NEWS
ലഹരിക്കെതിരെ അമ്മമനസ്സിൻറെ കരുത്തുമായി അർജൻറിയം 2k26
08/10/2026 09:01 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരള പോലീസ് അക്കാദമിയിലെ ആദ്യ പരിശീലനാർഥികളായ 2001 ബാച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ആഘോഷമായ 'അർജൻറിയം 2k26', കേരളത്തിൻറെ ലഹരിവിരുദ്ധ പോരാട്ടത്തിന് പുതിയൊരു മുഖം നൽകുകയാണ്. നാളെ (ഒക്ടോബർ 9 )കേരള പോലീസ് അക്കാദമിയിൽ നടക്കുന്ന ആഘോഷങ്ങളുടെ തുടക്കം തന്നെ സമൂഹത്തിനായുള്ള ഒരു വലിയ സന്ദേശത്തോടെയാണ്.
കേരള സർക്കാരിൻറെ 'തൂഫാൻ ദി നാർക്കോ ഹണ്ട്' ഓപ്പറേഷന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്, 500ഓളം വരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥർ അണിനിരക്കുന്ന 'തൂഫാൻ നാരി ദീപ്തി' റാലി തൃശ്ശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ നാളെ രാവിലെ 9 മണിക്ക് ഫ്ളാഗ് ഓഫ് ചെയ്യും. ഒരു അമ്മയുടെ പരിരക്ഷയോടെ മക്കളെയും പൊതുസമൂഹത്തെയും ലഹരിയിൽ നിന്ന് മുക്തമാക്കുന്നതിനുള്ള പ്രതിജ്ഞയാണ് പരിപാടിയുടെ കാതൽ. ഇക്കാലത്തെ ലഹരിമാഫിയ കുട്ടികളെ ലക്ഷ്യമിടുമ്പോൾ, അവർക്ക് സംരക്ഷണകവചമാകാൻ അമ്മയുടെ കരുതലിനാണ് സാധിക്കുക എന്നതാണ് 'തൂഫാൻ നാരി ദീപ്തി' എന്ന ആശയത്തിന് ആധാരം. ഓരോ അമ്മമാർക്കും വേണ്ടി 2001 ബാച്ചിലെ 500ഓളം വരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥർ ഈ പ്രതിജ്ഞ ഏറ്റെടുക്കും.
25 വർഷം മുമ്പ് അക്കാദമിയുടെ വന്യഭംഗിയിൽ പരിശീലനം പൂർത്തിയാക്കിയ 2001 ബാച്ചിന്, ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച പോലീസ് പരിശീലന കേന്ദ്രമായി മാറിയ കേരള പോലീസ് അക്കാദമിയോടുള്ള ഗൃഹാതുരമായ ആത്മബന്ധം ദൃഢപ്പെടുത്തുന്നതിനു വേണ്ടിയാണ് ഇവിടെവച്ചുതന്നെ ആഘോഷങ്ങൾ നടത്തുവാൻ തീരുമാനിച്ചത്.
കേരള പോലീസ് അക്കാദമി ഡയറക്ടറും പോലീസ് ഇൻസ്പെക്ടർ ജനറലുമായ സേതുരാമൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ചടങ്ങിലെ മുഖ്യാതിഥിയായ മുൻ കേരള ഡി.ജി.പി അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ വച്ച്, തങ്ങളെ പരിശീലിപ്പിച്ച് മികച്ച പോലീസുദ്യോഗസ്ഥരാക്കി മാറ്റിയ ഗുരുനാഥന്മാരെ ആദരിക്കുന്നതിനും 'അർജൻറിയം 2k26' സാക്ഷ്യം വഹിക്കും .
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










