06:39pm 18 April 2026
NEWS
സർക്കാർജീവനക്കാർ മിക്കവരും കൈക്കൂലിക്കാരോ? കർണാടക ലോകായുക്ത പുറത്തുകൊണ്ടുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
07/03/2026  11:49 AM IST
വിഷ്ണുമംഗലം കുമാർ
സർക്കാർജീവനക്കാർ മിക്കവരും കൈക്കൂലിക്കാരോ..  കർണാടക ലോകായുക്ത പുറത്തുകൊണ്ടുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

കർണാടകത്തിലെ സർക്കാർ ഉദ്യോഗസ്ഥർ- താഴ്ന്ന തസ്തികയിൽ ജോലി ചെയ്യുന്നവർ പോലും അഴിമതി നടത്തുന്നവരും കൈക്കൂലി വാങ്ങുന്നവരുമാണെന്ന കാര്യം പുറത്തുവരുന്നത് ലോകായുക്ത പോലീസ് റെയ്ഡും അനധികൃത സ്വത്ത്‌ പിടിച്ചെടുക്കലും നടക്കുമ്പോഴാണ്. നമ്മുടെ വ്യവസ്ഥിതി ഇപ്പോഴും വല്ലാതെ ജീർണ്ണിച്ചിരിക്കുന്നു എന്നാണ് പുറത്തുവരുന്ന വസ്തുതകൾ വ്യക്തമാക്കുന്നത്. കർണാടകത്തിലെ സർക്കാർ ഉദ്യോഗസ്ഥരിൽ മിക്കവരും കള്ളന്മാരാണെന്നാണ് ലോകായുക്ത പോലീസ് പുറത്തുവിടുന്ന വിവരങ്ങളിൽ നിന്ന് വായിച്ചെടുക്കാനാവുന്നത്. ബംഗളുരു, മൈസൂരു, ഹാസൻ, മന്ധ്യ, ഗഡഗ്, യാദ്ഗിരി, ഹുബ്ബള്ളി, വിജയപുര, ബാഗൽഗോഡ് ജില്ലകളിലെ നിരവധി സർക്കാർ ഉദ്യോഗസ്ഥരുടെ വസതികളും ഓഫീസുകളും കഴിഞ്ഞ ദിവസം ലോകായുക്ത പോലീസ് റെയ്ഡ് ചെയ്തിരുന്നു. കോടിക്കണക്കിന് രൂപ വില മതിക്കുന്ന അനധികൃത ഭൂസ്വത്തിന്റെ രേഖകളും ആഭരണങ്ങളും പണവുമാണ് റെയ്ഡിൽ പിടിച്ചെടുത്തത്. പലരും അറസ്റ്റിലാവുകയും ചെയ്തു. പല ഉദ്യോഗസ്ഥർക്കും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വീടുകളും പ്ലോട്ടുകളും ഉള്ളതായി കണ്ടെത്തിയിരുന്നു. മൈസൂരു സിറ്റി വാട്ടർ സപ്ലൈ ആൻഡ്‌ സീവറേജ് ബോർഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ആസിഫ് ഇക്ബാൽ ഖലീൽ, ഹാസൻ മഹാനഗര പാലികെയിലെ അസിസ്റ്റന്റ് എഞ്ചിനീയർ സത്യനാരായണ, യാദ്ഗിരി ജെസ്കോമിലെ എഞ്ചിനീയർ വീരേഷ് ഹിരേമത്, മന്ധ്യ പിഡബ്ലിയുഡിയിലെ അസിസ്റ്റന്റ് എഞ്ചിനീയർ എസ്‌ സതീഷ്, ബംഗളുരു യെലഹങ്കയിലെ കർഷക സേവാ സഹകരണ സംഘത്തിന്റെ സി ഇ ഓ  ആർ ശശിധർ, ഹെബ്ബാൾ വെറ്റിനറി കോളജ് അസിസ്റ്റന്റ് പ്രൊഫസർ എച്ച് സി ഇന്ദ്രേഷ് തുടങ്ങിയവരാണ് പിടിയിലായത്. ഹാസനിലെ സത്യനാരായണ ലോകായുക്ത പോലീസിനെ കണ്ട് ഭയന്ന് വാതിലുകളടച്ച് അകത്തിരുന്നു. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിന് ശേഷമാണ് സംഘത്തിന് അകത്ത് പ്രവേശിക്കനായത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img