06:21pm 29 April 2026
NEWS
മുൻശുചീകരണ തൊഴിലാളി ചൂണ്ടിക്കാട്ടിയ ഇടങ്ങളിൽ മൃതശരീരങ്ങളുണ്ടോ? ധർമ്മസ്ഥലയിൽ പിരിമുറുക്കം വർധിക്കുന്നു...
29/07/2025  11:26 AM IST
ചെറുകര സണ്ണിലൂക്കോസ്
മുൻശുചീകരണ തൊഴിലാളി ചൂണ്ടിക്കാട്ടിയ ഇടങ്ങളിൽ മൃതശരീരങ്ങളുണ്ടോ.. ധർമ്മസ്ഥലയിൽ പിരിമുറുക്കം വർധിക്കുന്നു

ബംഗളുരു : മുൻശുചീകരണ തൊഴിലാളിയെ അതിസമർത്ഥമായി ചോദ്യം ചെയ്തിട്ടും എസ്ഐടി മേധാവി പ്രണബ് മൊഹന്തിയ്ക്ക്‌ അയാളെ അവിശ്വസിക്കാനാവുന്നില്ല. ബലാത്സംഗത്തിനിരകളായി കൊല്ലപ്പെട്ട നിരവധി സ്ത്രീകളുടെയും പെൺകുട്ടികളുടെയും മൃതദേഹങ്ങൾ ധർമ്മസ്ഥല ക്ഷേത്രത്തിന്റെ സമീപ പ്രദേശത്ത് താൻ കുഴിച്ചിട്ടിട്ടുണ്ടെന്നാണ് അയാൾ ആവർത്തിച്ചത്. കുറ്റബോധം കൊണ്ട് ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ സാധിക്കുന്നില്ലെന്നും ചെയ്ത കുറ്റത്തിന് തക്കതായ ശിക്ഷ ഏറ്റുവാങ്ങിയാലെ മനസമാധാനം കിട്ടുകയുള്ളൂ എന്നുമാണ് വികാരാധീനനായി അയാൾ വിശദീകരിച്ചത്. തുടർന്നാണ് എസ് ഐ ടി അയാളെയും കൂട്ടി തെളിവെടുപ്പ് ആരംഭിച്ചത്. മുഖംമറച്ച് അഭിഭാഷകരോടൊപ്പമാണ് മൃതദേഹങ്ങൾ കുഴിച്ചിട്ട ഇടങ്ങൾ ചൂണ്ടിക്കാട്ടാനും അയാളെത്തിയത്. വനം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന്മാരും ലാൻഡ് റെക്കോർഡ് വിഭാഗത്തിലെ ജീവനക്കാരും സംഘത്തിലുണ്ടായിരുന്നു. ധർമ്മസ്ഥല ഗ്രാമത്തിലെ വനപ്രദേശത്തും നേത്രാവതി നദിയിലെ കുളിക്കടവിന് സമീപമുള്ള കുറ്റിക്കാട് നിറഞ്ഞ സ്ഥലവുമാണ് ഇന്നലെത്തെ തെളിവെടുപ്പിൽ അയാൾ ചൂണ്ടിക്കാട്ടിയത്. ഈ സ്ഥലങ്ങളെല്ലാം ജി പി എസ്സിന്റെ സഹായത്തോടെ അടയാളപ്പെടുത്തി, അക്കമിട്ട് തിരിച്ച് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഡ്രോൺ ഉപയോഗിച്ച് വിഡിയോ ചിത്രീകരിക്കുകയും ചെയ്തു. ഇന്നലെ പന്ത്രണ്ട് ഇടങ്ങളാണ് അയാൾ ചൂണ്ടിക്കാട്ടിയത്. ഇതൊക്കെയും ധർമ്മസ്ഥല പോലീസ് സ്റ്റേഷന്റെ ഒരു കിലോമീറ്റർ ചുറ്റളവിലാണ്. ഇതൊന്നും ഔദ്യോഗികമായി ശവസംസ്കാരം നടത്തുന്ന ശ്മശാനഭൂമിയല്ല. ഈ ഇടങ്ങൾ സർക്കാർ ഭൂമിയാണോ സ്വകാര്യ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുള്ളതാണോ എന്ന് തിരിച്ചറിയാനാണ് റവന്യൂ, വനംവകുപ്പ് ജീവനക്കാരെ സംഘത്തിൽ ഉൾപ്പെടുത്തിയത്. മുൻശുചീകരണ തൊഴിലാളി  ചൂണ്ടിക്കാട്ടിയ ഓരോ ഇടത്തും ഒന്നിലേറെ മൃതദേഹങ്ങൾ അടക്കം ചെയ്തിട്ടുണ്ടെന്നാണ് സൂചന. വർഷങ്ങൾ കടന്നുപോയതിനാൽ, മൃതദേഹങ്ങൾ കുഴിച്ചിട്ടിട്ടുണ്ടെങ്കിൽ അസ്ഥികൂടം മാത്രമെ അവശേഷിക്കുകയുള്ളൂ. ഇരുട്ട് പടർന്നതിനാൽ വൈകീട്ട് തെളിവെടുപ്പ് നിർത്തിവെച്ചു. മഴയുടെ ശല്യവും ഉണ്ടായിരുന്നു. തെളിവെടുപ്പ് ഇന്നും തുടരും. ധർമ്മസ്ഥലയെ ചുറ്റിപ്പറ്റിയുള്ള പിരിമുറുക്കം വർധിക്കുകയാണ്. ഇന്നും തെളിവെടുപ്പ് നടത്തിയ ശേഷം നിയമനടപടികൾ പൂർത്തിയാക്കി ആ ഇടങ്ങൾ കുഴിച്ചുനോക്കാനാണ് എസ്ഐടി തീരുമാനം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img