09:09am 24 June 2026
NEWS
മെഡിക്കൽ സ്റ്റോറിൽ നിന്നും നമ്മൾ വാങ്ങുന്നത് ഒറിജിനൽ മരുന്നാണോ?
08/08/2025  04:05 PM IST
nila
മെഡിക്കൽ സ്റ്റോറിൽ നിന്നും നമ്മൾ വാങ്ങുന്നത് ഒറിജിനൽ മരുന്നാണോ?

എന്തിനും ഏതിനും വ്യാജൻ ഇറങ്ങുന്ന കാലമാണിത്. വസ്ത്രങ്ങൾക്കും സോപ്പിനും ചിപ്പീനും എന്തിന്, ഭക്ഷണസാധനങ്ങൾക്കുപോലും ഡ്യൂപ്ലിക്കേറ്റ് വിപണിയിൽ എത്താറുണ്ട്. എന്നാൽ, ഇവയേക്കാളൊക്കെ അപകടകാരികളാ‌ണ് നമ്മുടെ മരുന്നുകൾക്കും വ്യാജൻ എത്തുന്നു എന്നത്. കഴിഞ്ഞദിവസം ഡൽഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിൽ വ്യാജ മരുന്നുകളുടെ വൻ ശേഖരമാണ് പിടികൂടിയത്. 
ഉത്തർപ്രദേശിലെ മൊറാദാബാദ്, ദിയോറിയ, ഗോരഖ്പൂർ; ഹരിയാനയിലെ പാനിപ്പത്ത്, ജിന്ദ്; ഹിമാചൽ പ്രദേശിലെ ബഡ്ഡി, സോളൻ എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിലായി വിപുലമായ ശൃംഖലയുള്ള വ്യാജമരുന്ന് റാക്കറ്റാണ് ഡൽ​ഹി പൊലീസിന്റെ പിടിയിലായത്. ഹരിയാനയിലെ ജിന്ദിലും ഹിമാചൽ പ്രദേശിലെ ബഡ്ഡിയിലുമായി പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത നിർമ്മാണ, പാക്കേജിംഗ് ഫാക്ടറികളും പൊലീസ് കണ്ടെത്തിയിരുന്നു. എന്നുവെച്ചാൽ, ഒറിജിനലിനെ വെല്ലുന്ന വ്യാജ മരുന്നുകളാണ് ഈ സംഘം നിർമ്മിച്ച് വിൽപ്പന നടത്തിയിരുന്നത്. ഈ റാക്കറ്റിന് രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വേരുകളുണ്ടെന്നും പൊലീസ് പറയുന്നു.

ജോൺസൺ & ജോൺസൺ, ജിഎസ്‌കെ, ആൽക്കെം തുടങ്ങിയ പ്രശസ്ത ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ പേരുകളിൽ വ്യാജ മരുന്നുകൾ നിർമ്മിച്ച് ഇവർ വിറ്റഴിച്ചിരുന്നു. എൻക്രിപ്റ്റ് ചെയ്ത ആപ്പുകൾ വഴി ആശയവിനിമയം നടത്തുകയും സാങ്കൽപ്പിക അക്കൗണ്ടുകളിലൂടെയും ഹവാല ചാനലുകളിലൂടെയുമായിരുന്നു പണമിടപാടുകൾ. 

 ലബോറട്ടറി പരിശോധനയിൽ മരുന്നുകൾ വ്യാജമാണെന്നുമാത്രമല്ല ഇതിൽ അടങ്ങിയിരിക്കുന്ന പല സാധനങ്ങളും ആരോഗ്യത്തിനെ ഗുരുതരമായി ബാധിക്കുന്നതാണെന്നും കണ്ടെത്തി. പിടികൂടിയ ഗ്യാംഗിന് രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വേരുകളുണ്ട് എന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. പുറത്തുവന്നത് രാജ്യം മുഴുവൻ വ്യാപിച്ചുകിടക്കുന്ന വലിയൊരു ഗ്യാംഗിന്റെ ചെറിയ കണ്ണികൾ മാത്രമാണെന്നാണ് പൊലീസ് പറയുന്നത്.

