
1947 നുശേഷമുള്ള ഓരോ ഓഗസ്റ്റ് 15 ഉം ഇന്ത്യയുടെ മഹത്തായ ചരിത്രത്തിന്റെയും, അതിന്റെ വാഗ്ദാന പൂർണ്ണമായ ഭാവിയുടെയും ശക്തമായ ഓർമ്മപ്പെടുത്തലിന്റെ ദിനമാണ്. രാജ്യം ബ്രിട്ടീഷ് കൊളോണിയലിസത്തിൽ നിന്ന് സ്വതന്ത്രമായതായി പ്രഖ്യാപിക്കപ്പെട്ടതിന്റെ 79-ാം ഓർമ്മദിനം കടന്നുപോകുമ്പോൾ, ജനാധിപത്യവും മതേതരത്വവും സമത്വവും ശക്തമായ വെല്ലുവിളി നേരിടുന്നുവെന്നതും, അത് രാജ്യത്തിന്റെ പരമാധികാരത്തെ അപായത്തിലേക്ക് തള്ളിവിടുന്നു എന്നതും വർത്തമാന ഇന്ത്യയിലെ പച്ചയായ സത്യമാണ്.
ഭരണഘടനാസ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം അട്ടിമറിക്കപ്പെടുകയും, ജുഡീഷ്യറി, ഇലക്ഷൻ കമ്മിഷൻ തുടങ്ങിയ സ്ഥാപനങ്ങളെ ഭരണകൂടം രാഷ്ട്രീയ ഇടപെടലുകളിലൂടെയും സമ്മർദ്ദത്തിലൂടെയും വരുതിയിൽ നിർത്തുകയും ചെയ്യുമ്പോൾ, ഫലത്തിൽ സംഭവിക്കുന്നത് ജനാധിപത്യത്തിന്റെ മരണമാണ്.
മതത്തിന്റെ പേരുപറഞ്ഞ് രാജ്യത്തിന്റെ ഭരണഘടനയെ തള്ളിപ്പറയുകയും, മതസൗഹാർദ്ദത്തിനായി നിലകൊണ്ട രാഷ്ട്രനേതാക്കളെ 'രാഷ്ട്രശത്രുക്കൾ' എന്ന് നിന്ദിക്കുകയും, ഗോഡ്‌സെയെ വാഴ്ത്തുകയും അന്യമതസ്ഥരെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മാനസികാവസ്ഥയുള്ളവർ തീരുമാനിക്കുന്നതൊക്കെയും സുരക്ഷിതമായി നടപ്പാക്കാൻ കഴിയുന്ന രാജ്യമായി ഇന്ത്യ അനുദിനം മാറിക്കൊണ്ടിരിക്കുന്നു എന്നത് വളരെയേറെ ആപൽക്കരമാണ്.
ജനിച്ച മതം നോക്കി പൗരത്വം മാത്രമല്ല, രാജ്യത്തിനുവേണ്ടി എത്ര സ്തുത്യർഹമായ നേട്ടം ഉണ്ടാക്കിയവർക്കും അർഹമായ അംഗീകാരം നിഷേധിക്കുന്നു എന്നതിന്റെ പ്രതീകാത്മക സൂചകമായി ക്രിക്കറ്റ്താരം മുഹമ്മദ് സിറാജിന് സ്വന്തം രാജ്യത്തെ അംഗീകാര നിഷേധം കണക്കാക്കാം. മതത്തിന്റെ പേരിലുള്ള വിദ്വേഷപ്രസംഗത്തിന് ഇന്ത്യൻ പാർലമെന്റ് പോലും വേദിയാകുന്നു എന്നതിനും നിരവധി ഉദാഹരണങ്ങളുണ്ട്. ബി.ജെ.പി എം.പി രമേശ് ബിധുര ബി.എസ്.പി അംഗം ഡാനിഷ് അലിക്ക് നേരെ 'തീവ്രവാദി'എന്ന് നടത്തിയ പരാമർശം അതിലൊന്നുമാത്രം.
പേരുനോക്കി ഒരാളെ തീവ്രവാദിയെന്നുവിളിക്കാൻ, രാജ്യദ്രോഹി എന്ന് മുദ്രകുത്താൻ തയ്യാറാകുന്ന വർഗ്ഗീയ ആൾക്കൂട്ട മനസ്ഥിതിയിലേക്ക് ഭരണഘടനാ സ്ഥാപനങ്ങളുടെ തീരുമാനങ്ങൾ മാറിയാൽ സ്ഥിതി ഭയാനകമാകും.
