
തിരുവനന്തപുരം: നിയമസഭാ കക്ഷി നേതൃസ്ഥാനം സംബന്ധിച്ച് സംസ്ഥാന ബിജെപിയിൽ അഭിപ്രായഭിന്നത ശക്തമാകുന്നു. കഴക്കൂട്ടത്ത് നിന്ന് വിജയിച്ച വി. മുരളീധരൻ നിയമസഭാ കക്ഷി നേതൃസ്ഥാനം ആവശ്യപ്പെട്ടതോടെയാണ് പുതിയ തർക്കത്തിന് തുടക്കമായത്. നിലവിൽ സംസ്ഥാന അധ്യക്ഷനായ രാജീവ് ചന്ദ്രശേഖർ ആ സ്ഥാനം ഒഴിയാൻ തയ്യാറല്ലെന്ന നിലപാടിലാണ്.
വി. മുരളീധരന്റെ ദീർഘകാല രാഷ്ട്രീയ-ഭരണപരിചയം ചൂണ്ടിക്കാട്ടി ഒരു വിഭാഗം നേതാക്കൾ അദ്ദേഹത്തെ നിയമസഭാ കക്ഷി നേതാവാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മുരളീധരൻ തന്നെയാകും ആ സ്ഥാനത്തെത്തുകയെന്നായിരുന്നു പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള സൂചനകളും. എന്നാൽ അങ്ങനെ സംഭവിച്ചാൽ പാർട്ടിക്കുള്ളിൽ രണ്ട് അധികാര കേന്ദ്രങ്ങൾ രൂപപ്പെടുമെന്ന ആശങ്കയാണ് ഔദ്യോഗിക നേതൃത്വം ഉയർത്തുന്നത്. ഇതോടെ അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന് വിട്ടിരിക്കുകയാണ്. നിലവിൽ നിയമസഭയിൽ ബിജെപിക്ക് മൂന്ന് അംഗങ്ങളാണ് ഉള്ളത്.
അതേസമയം, തിരഞ്ഞെടുപ്പ് ഫലശേഷം ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിലും കടുത്ത വിമർശനങ്ങൾ ഉയർന്നു. ശോഭാ സുരേന്ദ്രനും കെ. സുരേന്ദ്രനുമെതിരെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പരോക്ഷ വിമർശനം ഉന്നയിച്ചതായാണ് വിവരം. തിരഞ്ഞെടുപ്പ് സമയത്ത് മാത്രം മണ്ഡലങ്ങളിൽ സജീവമാകുന്നത് പോരെന്നും, തുടർച്ചയായ പ്രവർത്തനമാണ് വിജയത്തിന് അടിസ്ഥാനം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മണ്ഡലങ്ങൾ മാറിമാറി മത്സരിച്ചത് തിരിച്ചടിയായപ്പോൾ, സ്ഥിരമായി മണ്ഡലങ്ങളിൽ പ്രവർത്തിച്ച സ്ഥാനാർഥികൾക്കാണ് നേട്ടമുണ്ടായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
ഇതിനിടെ, പാർട്ടി നേതൃത്വത്തിന്റെ പ്രവർത്തനരീതിക്കെതിരെ കെ. സുരേന്ദ്രനും വി. മുരളീധരനും രംഗത്തെത്തി. സ്ഥാനാർഥി നിർണയം ഉൾപ്പെടെയുള്ള നിർണായക തീരുമാനങ്ങൾ ഏകപക്ഷീയമായാണ് കൈക്കൊണ്ടതെന്ന വിമർശനമാണ് ഇരുവരും ഉയർത്തിയത്. ഇതോടെ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാന ബിജെപിയിൽ ആഭ്യന്തര ഭിന്നത കൂടുതൽ വ്യക്തമായിരിക്കുകയാണ്.