അതായത്, നമ്മുടെ നാട്ടിലും വ്യാജ മരുന്നുകൾ എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല എന്നർത്ഥം. നാം മെഡിക്കൽ സ്റ്റോറുകളിൽ നിന്നും വാങ്ങുന്ന മരുന്നുകൾ എങ്ങനെയാണ് ഒറിജിനലാണോ വ്യാജനാണോ എന്ന് എങ്ങനെ തിരിച്ചറിയും എന്ന സംശയം ഉയരുന്നില്ലേ? അതിന് ചില മാർ​ഗങ്ങളുണ്ട് എന്നാണ് വിദ​ഗ്ധർ പറയുന്നത്. 

നിങ്ങൾക്ക് കിട്ടുന്ന മരുന്നുകൾ ഒറിജിനലാണോ എന്ന് നോക്കാൻ ചില വഴികൾ ഉണ്ടെന്നാണ് ഫൈസർ ഗ്ലോബൽ സെക്യൂരിറ്റിയിലെ ഗ്ലോബൽ ഇന്റലിജൻസ് ലീഡ് ആമി കല്ലാനൻ പറയുന്നത്. എന്നാൽ ഇത് എല്ലായ്‌പ്പോഴും ശരിയാവണമെന്നില്ലെന്നും ലബോറട്ടറി പരിശോധനയിലൂടെ മാത്രമേ നൂറുശതമാനം തിരിച്ചറിയാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്. എങ്കിലും നമ്മൾ വാങ്ങുന്ന മരുന്നുകളിൽ ഒരു പ്രാഥമിക പരിശോധന നടത്താൻ നമുക്ക് കഴിയും എന്ന്തന്നെയാണ് അദ്ദേഹം പറയുന്നത്. ആ മാർ​ഗങ്ങൾ എന്തൊക്കെയെന്ന് നമുക്കൊന്ന് നോക്കാം...

മരുന്നുകളുടെ ലേബലുകൾ ശ്രദ്ധിച്ചുവായിച്ചുനോക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. അതും അതിസൂക്ഷ്മമായി ചെയ്യണം കേട്ടോ. വ്യാജമരുന്നുകളാണെങ്കിൽ അതിൽ ഉല്പന്നത്തിന്റെ പേര്, നിർമ്മാതാവിന്റെ പേര്, ചേരുവകൾ എന്നിവയിൽ അക്ഷരത്തെറ്റുകൾ ഉണ്ടാവാനുള്ള സാദ്ധ്യത കൂടുതലാണ്. അങ്ങനെ തെറ്റുകണ്ടാൽ അത് വ്യാജ മരുന്നാണെന്ന് ഉറപ്പിക്കാം. കമ്പനിയുടെ എംബ്ലത്തിലും ട്രേഡ്‌മാർക്കിലും ചെറിയ വ്യത്യാസങ്ങളും ഉണ്ടാവും.

യഥാർത്ഥ കമ്പനിയുടെ ഗുളികളുടെ ആകൃതിയിൽ വ്യത്യാസമുണ്ടാകും. യഥാർത്ഥ മരുന്നുകൾ ഫാക്ടറി നിർമ്മിതമാണെന്നതിനാൽ അവയ്ക്ക് ഒരേ രൂപമായിരിക്കും. കവർ പൊട്ടിക്കുമ്പോൾ ഗുളികളിൽ പൊട്ടലോ, കുമിളകൾ പോലുള്ളവയോ മറ്റോ കണ്ടാൽ അത് വ്യാജനാണെന്ന് ഉറപ്പിക്കാം. സിറപ്പുകളും മറ്റും വാങ്ങുമ്പോൾ സീലുകൾ ശ്രദ്ധിക്കണം. നേരത്തേ യഥാർത്ഥ മരുന്നുകൾ വാങ്ങിയിട്ടുണ്ടെങ്കിൽ ആ ബോട്ടിലുമായി തുടർന്ന് വാങ്ങുന്ന ബോട്ടുകളുടെ ആകൃതിയും നിറവും താരതമ്യം ചെയ്യുക. ഗുളികകളുടെൾപ്പെടെയുളളവയുടെ പാക്കിംഗിൽ എന്തെങ്കിലും സംശയം തോന്നിയാൽ ഫാർമസിസ്റ്റിന്റെ സഹായം തേടാവുന്നതാണ്. അവർക്ക് നിങ്ങളെ സഹായിക്കാൻ കഴിഞ്ഞേക്കും.