ക്യാംപയിൻ ഫോർ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോംസ് എന്ന കൂട്ടായ്മ ഡൽഹിയിൽ നടത്തിയ ഒരു സെമിനാറിൽ വിരമിച്ച സുപ്രീംകോടതി ജഡ്ജിമാരായ ജസ്റ്റിസ് മദൻ ബി ലോക്കൂർ, ജസ്റ്റിസ് കുര്യൻ ജോസഫ് എന്നിവർ പറഞ്ഞത് ഞെട്ടലോടെയാണ് രാജ്യം ശ്രവിച്ചത്. ഒരു കേസ് ഏതെങ്കിലും പ്രത്യേക ബഞ്ചിനുമുന്നിലെത്തിയാൽ ഫലമെന്താകുമെന്ന് പ്രവചിക്കാൻ കഴിയാത്ത അവസ്ഥ രൂപപ്പെടുന്നതായിട്ടായിരുന്നു അവരുടെ തുറന്നുപറച്ചിൽ.
ജസ്റ്റിസ് മദൻ ബി ലോക്കൂർ അതിനൊരു ഉദാഹരണം ചൂണ്ടിക്കാട്ടുകയും ചെയ്തു. ഉമർഖാലിദിന്റെ ജാമ്യാപേക്ഷ കേസ് ഏറെക്കാലമായി ലിസ്റ്റ് ചെയ്തിരുന്നില്ല. 13 തവണ വിഷയം മാറ്റിവെച്ചു. ഒടുവിൽ ഹർജി പിൻവലിക്കാൻ ആഗ്രഹിക്കുന്നതായി അഭിഭാഷകൻ കോടതിയെ അറിയിച്ചു. കാരണം ഹർജിയുടെ ഫലമെന്തായിരിക്കുമെന്നവർക്കറിയാമായിരുന്നു. ആ കേസിന്റെ വിധി അവർക്കറിയാമായിരുന്നു.
കഴിഞ്ഞവർഷം ഡിസംബർ 8 ന് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഒരു പരിപാടിയിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖർ കുമാർ യാദവ് പ്രസംഗിച്ചത് 'ഈ രാജ്യം ഹിന്ദുസ്ഥാൻ ആണെന്നുപറയാൻ തനിക്ക് ഒരു ശങ്കയുമില്ല. ഇവിടെ ജീവിക്കുന്ന ഭൂരിപക്ഷത്തിന്റെ ഇംഗിതം അനുസരിച്ചാണ് രാജ്യം ചലിക്കുക. കുടുംബത്തിന്റെയും സമൂഹത്തിന്റെയും കാര്യമായാലും ഭൂരിപക്ഷ സന്തോഷമാണ് പരിഗണിക്കപ്പെടുക. കഠ്മുല്ലകൾ(മുസ്ലീങ്ങളെ പരിഹസിക്കുന്ന പ്രയോഗം) ഈ രാജ്യത്തിന് അപകടകരമാണ്. അവർ രാജ്യത്തിനും ജനങ്ങൾക്കും ഉപദ്രവകരമാണ്. രാജ്യത്തിന്റെ പുരോഗതി ആഗ്രഹിക്കാത്ത ഇത്തരം ആളുകളെ കരുതിയിരിക്കണം.' ഇതായിരുന്നു ആ പ്രസംഗം.
