01:49am 17 July 2026
NEWS
അവസാന നിമിഷങ്ങളിൽ അർജന്റീനയുടെ മാസ്മരിക തിരിച്ചുവരവ്; ഇംഗ്ലണ്ടിനെ മറികടന്ന് ഫൈനലിലേക്ക്
16/07/2026  05:51 AM IST
nila
അവസാന നിമിഷങ്ങളിൽ അർജന്റീനയുടെ മാസ്മരിക തിരിച്ചുവരവ്; ഇംഗ്ലണ്ടിനെ മറികടന്ന് ഫൈനലിലേക്ക്

അറ്റ്‌ലാന്റ: വിജയം കൈയെത്തും ദൂരത്താണെന്ന് കരുതിയ ഇംഗ്ലണ്ടിന് അവസാന നിമിഷങ്ങളിൽ കനത്ത തിരിച്ചടി. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് നിലവിലെ ലോക ചാംപ്യന്മാരായ അർജന്റീന രണ്ട് മിനിറ്റിനുള്ളിൽ രണ്ട് ഗോൾ നേടി 2-1ന്റെ തകർപ്പൻ ജയത്തോടെ ലോകകപ്പ് ഫൈനലിലേക്ക് മുന്നേറിയത്. എൻസോ ഫെർണാണ്ടസും ലൗതാരോ മാർട്ടിനസും നേടിയ ഗോളുകളാണ് അർജന്റീനയുടെ വിജയത്തിന് അടിത്തറയായത്. ഇതോടെ ഫൈനലിൽ ഇടംപിടിച്ച അർജന്റീന, ജൂലൈ 20ന് നടക്കുന്ന കിരീടപ്പോരിൽ സ്പെയിനിനെ നേരിടും.

ആദ്യ പകുതിയിൽ ഇരുടീമുകളും പരുക്കൻ പോരാട്ടമാണ് കാഴ്ചവെച്ചത്. ഫൗളുകളും താരങ്ങൾ തമ്മിലുള്ള വാക്കേറ്റങ്ങളും മത്സരത്തിന്റെ ഒഴുക്ക് പലതവണ തടസപ്പെടുത്തി. മെസ്സിയിലൂടെ അർജന്റീനയും ബെല്ലിങ്ഹാം, ഡെക്ലാൻ റൈസ് എന്നിവരിലൂടെ ഇംഗ്ലണ്ടും മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾമുന്നിൽ കൃത്യതയില്ലാതെ പോയതോടെ ആദ്യ 45 മിനിറ്റും ഗോൾരഹിതമായി അവസാനിച്ചു.

ഇടവേളയ്ക്ക് ശേഷം കൂടുതൽ ആത്മവിശ്വാസത്തോടെ ഇറങ്ങിയ ഇംഗ്ലണ്ട് 55-ാം മിനിറ്റിൽ ലീഡ് സ്വന്തമാക്കി. ഡെക്ലാൻ റൈസ് ഒരുക്കിയ നീക്കത്തിൽ മോർഗൻ റോജേഴ്സിന്റെ ക്രോസ് ആന്തണി ഗോർഡൻ അനായാസം വലയിലെത്തിച്ചതോടെ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി.

ഗോൾ വഴങ്ങിയതിന് പിന്നാലെ അർജന്റീന ആക്രമണത്തിന്റെ വേഗം കൂട്ടി. മെസ്സിയുടെ നേതൃത്വത്തിൽ തുടർച്ചയായി ഇംഗ്ലീഷ് പ്രതിരോധത്തെ സമ്മർദത്തിലാക്കിയ അർജന്റീനയ്ക്ക് പല അവസരങ്ങളും ലഭിച്ചെങ്കിലും ഗോൾകീപ്പർ ജോർദാൻ പിക്ഫോഡിന്റെ മികച്ച സേവുകൾ ഇംഗ്ലണ്ടിനെ രക്ഷിച്ചു.

എന്നാൽ മത്സരം അവസാനിക്കാൻ അഞ്ച് മിനിറ്റ് മാത്രം ശേഷിക്കെ അർജന്റീന സമനില പിടിച്ചു. മെസ്സിയുടെ മുന്നേറ്റത്തിനൊടുവിൽ ലഭിച്ച പന്ത് എൻസോ ഫെർണാണ്ടസ് ദൂരത്തുനിന്ന് തൊടുത്ത ശക്തമായ ഷോട്ട് വലയിലെത്തിച്ചതോടെ സ്കോർ 1-1.

സമനിലയുടെ ആഘാതത്തിൽ നിന്ന് കരകയറും മുമ്പേ ഇംഗ്ലണ്ടിന് മറ്റൊരു തിരിച്ചടിയും. ഇൻജുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ മെസ്സിയുടെ കൃത്യമായ ക്രോസിൽ പകരക്കാരനായ ലൗതാരോ മാർട്ടിനസ് ഉയർന്ന് നേടിയ ഹെഡർ ഇംഗ്ലീഷ് വല കുലുക്കി. ആ ഗോൾ അർജന്റീനയ്ക്ക് ഫൈനൽ ടിക്കറ്റും ഇംഗ്ലണ്ടിന് പുറത്തേക്കുള്ള വഴിയും തുറന്നു.

അവസാന വിസിലോടെ അർജന്റീനൻ താരങ്ങൾ ആഘോഷത്തിൽ മുങ്ങിയപ്പോൾ, അവസാന നിമിഷങ്ങളിൽ കൈവിട്ട വിജയം ഇംഗ്ലണ്ട് താരങ്ങളെയും ആരാധകരെയും ഒരുപോലെ നിരാശയിലാഴ്ത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img