
വിജ്ഞാനവും വിനോദവുമെല്ലാം ഇന്നു വിരൽത്തുമ്പിലാണ്. യുവതലമുറയെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതം തന്നെ തളച്ചിടപ്പെട്ടിരിക്കുന്നത് വിവരസാങ്കേതികവിദ്യയുടെ ലോകത്താണ്. തീർച്ചയായും ഇതു നല്ലതുതന്നെയാണ്. വിദ്യാഭ്യാസവും തൊഴിലും എല്ലാം ഇതിനെ ആശ്രയിച്ചാണ്. അതായത് യുവത്വത്തിന്റെ അറിവിന്റെ ലോകം തന്നെ 'ഡിജിറ്റലൈസ്' ചെയ്യപ്പെട്ടിരിക്കുന്നു എന്നുസാരം. മാറുന്ന ലോകത്ത് ഇതു മെച്ചമാണ് എന്നുമാത്രമല്ല അനിവാര്യമാണെന്നും പറയാം. എന്നാൽ അറിവിന്റെ ലോകത്തു പുതിയ മേച്ചിൽപ്പുറങ്ങൾ തേടുന്ന നമ്മുടെ യുവതലമുറ തിരിച്ചറിവിന്റെ കാര്യത്തിൽ വലിയ തിരിച്ചടികൾ നേരിടുന്നുണ്ടോ? അതീവ ഗൗരവപൂർവ്വം ചിന്തിക്കേണ്ട ഒരു വിഷയമാണിത്.
കാരണം കേരളത്തിൽ യുവതലമുറയ്ക്കിടയിൽ എയ്ഡ്‌സ് രോഗികളുടെ എണ്ണം ഭയാനകമാം വിധം വർദ്ധിക്കുന്നു എന്നാണ് സമീപകാല കണക്കുകൾ വെളിവാക്കുന്നത്. യുവതലമുറ എന്നു പറയുമ്പോൾ പതിനഞ്ചുവയസ്സുമുതലുള്ള കുട്ടികളും അതിൽ ഉൾപ്പെടുന്നു എന്നതാണ് നമ്മെ അമ്പരപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതും.
കേരളാ സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി പ്രോജക്ട് ഡയറക്ടർ ഡോ. പീയൂഷ് എം നമ്പൂതിരിപ്പാട് പങ്കുവച്ച വിവരങ്ങൾ ഭാവി കേരളം അനുഭവിക്കാനിടയുള്ള വലിയ ദുരന്തത്തിലേക്കു വിരൽ ചൂണ്ടുന്നു. കേരളാ എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി ഒക്കെ വലിയ രീതിയിലുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തിയിട്ടും പുതിയ തലമുറയിലെ കുട്ടികൾ എന്തുകൊണ്ട് ഈ ദുരന്തപാതയിൽ എത്തപ്പെടുന്നു എന്നത് ഉറക്കെച്ചിന്തിക്കേണ്ട വിഷയമാണ്. ഡോ. പീയൂഷിന്റെ ഭാഷയിൽ പറഞ്ഞാൽ അക്കാദമിക്കായി മാത്രം അല്ല ഈ രോഗവളർച്ചയുടെ കണക്കുകളെ നോക്കിക്കാണേണ്ടത്. മാനവികമായ ഒരു വീക്ഷണകോണിൽ കൂടിയാണ്.
തിരുവനന്തപുരത്തുള്ള പ്രവീൺ (പേര് യഥാർത്ഥമല്ല) എന്ന വിദ്യാർത്ഥിയുടെ അനുഭവം വളരുന്ന തലമുറയ്ക്ക് വലിയൊരു പാഠമാണ്. പതിനെട്ടു വയസ്സു കഴിഞ്ഞതേയുള്ളൂ ഈ വിദ്യാർത്ഥിക്ക്. മാതാപിതാക്കളും സഹോദരിയും അടങ്ങുന്ന ഭേദപ്പെട്ട കുടുംബം. പ്രവീൺ ഇന്ന് എയ്ഡ്‌സ് രോഗിയാണ്. കൂട്ടുകാരുമൊത്തു നടത്തിയ ഒരു വഴിവിട്ട വിനോദം സമ്മാനിച്ച ജന്മദുരന്തം. അതെ, പ്രവീണിനെ സംബന്ധിച്ചിടത്തോളം ഇതു ജന്മദുരന്തം തന്നെയാണ്. കാരണം, ഈ രോഗത്തിൽ നിന്നു മോചനമില്ല. മരുന്നുകൾ കൊണ്ടു നിയന്ത്രിക്കാമെന്നല്ലാതെ ഒരിക്കലും പൂർണ്ണമായി മാറ്റാൻ കഴിയാത്ത മാരകരോഗമാണല്ലോ എയ്ഡ്‌സ്. എയ്ഡ്‌സ് പകരാതിരിക്കണമെങ്കിൽ വീട്ടുകാരും അതെക്കുറിച്ചു ബോധവാന്മാരാകേണ്ടതുണ്ട്. പക്ഷെ പ്രവീൺ കരഞ്ഞപേക്ഷിക്കുന്നത് ഇതു തന്റെ വീട്ടുകാരെ അറിയിക്കരുതേ എന്നുമാത്രമാണ്. കാരണം സഹോദരിയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. ഈ വിവരം പുറത്തായാൽ ആ കുടുംബത്തിന് അതു താങ്ങാൻ കഴിയില്ല.