ഈ ജഡ്ജിയെ 2024 ഡിസംബർ 17 ന് തന്നെ സുപ്രീംകോടതി കൊളീജിയം വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. കൊളീജിയം ആവശ്യപ്പെട്ടത് പരസ്യമായി ക്ഷമാപണം നടത്തണമെന്നാണ്. എന്നാൽ ജസ്റ്റിസ് ശേഖർകുമാർ യാദവ് ക്ഷമാപണം നടത്താൻ തയ്യാറായില്ല. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആഭ്യന്തര നടപടികൾക്ക് തുടക്കം കുറിച്ചു. വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റിന്റെ ഇരുസഭകളിലും നോട്ടീസും നൽകിയിരുന്നു. എന്നാൽ താൻ ജുഡീഷ്യൽ പെരുമാറ്റത്തിന്റെ ഒരു തത്വവും ലംഘിച്ചിട്ടില്ലെന്നും, അതിനാൽ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും ചൂണ്ടിക്കാട്ടി വിവാദ ഹൈക്കോടതി ജഡ്ജി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയയ്ക്കാനും ധൈര്യം കാണിച്ചു. പിന്നാലെ ജഡ്ജിമാർക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം രാജ്യസഭാ ചെയർമാനും പാർലമെന്റിനും രാഷ്ട്രപതിക്കും മാത്രമേയുള്ളൂ എന്ന് വ്യക്തമാക്കി രാജ്യസഭാധ്യക്ഷൻ ജഗദീപ് ധൻകറുടെ നിർദ്ദേശപ്രകാരം രാജ്യസഭാ സെക്രട്ടറിയേറ്റ് ഇക്കഴിഞ്ഞ മാർച്ചിൽ സുപ്രീംകോടതിക്ക് കത്തുനൽകിയതോടെ ജസ്റ്റിസ് ശേഖർകുമാർ യാദവ് മാപ്പുപറയാതെ, ഒരു നടപടിയും കൂടാതെ യാതൊരു കുറ്റബോധവുമില്ലാതെ പദിവിയിൽ തുടരുകയാണ്.
കൽക്കട്ട ഹൈക്കോടതിയിൽ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനും മമതാബാനർജിക്കും എതിരായി ഏറ്റവും തലവേദന സൃഷ്ടിക്കുന്ന ജഡ്ജിയായിരുന്നു ജസ്റ്റിസ് അഭിജിത് ഗാംഗുലി. ആ നിലയ്ക്ക് അദ്ദേഹത്തിന്റെ വിധികൾ പക്ഷപാതപരമാണ് എന്ന് വിമർശനം ഉയർന്നിരുന്നു. വിരമിക്കാൻ 3 മാസം ബാക്കി നിൽക്കേ 2024 ലെ ലോക്‌സഭാ ഇലക്ഷന് തൊട്ടുമുമ്പ് ജഡ്ജി ഉദ്യോഗം രാജിവച്ച് അദ്ദേഹം ബി.ജെ.പിയിൽ ചേർന്ന് രാഷ്ട്രീയത്തിനിറങ്ങി. താംലുക് ലോകസഭാ മണ്ഡലത്തിൽ മത്സരിച്ച് ബി.ജെ.പിയുടെ എം.പിയാകുകയും ചെയ്തു.
മധ്യപ്രദേശിൽ ഹൈക്കോടതി ജഡ്ജിയായിരുന്ന രോഹിത് ആര്യ 2024 ഏപ്രിലിൽ വിരമിച്ച് മൂന്നുമാസങ്ങൾക്കുശേഷം ബി.ജെ.പിയിൽ ചേർന്നു. തുടർന്ന് ബി.ജെ.പി ഇദ്ദേഹത്തെ 'ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ്' എന്ന കമ്മിറ്റിയുടെ കോ-ഓർഡിനേറ്ററായി നിയമിച്ചു. ഹാസ്യനടന്മാരായ മുനവർ ഫാറൂഖി, നളിൻ യാദവ് എന്നിവർ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഇവർക്ക് ജാമ്യം നിഷേധിച്ചത് ഇദ്ദേഹം ജഡ്ജിയായിരിക്കുമ്പോഴാണ്. ലൈംഗികാതിക്രമക്കേസ്സിൽ അറസ്റ്റിലായ ഒരാൾക്ക് ജസ്റ്റിസ് ആര്യ ജാമ്യം അനുവദിച്ചത് രക്ഷാബന്ധൻ ദിനത്തിൽ പ്രതി സ്ത്രീയുടെ കയ്യിൽ രക്ഷാബന്ധൻ കെട്ടി ഒരു പെട്ടിമധുരപലഹാരം വിതരണം നൽകണം എന്ന വ്യവസ്ഥയോടെയായിരുന്നു. ഈ വ്യവസ്ഥകളെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി പിന്നീട് ഉത്തരവ് റദ്ദാക്കി.
