
ഡാലസ്: ലോകകപ്പിൽ തുടർച്ചയായി ഏഴ് മത്സരങ്ങളിൽ ഗോളടിക്കുന്ന ആദ്യ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി ലയണൽ മെസ്സി. മെസ്സിയുടെ റെക്കോഡ് ഗോളിന് സാക്ഷിയായ മത്സരത്തിൽ ജോർദാനെ 3-1ന് തോൽപ്പിച്ച അർജന്റീന, ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും വിജയിച്ച് ഒന്നാം സ്ഥാനക്കാരായി റൗണ്ട് ഓഫ് 32ലേക്ക് മുന്നേറി. ഈ ലോകകപ്പിൽ മെസ്സിയുടെ ഗോൾ നേട്ടം ആറായി ഉയർന്നു. ജൂലായ് നാലിന് പുലർച്ചെ നടക്കുന്ന റൗണ്ട് ഓഫ് 32 മത്സരത്തിൽ ലോകകപ്പിൽ ആദ്യമായി കളിക്കുന്ന കേപ് വെർദെയെയാണ് അർജന്റീന നേരിടുക.
മത്സരത്തിന്റെ തുടക്കം മുതൽ തന്നെ പന്തടക്കത്തിലും ആക്രമണത്തിലും അർജന്റീന വ്യക്തമായ ആധിപത്യം പുലർത്തി. 19-ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് മനോഹരമായി വലയിലെത്തിച്ച് ജിയോവാനി ലോസെൽസോയാണ് അർജന്റീനയ്ക്ക് ലീഡ് സമ്മാനിച്ചത്. മെസ്സി പതിവായി ഗോളാക്കുന്ന തരത്തിലുള്ള പൊസിഷനിൽ നിന്നായിരുന്നു ലോസെൽസോയുടെ കിടിലൻ ഫിനിഷ്.
തുടർന്ന് 28-ാം മിനിറ്റിൽ സെനെസിക്കെതിരായ ഫൗളിന് വാർ പരിശോധനയ്ക്ക് ശേഷമാണ് റഫറി പെനാൽറ്റി അനുവദിച്ചത്. 31-ാം മിനിറ്റിൽ സ്പോട്ട്കിക്കെടുത്ത ലൗട്ടാരോ മാർട്ടിനെസ് പിഴവില്ലാതെ ലക്ഷ്യം കണ്ടതോടെ ആദ്യ പകുതിയിൽ അർജന്റീന 2-0ന് മുന്നിലെത്തി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ജോർദാൻ തിരിച്ചുവരവിന്റെ സൂചന നൽകി. ഇഹ്സാൻ ഹദ്ദാദിന്റെ ക്രോസ് കൃത്യമായി ഹെഡ് ചെയ്ത് മുസ അൽ തമാരി ഗോൾ നേടിയതോടെ സ്കോർ 2-1 ആയി.
എന്നാൽ 60-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മെസ്സി മത്സരത്തിന്റെ അവസാന ഘട്ടത്തിൽ വീണ്ടും തന്റെ മികവ് തെളിയിച്ചു. 80-ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് മനോഹരമായി വലയിലെത്തിച്ച് അർജന്റീനയുടെ വിജയം ഉറപ്പിക്കുന്ന മൂന്നാം ഗോൾ നേടി. ഇതോടെയാണ് ലോകകപ്പ് ചരിത്രത്തിൽ തുടർച്ചയായി ഏഴ് മത്സരങ്ങളിൽ ഗോളടിക്കുന്ന ആദ്യ താരമെന്ന അപൂർവ റെക്കോഡും മെസ്സി സ്വന്തം പേരിലാക്കിയത്.










