളുടെ സുരക്ഷ ഉൾപ്പെടെ നിരവധി വിഷയങ്ങൾ നിലനിൽക്കുമ്പോഴാണ് ഇത്രയും വലിയ സന്നാഹമൊരുക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിഷേധ പ്രകടനം നടത്താനല്ല സംഘം എത്തിയതെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ കാണാൻ രണ്ട് പേർക്ക് മാത്രം അനുമതി നൽകണമെന്നായിരുന്നു ആവശ്യമെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു. എന്നിട്ടും എല്ലാ വഴികളും അടച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img