രാജ്യം ഭരിക്കുന്ന ബി.ജെ.പിയുടെ വനിതാവിഭാഗം ജനറൽ സെക്രട്ടറിയായിരുന്നു 2023 ആദ്യംവരെയും അഡ്വ. വിക്‌ടോറിയ ഗൗരി. വ്യത്യസ്ത സന്ദർഭങ്ങളിൽ മുസ്ലീങ്ങൾക്കും ക്രൈസ്തവർക്കുമെതിരായ വിദ്വേഷപ്രസ്താവനകളിലൂടെയവർ വിവാദങ്ങളുയർത്തിയിരുന്നു. അവയെല്ലാം പകൽ പോലെ വ്യക്തവും ആർക്കും ലഭ്യമാകുന്ന വിവരണങ്ങളുമായിരുന്നു. എന്നിട്ടും അഡ്വ. വിക്‌ടോറിയ ഗൗരിയെ ജഡ്ജിയായി നിശ്ചയിക്കാനുള്ള മദ്രാസ് ഹൈക്കോടതിയുടെ ശുപാർശ സുപ്രീംകോടതി കൊളീജിയം അംഗീകരിച്ചത് എല്ലാവരേയും അമ്പരപ്പിച്ചിരുന്നു. അവരെ മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയാക്കിയതിനെതിരായ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം പൂർണ്ണമാകുന്നതിന് മുമ്പ് ചെന്നൈയിൽ അവരുടെ സ്ഥാനാരോഹണം പൂർണ്ണമായി എന്നത് നീതിന്യായ നടപടിക്രമങ്ങളെ പരിഹാസ്യമാക്കുകയുണ്ടായി.
സുപ്രീംകോടതിയിൽ നിന്നു വിരമിച്ച ജഡ്ജിമാരിൽ മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി മാസങ്ങൾക്കുള്ളിൽ ബി.ജെ.പിയുടെ രാജ്യസഭാംഗമായി. സുപ്രീംകോടതി ജഡ്ജിയായിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഏറ്റവും അധികം പുകഴ്ത്തിയാണ് ജസ്റ്റിസ് അരുൺകുമാർ മിശ്ര വിധേയത്വം പ്രകടിപ്പിച്ചത്. 2020 സെപ്റ്റംബറിൽ വിരമിച്ചു. 2021 ജൂണിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാനായി ചുമതലയേറ്റു. 2024 ജൂൺ 1 വരെയായിരുന്നു കാലാവധി. അതുകഴിഞ്ഞപ്പോൾ ബി.ബി.സി.ഐയുടെ ഓംബുഡ്‌സ്മാനും എത്തിക്‌സ് ഓഫീസറുമായി നിയമിച്ചു.
2015-16 ൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന അശോക് ഭൂഷൺ 2016 മുതൽ 2021 ജൂലൈ വരെ സുപ്രീംകോടതി ജഡ്ജിയായിരുന്നു. അതേവർഷം ഒക്‌ടോബറിൽ അദ്ദേഹത്തെ നാലുവർഷം കാലാവധിയുള്ള നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ചെയർമാനായി കേന്ദ്ര സർക്കാർ നിയമിച്ചു. 2019 നവംബറിൽ ജസ്റ്റിസ് അശോക്ഭൂഷൺ ഉൾപ്പെട്ട ഭരണഘടനാ ബഞ്ചാണ് അയോധ്യകേസിൽ അന്തിമവിധി പുറപ്പെടുവിച്ചത്. 2024 ൽ നടന്ന അയോധ്യയിലെ രാമക്ഷേത്രപ്രതിഷ്ഠാച്ചടങ്ങിൽ ഇദ്ദേഹവും പങ്കെടുത്തു.
മുസ്ലീം നാമധാരിയാണെങ്കിലും കേന്ദ്ര ബി.ജെ.പി സർക്കാരുമായി ഊഷ്മളമായ ബന്ധം പുലർത്തിയിരുന്ന സുപ്രീംകോടതി ജഡ്ജി പദവിയിൽ നിന്ന് 2023 ജനുവരി 4 ന് വിരമിച്ച ജസ്റ്റിസ് അബ്ദുൾ നസീർ വിരമിച്ചതിനുതൊട്ടുപിന്നാലെ 2023 ഫെബ്രുവരി 12 ന് ആന്ധ്രപ്രദേശിൽ ഗവർണറായി മോദി സർക്കാർ നിയമിച്ചു. ഇപ്പോൾ ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്കും ഇദ്ദേഹത്തിന്റെ പേര് ഗൗരവമായി പരിഗണിക്കുന്നുണ്ട്. തർക്കസ്ഥലത്ത് രാമക്ഷേത്രം പണിയാൻ അനുമതി നൽകിയ വിധി പറഞ്ഞ സുപ്രീംകോടതി ബഞ്ചിലും, നോട്ട് നിരോധനം ശരിവച്ച ബഞ്ചിലും അബ്ദുൾ നസീറുണ്ടായിരുന്നു. രാമക്ഷേത്ര വിധി പുറപ്പെടുവിച്ച ദിവസം രാത്രി അന്നത്തെ ചീഫ് ജസ്റ്റിസ് ഗൊഗോയി അഞ്ച് ജഡ്ജിമാർക്ക് ഡെൽഹിയിലെ നക്ഷത്രഹോട്ടലിൽ നടത്തിയ അത്താഴ വിരുന്നിലും അബ്ദുൾ നസീർ പങ്കെടുത്തിരുന്നു.
സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ഖാൻവിൽകർ 2022 ജൂലൈയിലാണ് വിരമിച്ചത്. 2002 ലെ ഗുജറാത്ത് വംശഹത്യ കേസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീൻചിറ്റ് നൽകിയതിനെതിരെ സമർപ്പിക്കപ്പെട്ടിരുന്ന ഹർജി, പുനരന്വേഷണം ആവശ്യമില്ലെന്ന വിധിയോടെ തള്ളിയത് ജസ്റ്റിസ് ഖാൻവിൽകർ അധ്യക്ഷനായ ബഞ്ചാണ്. കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടേറ്റ്‌സ്(ഇ.ഡി) വിപുല അധികാരം നൽകിയത് ശരിവയ്ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ അവസാനവിധി ന്യായങ്ങളിലൊന്ന്.
ആധാർ നിയമത്തിന്റെ ഭരണഘടനാ സാധുത ശരിവച്ച ബഞ്ച് ഭീമകൊറെഗാവ് കേസിലെ അറസ്റ്റുമായി ബന്ധപ്പെട്ട് സ്വതന്ത്രമായ പ്രത്യേക അന്വേഷണം വേണമെന്ന ഹർജി തള്ളിയ ബഞ്ചുകളിലും ജസ്റ്റിസ് ഖാൻവിൽകർ ഉണ്ടായിരുന്നു. വിരമിച്ച് ഒന്നരവർഷത്തിനകം ഇദ്ദേഹത്തെ മോദി സർക്കാർ അഴിമതി പ്രതിരോധ സംവിധാനമായ ലോക്പാലിന്റെ അധ്യക്ഷപദവിയിൽ നിയമിച്ചു.
ഗ്യാൻവാപി മസ്ജിദിൽ പൂജയ്ക്ക് അനുമതി നൽകിയ വാരണാസി ജില്ല കോടതി ജഡ്ജി ജസ്റ്റിസ് അജയകൃഷ്ണ വിശ്വേശയെ വിരമിച്ചതിന് തൊട്ടുപിന്നാലെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചെയർപേഴ്‌സണായ സർക്കാർ സർവ്വകലാശാലയുടെ ഓംബുഡ്‌സ്മാനാക്കി നിയമിച്ചു. ബാബറി മസ്ജിദ് കേസിൽ 2020 സെപ്റ്റംബറിൽ എൽ.കെ. അദ്വാനി, ജോഷി, ഉമാഭാരതി, കല്യാൺസിംഗ് തുടങ്ങി 32 പ്രതികളെ വെറുതെവിട്ട് സി.ബി.ഐ പ്രത്യേകകോടതി ജഡ്ജി സുരേന്ദ്രകുമാർ യാദവിനെ വിരമിച്ചതിനുപിന്നാലെ 2021 ഏപ്രിലിൽ യു.പി സർക്കാർ ഡെപ്യൂട്ടി ലോകായുക്തയായി നിയമിച്ചിരുന്നു.
