
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം യുദ്ധസമാനമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്. യുദ്ധമുണ്ടായാൽ കൊല്ലപ്പെടുന്നത് ഇന്ത്യയുടെയും പാകിസ്ഥാന്റെയും പട്ടാളക്കാരും സാധാരണ ജനങ്ങളുമാണെങ്കിലും പ്രഹര ശേഷി പരിശോധിക്കപ്പെടുന്നത് അമേരിക്കയുടെയും ചൈനയുടേയുമാണ്. ഇന്ത്യയ്ക്കു പാശ്ചാത്യ രാജ്യങ്ങളുടെയും പാകിസ്ഥാന് ചൈനയുടെയും സൈനിക പിന്തുണയുണ്ട്. അതുകൊണ്ട് തന്നെ രണ്ട് അയൽരാജ്യങ്ങൾ തമ്മിലുള്ള സംഘർഷത്തിനുമപ്പുറം രണ്ട് ശാക്തിക ചേരികൾ തമ്മിലുള്ള യുദ്ധം തന്നെയാകും നടക്കുക.
ഇന്ത്യയും പാകിസ്ഥാനും അന്താരാഷ്ട്ര ആയുധ വ്യാപാരികളുടെ പൊട്ടൻഷ്യൽ കസ്റ്റമേഴ്സാണ്. പരമ്പരാഗതമായി ചേരിചേരാ രാജ്യമായ ഇന്ത്യ, അമേരിക്കയോടുള്ള അകൽച്ച അവസാനിപ്പിച്ച് ഇപ്പോൾ ഒരു സഖ്യകക്ഷിയെ പോലെയാണ് പ്രവർത്തിക്കുന്നത്. അമേരിക്കയിൽ നിന്നും മറ്റ് പാശ്ചാത്യ വിതരണക്കാരിൽ നിന്നും കോടിക്കണക്കിന് ഡോളറിന്റെ ആയുധങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. അതേസമയം, ശീതയുദ്ധകാലത്തെ സഖ്യകക്ഷിയായ റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ആയുധങ്ങൾ വാങ്ങുന്നത് ഇന്ത്യ കുത്തനെ കുറച്ചു.
2006- 2010 കാലഘട്ടത്തിൽ റഷ്യയായിരുന്നു ഇന്ത്യക്ക് ഏറ്റവും കൂടുതൽ ആയുധങ്ങൾ വിറ്റിരുന്നത്. ഇന്ത്യ വാങ്ങുന്ന ആയുധങ്ങളുടെ 75 ശതമാനവും റഷ്യയിൽ നിന്നായിരുന്നു. ഇതേ കാലഘട്ടത്തിൽ ഇസ്രയേലിൽ നിന്നും ആറ് ശതമാനവും അമേരിക്കയിൽ നിന്നും രണ്ട് ശതമാനവും ഫ്രാൻസിൽ നിന്നും ഒരു ശതമാനവും ആയുധങ്ങളായിരുന്നു ഇന്ത്യ വാങ്ങിയിരുന്നത്. എന്നാൽ, 2020 - 2024 കാലഘട്ടമായപ്പോഴേക്കും റഷ്യയുമായുള്ള ആയുധ വ്യാപാരത്തിൽ വലിയതോതിൽ കുറവു വരുത്തി. പകരം ഇന്ത്യ തങ്ങളുടെ പാശ്ചാത്യ സഖ്യശക്തികളിൽ നിന്നും ആയുധം വൻതോതിൽ വാങ്ങിക്കൂട്ടി. ഇപ്പോൾ ഇന്ത്യ വാങ്ങുന്ന ആയുധങ്ങളുടെ 36 ശതമാനം മാത്രമാണ് റഷ്യയിൽ നിന്നുള്ളത്. പണ്ട് വളരെ കുറച്ച് ആയുധങ്ങൾ മാത്രം വാങ്ങിയിരുന്ന ഫ്രാൻസിൽ നിന്നും 33 ശതമാനം ആയുധങ്ങൾ വാങ്ങുന്നു. ഇസ്രയേലിൽ നിന്നും 13 ശതമാനവും അമേരിക്കയിൽ നിന്നും പത്തു ശതമാനവും ആയുധങ്ങളാണ് വാങ്ങുന്നത്. അതായത്, ഇന്ന് ഇന്ത്യ വാങ്ങുന്ന പകുതിയിലേറെ ആയുധങ്ങളും പാശ്ചാത്യ ശക്തികളുടെ കയ്യിൽനിന്നാണ്.