ഏതാണ്ടു നാലുപതിറ്റാണ്ടുകാലമായി എയ്ഡ്‌സ് എന്ന മാരകരോഗം മാനവരാശിക്കുമേൽ നിപതിച്ചിട്ട്, കൃത്യമായി പറഞ്ഞാൽ 38 വർഷം അതിന്റെ ഉത്ഭവത്തെക്കുറിച്ച് ഒരുപാട് വിവാദങ്ങളും ദുരൂഹതകളുമൊക്കെയുണ്ട്. ഇവിടെ വിഷയം അതല്ലാത്തതുകൊണ്ട് അതിലേക്കു കടക്കുന്നില്ല. 1988 ലാണ് ആദ്യമായി ലോകം ഈ രോഗം തിരിച്ചറിഞ്ഞത്. അന്നുമുതൽ പ്രതിരോധപ്രവർത്തനങ്ങളും ബോധവൽക്കരണവുമൊക്കെ മുറയ്ക്കു നടക്കുന്നുമുണ്ട്.
1988 ഡിസംബർ 1 മുതൽ ഈ ദിനം ലോക എയ്ഡ്‌സ് ദിനമായി ആചരിക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ വിവിധ ഇനം പ്രവർത്തനങ്ങളിലൂടെ ഈ രോഗത്തെ ഒരുപരിധിവരെ നിയന്ത്രിക്കാൻ കഴിഞ്ഞൂ എന്നതും വാസ്തവമാണ്.
പുതിയ കണക്കനുസരിച്ച് ലോകത്താകമാനം നാലുകോടിയിലേറെ എച്ച്.ഐ.വി. ബാധിതർ ഉണ്ടെന്നാണ് കണക്ക്. ഇതിൽ ആറരലക്ഷത്തോളം പേർ എയ്ഡ്‌സ് മൂലം മരണപ്പെടുകയും ചെയ്തു. ഇന്ത്യയിൽ മുപ്പതുലക്ഷത്തിലേറെ ആളുകൾ എച്ച്.ഐ.വി. ബാധിതരാണെന്ന് കണക്കാക്കപ്പെടുന്നു. കഴിഞ്ഞവർഷത്തെ കണക്കാണിത്. ഏതാണ്ട് എഴുപത്തയ്യായിരം പേർക്ക് എച്ച്.ഐ.വി. അണുബാധ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇതിൽ നാൽപ്പതിനായിരത്തിലേറെപ്പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.
പൊതുവെ ഇന്ത്യയിലെ സാഹചര്യത്തിൽ എച്ച്.ഐ.വി അണുബാധ കുറഞ്ഞ സംസ്ഥാനമായാണ് കേരളം അറിയപ്പെട്ടിരുന്നത്. നിലവിലുള്ള കണക്കുകൾ പ്രകാരം ഇരുപത്തയ്യായിരം പേർ എച്ച്.ഐ.വി ബാധിതരാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ദേശീയ തലത്തിൽ നോക്കുമ്പോൾ കേരളത്തിൽ എച്ച്.ഐ.വി ബാധിതരുടെ അനുപാതം കുറവാണ് എന്നത് ഒരുപരിധിവരെ സമാധാനം നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളിലെ വളർച്ച അത്യന്തം ആശങ്കാജനകമാണെന്നും പറയേണ്ടതുണ്ട്. കഴിഞ്ഞവർഷം മാത്രം ആയിരത്തഞ്ഞൂറോളം പേരിലാണ് എച്ച്.ഐ.വി അണുബാധ കണ്ടെത്തിയത്. കഴിഞ്ഞ ഏതാനും വർഷത്തെ കണക്കെടുത്താൽ ക്രമാനുഗതമായ വളർച്ചയുണ്ടാകുന്നു എന്നതാണ് നമ്മെ ആശങ്കപ്പെടുത്തുന്നത്. 2023-ൽ ആയിരത്തി ഇരുന്നൂറിൽ താഴെ ആയിരുന്നു എന്നും ഓർക്കേണ്ടതുണ്ട്.