ഭരണനിർവ്വഹണ വിഭാഗമായ സർക്കാരും(എക്‌സിക്യൂട്ടീവ്), അതിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ കക്ഷികളുമായി പരസ്പരം സ്വാധീനിക്കപ്പെട്ടുകൂടായെന്നത് ഒരു ലിഖിത നിയമം എന്നതിനേക്കാൾ രാജ്യം ധാർമ്മികമായി കാത്തുസൂക്ഷിച്ചുപോന്ന ഒരു കീഴ്‌വഴക്കമായിരുന്നു. ഇരുവിഭാഗങ്ങളും തമ്മിൽ അകലം പാലിക്കുന്ന കീഴ്‌വഴക്കവും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും വിശ്വാസ്യതയും നിലനിർത്തുന്നതിലല്ല, ഭരണകൂടത്തിന്റെ അജണ്ടകളും താൽപ്പര്യങ്ങളും ജുഡീഷ്യറിയെ കൊണ്ട് നടത്തിയെടുക്കുന്നതിലാണ് കേന്ദ്ര സർക്കാരിന്റെ താൽപ്പര്യം. അതിന് ബി.ജെ.പി സർക്കാർ ഏതറ്റം വരെയും പോകും എന്നുതെളിയിക്കുന്ന ഉദാഹരണങ്ങളിൽ ചിലതാണ് ഇവിടെ സൂചിപ്പിച്ചത്.
ഫലത്തിൽ അധികാര രാഷ്ട്രീയം കയ്യാളുന്നവരുടെ മതതാൽപ്പര്യങ്ങൾക്കും രാഷ്ട്രീയ താൽപ്പര്യത്തിനും അനുസൃതമായി പലവിധികളും അടുത്തകാലത്ത് രാജ്യത്ത് ഉണ്ടാകുന്നു എന്നത് നീതി ഇല്ലാതാകുന്നുവെന്നും വിയോജിക്കുന്നവർക്ക് ഇടമില്ലാതാകുന്നുവെന്നുമുള്ള ജുഡീഷ്യറിയുടെ മേലുള്ള വിശ്വാസത്തകർച്ചയ്ക്ക് കാരണമായിട്ടുണ്ട്.
2008 ലെ മാലേഗാവ് സ്‌ഫോടന കേസിൽ ബി.ജെ.പി മുൻ എം.പിയും സന്യാസിനിയുമായ പ്രജ്ഞാസിംഗ് ഠാകൂർ, ലെഫ്. കേണൽ പ്രസാദ് പുരോഹിത് എന്നിവരടക്കം ഏഴുപ്രതികളേയും എൻ.ഐ.എ പ്രത്യേക കോടതി ഈയിടെ വെറുതെവിട്ടു. ഗുഢാലോചന സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഉത്തരവ്.
2008 സെപ്റ്റംബർ 29 ന് നടന്ന സംഭവം. 17 വർഷത്തെ നിയമവ്യവഹാരത്തിനുശേഷം 2025 ജൂലൈ 31 നാണ് എല്ലാപ്രതികളേയും കുറ്റവിമുക്തരാക്കുന്ന വിധി. 323 സാക്ഷികളെ വിസ്തരിച്ചു. അതിൽ 37 പേർ പേർ പ്രതികൾക്കനുകൂലമായി കൂറുമാറി.
സ്‌ഫോടനമുണ്ടായെന്നും ആറുപേർ കൊല്ലപ്പെട്ടെന്നും കോടതിക്കും സംശയമൊന്നുമില്ല. സ്‌ഫോടനം നടത്തിയ കുറ്റവാളികളെ തെളിവുകളോടെ കണ്ടെത്താനും, കോടതിയിൽ അതുതെളിയിക്കാനും ഉത്തരവാദപ്പെട്ട പ്രോസിക്യൂഷൻ സർക്കാർ അനുകൂല രാഷ്ട്രീയം കൊണ്ട് ആ ചുമതല കൃത്യമായി നിർവ്വഹിച്ചിരിക്കുന്നതും നീതികേടും അട്ടിമറിയുമാണ്.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ രാഷ്ട്രീയ പൊയ്മുഖം