മരുന്നുകൾ ഓൺലൈനിൽ നിന്ന് വാങ്ങുന്നവർ ഏറെയാണ്. ഇത്തരക്കാർ പറ്റിക്കപ്പെടാനുള്ള സാദ്ധ്യതയും ഏറെയാണ്. പ്രമുഖ മരുന്നുകമ്പനികളെന്ന് തോന്നിപ്പിക്കുന്ന നിരവധി വ്യാജ സൈറ്റുകളുണ്ട്. പലരും ഇത് തിരിച്ചറിയണമെന്നില്ല. ഇത്തരം സൈറ്റുകളിൽ നിന്ന് വാങ്ങുന്ന മരുന്നുകൾ വ്യാജമായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?.

നിങ്ങൾക്ക് ഏറെ വിശ്വാസമുള്ള ഡോക്ടറുടെയും ഫാർമസിസ്റ്റിന്റെയും സേവനം പ്രയോജനപ്പെടുത്തുന്നതിലൂടെ ഒരുപരിധിവരെ വ്യാജന്മാരെ അകറ്റിനിറുത്താം. ഇനി നിങ്ങൾക്ക് കിട്ടിയ മരുന്നുകൾ വ്യാജമാണെന്ന് സംശയം തോന്നിയാൽ ഉടൻതന്നെ ആ മരുന്നിന്റെ നിർമാതാക്കളുമായി ബന്ധപ്പെടാൻ ശ്രമിക്കുക. അവർ ഉല്പാദിപ്പിക്കുന്ന ഓരോ ബാച്ച് മരുന്നുകളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അവരുടെ പക്കൽ ഉണ്ടായിരിക്കും. ഇത് പരിശോധിച്ച് മരുന്നുകൾ വ്യാജമാണോ എന്ന് അവർ നിങ്ങൾക്ക് പറഞ്ഞുതരും. വ്യാജമാണെന്ന് തിരിച്ചറിഞ്ഞുകഴിഞ്ഞാൽ ഉടൻതന്നെ അധികൃതരെ വിവരമറിയിക്കാം. 

താഴ്ന്ന, ഇടത്തരം രാജ്യങ്ങളിൽ വിൽക്കുന്ന മരുന്നുകളിൽ ഏകദേശം പത്തുമുതൽ നാൽപ്പതുശതമാനം വരെ വ്യാജമാണെന്ന് നേരത്തേ നടത്തിയ പഠനങ്ങളിൽ വ്യക്തമായിരുന്നു. എന്നാൽ ഇപ്പോൾ അതിനെക്കാൾ ഏറിയിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അമേരിക്കപോലുള്ള രാജ്യങ്ങളിൽ ഇത് വെറും ഒരു ശതമാനം മാത്രമാണ്.

ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ ലഭിക്കുന്ന മരുന്നുകളിൽ വ്യാജന്മാർ കയറാനുളള സാദ്ധ്യത ഏറെയാണെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ പറയുന്നത്. മെഡിക്കൽ സ്റ്റോറുകളിൽ നിന്നും മറ്റും ഒഴിവാക്കുന്ന കാലാവധി കഴിഞ്ഞ മരുന്നുകൾ പോലും ഉപയോഗിക്കാവുന്ന കാലാവധി തിരുത്തി എത്താറുണ്ടെന്നാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന വസ്തുത. അതുകൊണ്ട് ഇനിമുതൽ മെഡിക്കൽ സ്റ്റോറുകളിൽ പോയി മരുന്ന് വാങ്ങുമ്പോൾ വലിയ ജാ​ഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.