ഇതേ കാലഘട്ടത്തിൽ പാകിസ്ഥാന്റെ ആയുധ പർച്ചേസിലും കാതലായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. 2006 -2010 കാലയളവിൽ പാകിസ്ഥാൻ ഏറ്റവും കൂടുതൽ ആയുധങ്ങൾ വാങ്ങിയിരുന്നത് പാശ്ചാത്യ ശക്തികളുടെ കയ്യിൽ നിന്നായിരുന്നു. അക്കാലത്ത് ചൈനയിൽ നിന്നും വെറും 36 ശതമാനം ആയുധങ്ങളാണ് പാകിസ്ഥാൻ വാങ്ങിയിരുന്നത്. എന്നാലിപ്പോൾ പാകിസ്ഥാൻ വാങ്ങുന്ന യുദ്ധോപകരണങ്ങളിൽ 81 ശതമാനവും ചൈനയിൽ നിന്നാണ്. പ്രധാനപ്പെട്ട ആയുധ വ്യാപാരികളായ അമേരിക്കയിൽ നിന്നും ഫ്രാൻസിൽ നിന്നും ഒന്നും വാങ്ങുന്നില്ല. അതായത്, പാശ്ചാത്യ ആയുധ വ്യാപാരികളെ പൂർണമായും ഒഴിവാക്കിയ പാകിസ്ഥാൻ തങ്ങളുടെ സൈനികശക്തിക്കാവശ്യമായ മുഴുവൻ സങ്കേതിക വിദ്യകളും ഉപകരണങ്ങളും ചൈനയിൽ നിന്നാണ് വാങ്ങുന്നത്.
ഇക്കാരണത്താൽ തന്നെ പോരാടുന്നത് ഇന്ത്യ - പാക് സൈനികരാണെങ്കിലും ആയുധങ്ങൾ പാശ്ചാത്യ ശക്തികളുടെയും ചൈനയുടേയുമാണ്. ഈ ആയുധങ്ങളുടെ പ്രഹരശേഷിയാണ് യുദ്ധമുണ്ടായാൽ പരിശോധിക്കപ്പെടുക. ഈ പരിശോധനയിലൂടെയാണ് ആയുധ വ്യാപാരികൾക്ക് മറ്റിടങ്ങളിൽ നിന്നും ഇനിയും കൂടുതൽ കസ്റ്റമേഴ്സിനെ കിട്ടേണ്ടത്. അതുകൊണ്ട് തന്നെ ഇന്ത്യ - പാക് യുദ്ധം ഉണ്ടാകണമെന്നും തങ്ങളുണ്ടാക്കിയ എല്ലാ ആയുധങ്ങളും ഉപകരണങ്ങളും ഉപയോഗിക്കപ്പെടണമെന്നും ഈ ആയുധ വ്യാപാരികൾ ആഗ്രഹിക്കും. നിരപരാധികളുടെ രക്തവും ജീവനും എടുത്ത് തങ്ങളുടെ കീശ വീർപ്പിക്കുന്ന ഈ ആയുധ വ്യാപാരികളും, ഛിന്നഭിന്നമായി കിടക്കുന്ന മൃതശരീരങ്ങൾ ഭക്ഷിക്കാൻ കാത്തിരിക്കുന്ന കഴുകന്മാരും മാത്രമാണ് യുദ്ധം ആഗ്രഹിക്കുന്നതും.