2019 ലെ ലോക്‌സഭാ ഇലക്ഷനിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനം രാജിവച്ചുകൊണ്ട് രാഹുൽഗാന്ധി എഴുതിയ കത്തിന് ദൂരവ്യാപകമായ വ്യാപ്തിയുണ്ടെന്ന് അന്നേ വ്യക്തമാക്കിയിരുന്നു. 'സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് രാജ്യത്തെ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയ്ക്ക് ആവശ്യമാണ്. നിഷ്പക്ഷവും വസ്തുനിഷ്ഠവുമായ പ്രവർത്തനം മുൻനിർത്തിയുള്ള സുതാര്യമായ തെരഞ്ഞെടുപ്പു കമ്മീഷൻ എന്നിവയൊക്കെ നീതിപൂർവ്വകമായ തെരഞ്ഞെടുപ്പിന് അനിവാര്യമാണ്. സാമ്പത്തിക സ്രോതസ്സുകൾക്കുമേൽ ഒരു പാർട്ടി സമ്പൂർണ്ണ കുത്തക സ്ഥാപിച്ച അവസ്ഥയിൽ തെരഞ്ഞെടുപ്പ് സ്വതന്ത്രമായിരിക്കുകയില്ല. രാജ്യത്തിന്റെ ഭരണഘടനാസ്ഥാപനങ്ങളെ കൈപ്പിടിയിലൊതുക്കുകയെന്ന ആർ.എസ്.എസ് ന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ പൂർത്തീകരിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ ജനാധിപത്യം മൗലികമായി ദുർബലമായിരിക്കുന്നു. ഇനിയങ്ങോട്ടുള്ള പ്രധാന അപകടം, ഇന്ത്യയുടെ ഭാവി നിർണ്ണായകം എന്നതിൽ നിന്ന് തെരഞ്ഞെടുപ്പുകൾ കേവലം ചടങ്ങുമാത്രമായി ഒതുങ്ങുമെന്നതാണ്. രാജ്യം അതിന്റെ സ്ഥാപനസംവിധാനങ്ങളെ വീണ്ടെടുക്കാനും പുനരുജ്ജീവിപ്പിക്കാനും ഒന്നിച്ചുനിൽക്കേണ്ട സന്ദർഭമാണിത്. പുനരുജ്ജീവനത്തിന്റെ ഉപാധി കോൺഗ്രസ് പാർട്ടിയാണ്.'
രാഹുൽഗാന്ധി 2019 ൽ തന്റെ രാജിക്കത്തിൽ ചൂണ്ടിക്കാട്ടിയ ഇലക്ഷൻ കമ്മീഷന്റെ ഭരണകക്ഷി വിധേയത്വം 2024 ഇലക്ഷനിൽ എത്രത്തോളം അട്ടിമറികൾക്കിടയാക്കിയെന്ന് സസൂക്ഷ്മം പഠിച്ച് മനസ്സിലാക്കാനുള്ള രാഹുലിന്റെ ശ്രമത്തെ പരിഹസിച്ചവരുണ്ട്. ഇലക്ഷൻ കമ്മീഷനെതിരായ വിമർശനങ്ങളെ അപക്വമെന്നാക്ഷേപിച്ചവരുണ്ട്. എന്നാൽ ഇലക്ഷൻ കമ്മീഷന്റെ വിശ്വാസ്യതയും നിഷ്പക്ഷതയും രാഹുൽഗാന്ധി നിരത്തുന്ന തെളിവുകൾക്ക് മുമ്പിൽ സംശയത്തിന്റെ നിഴലിലായിരിക്കുന്നു എന്നതിൽ തർക്കമില്ല.
വോട്ടർപട്ടിക പരിഷ്‌ക്കരിക്കുന്നതിന് ബീഹാറിൽ നടക്കുന്ന പ്രക്രിയ(സ്‌പെഷ്യൽ) ഇന്റൻസീവ് റിവിഷൻ(എസ്.ഐ.ആർ) പിൻവാതിലിലൂടെ പൗരത്വനിയമം നടപ്പാക്കുന്നതിനുള്ള തുടക്കമാണെന്നു തുറന്നുകാട്ടുന്നതിൽ ഇൻഡ്യൻ സഖ്യം വിജയിച്ചിട്ടുണ്ട്. എട്ട് കോടിയിൽപ്പരം വോട്ടർമാരുള്ള ബീഹാറിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ തുടങ്ങിവച്ച പ്രത്യേക തീവ്ര പുനഃപരിശോധന(എസ്.ഐ.ആർ) ഏതാണ്ട് 3 കോടിയോളം സമ്മതിദായകരുടെ വോട്ടവകാശം നഷ്ടപ്പെടുത്തുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. വോട്ടർ പട്ടികയിൽ നിന്ന് കുറേയധികം ആളുകളെ ഒഴിവാക്കാൻ ഇലക്ഷൻ കമ്മിഷൻ വാശിയെടുക്കുന്നതിന് പിന്നിലെ രാഷ്ട്രീയലക്ഷ്യം ഇനിയും തെളിഞ്ഞുവരേണ്ടതുണ്ട്.
എന്നാൽ 2024 ലെ ലോക്‌സഭാ ഇലക്ഷനിലും, പിന്നീട് നടന്ന നിയമസഭാ ഇലക്ഷനുകളിലും കേന്ദ്രഭരണ കക്ഷിയായ ബി.ജെ.പിക്കനുകൂലമായി തെരഞ്ഞെടുപ്പ് കമ്മീഷൻ കൃത്രിമം കാട്ടിയെന്ന വിമർശനം പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നിരന്തരം ഉന്നയിച്ചുകൊണ്ടേയിരുന്നു. അത് തെളിയിക്കാൻ ഇലക്ഷൻ കമ്മിഷൻ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
2025 ഓഗസ്റ്റ് 7 ന് ന്യൂഡെൽഹിയിൽ, രാഹുൽഗാന്ധി നടത്തിയ വാർത്താ സമ്മേളനത്തിൽ 2024 ലെ പൊതുതെരഞ്ഞെടുപ്പുഫലം ബി.ജെ.പിക്കനുകൂലമാക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ 'വോട്ട് ക്രമക്കേട്' നടത്തിയെന്ന തന്റെ ആരോപണം തെളിയിക്കുന്നതിനുള്ള നിരവധി തെളിവുകളും കണക്കും പുറത്തുവിട്ടത് ബി.ജെ.പിയേയും ഇലക്ഷനേയും അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുക തന്നെ ചെയ്തു. വോട്ടുക്രമക്കേടിലൂടെ 33000 വോട്ടുകൾക്ക് താഴെ ഭൂരിപക്ഷത്തിന് ബി.ജെ.പി ജയിച്ച 25 മണ്ഡലങ്ങളുണ്ടെന്നും ഇതില്ലായിരുന്നെങ്കിൽ മോദിക്ക് ഭരണം നഷ്ടപ്പെടുമായിരുന്നുവെന്നും നിരവധി തെളിവുകൾ നിരത്തിയും ഉദാഹരണങ്ങൾ നിരത്തിയും രാഹുൽഗാന്ധി സമർത്ഥിച്ചു. മറ്റാരോപണങ്ങൾ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു കോടി പുതിയ വോട്ടർമാരെ ചേർത്തു. മഹാരാഷ്ട്രയിൽ 5 മണിക്ക് 58.22% ആയിരുന്ന വോട്ടിംഗ് ശതമാനം രാത്രിയോടെ 66.05% ആയി, അതായത് 76 ലക്ഷം വോട്ടുകൾ. മഹാരാഷ്ട്രയിൽ മൊത്തം 40 ലക്ഷം വ്യാജവോട്ടർമാർ ഉണ്ടായിരുന്നു. ബാംഗ്ലൂർ സെൻട്രലിലെ മഹാദേവപുരയിൽ 6.5 ലക്ഷം വോട്ടുകളിൽ 1 ലക്ഷം വ്യാജ വോട്ടുകൾ. അവിടെ 11965 വോട്ടർമാർ ഇരട്ട രജിസ്‌ട്രേഷൻ ചെയ്തു. 40,009 വ്യാജ വിലാസങ്ങളുണ്ടിവിടെ, 33692 പുതിയ വോട്ടർ രജിസ്‌ട്രേഷനുകൾക്ക് ഫോം ദുരുപയോഗം ചെയ്തു.
30 അംഗ സംഘത്തെ നിയോഗിച്ച് തിരഞ്ഞെടുപ്പു കമ്മീഷന്റെ തന്നെ രേഖകളിലും മണ്ഡലത്തിൽ നേരിട്ടും 6 മാസത്തോളം നടത്തിയ പരിശോധനയിലൂടെ ക്രമക്കേടുകൾ കണ്ടെത്തിയെന്നു പറയുമ്പോൾ താൻ ഉന്നയിക്കുന്ന കാര്യങ്ങളിൽ രാഹുൽഗാന്ധി നടത്തുന്ന ഗൃഹപാഠം സാർവ്വത്രികമായി അംഗീകരിക്കപ്പെട്ടു. ആരോപണങ്ങൾ തെളിമയോടെ വ്യക്തമായി അവതരിപ്പിക്കുന്നതിനും രാഹുൽഗാന്ധിക്ക് സാധിച്ചിട്ടുണ്ട്.