എയ്ഡ്‌സ് പകരുന്നതിന് നാലഞ്ചുമാർഗ്ഗങ്ങളുണ്ടെങ്കിലും അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം തന്നെയാണ്. അപരിചിതരായ പങ്കാളികൾ, ലൈംഗിക തൊഴിലാളികൾ ഇവരുമായൊക്കെയുള്ള ലൈംഗികബന്ധം എയ്ഡ്‌സ് സാധ്യത വർദ്ധിപ്പിക്കുന്നു. മറ്റൊന്ന് സ്വവർഗ്ഗാനുരാഗികൾക്കിടയിലാണ്. സുരക്ഷിതമല്ലാത്ത ശാരീരികബന്ധം ഇവരെയും രോഗികളാക്കുന്നു. ട്രാൻസ്‌ജെൻഡറുകളിലും രോഗം പടരുന്നതായി പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. അപകടകരമായ മറ്റൊരു പ്രവണത വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗമാണ്. ഇതിൽ ഒരേ സിറിഞ്ച് മരുന്നു കുത്തിവയ്ക്കാൻ പലർ ഉപയോഗിക്കുമ്പോൾ അത് രോഗം പകരാൻ കാരണമാകുന്നു. സുരക്ഷിതമല്ലാതെ ടാറ്റു കേന്ദ്രങ്ങളിലൂടെയും ഈ രോഗം പരക്കുന്നതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാതാവിൽനിന്നും ഗർഭസ്ഥ ശിശുവിലേക്ക് രോഗം പകരുന്നതും ഇന്നു വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നുവർഷത്തെ കണക്കുകളിൽ നൂറോളം ഗർഭിണികളിൽ രോഗാവസ്ഥ കണ്ടെത്തിയിട്ടുണ്ട്. അവരുടെ ഗർഭത്തിലുള്ള കുഞ്ഞിനും ഈ രോഗം ഉണ്ടാകും എന്നത് തീർച്ചയാണല്ലോ. ശ്രദ്ധിക്കേണ്ട മറ്റൊന്ന് രക്തം സ്വീകരിക്കുന്നതും കൊടുക്കുന്നതുമാണ്. ആധികാരികമായി നടത്തപ്പെടുന്ന സ്ഥാപനങ്ങൾ മുഖേന അല്ലാതെ രക്തം വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുത്.
പൂർണ്ണമായും രോഗമുക്തി സാധ്യമാകാത്ത രോഗം എന്ന അവസ്ഥയാണ് എയ്ഡ്‌സിന്റെ ഭീകരത വർദ്ധിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ചികിത്സയെക്കാൾ പ്രധാനം ബോധവൽക്കരണമാണ്. ബോധവൽക്കരണം എന്ത് എങ്ങനെ എന്നതാണ് മറ്റൊരു പ്രശ്‌നം. ഇതിൽ അടിസ്ഥാനപരമായി ചില കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്.
എയ്ഡ്‌സ് എന്താണെന്ന് ഇന്ന് എല്ലാവർക്കും അറിയാം. അക്വേർഡ് ഇമ്മ്യൂണോ ഡെഫിഷൻസി സിൻട്രോം. (AIDS) എന്നതിന്റെ ചുരുക്കപ്പേരാണിത്. ഇത് ശരിക്കും രോഗാവസ്ഥയാണ്. രോഗാവസ്ഥ എന്നു പറയുന്നതിനേക്കാൾ മറ്റുരോഗങ്ങൾക്ക് കാരണമാകുന്നു എന്നതാണ് വസ്തുത. ശരീരത്തിന്റെ പ്രതിരോധശക്തി നഷ്ടപ്പെടുത്തി ശരീരത്തെ രോഗാതുരമാക്കുന്ന സാഹചര്യമാണിത്. എയ്ഡ്‌സിന് കാരണമാകുന്നതാകട്ടെ എച്ച്.ഐ.വി. എന്ന വൈറസാണുതാനും. ഇവിടെ എടുത്തുപറയേണ്ട കാര്യം എച്ച്.ഐ.വി. വൈറസ് ബാധിച്ചാലുടൻ ഒരാൾ എയ്ഡ്‌സ് രോഗി ആകുന്നില്ല എന്നതാണ്. വൈറസ് ശരീരത്തിൽ ബാധിച്ചാലും അത് എയ്ഡ്‌സായി മാറാൻ വർഷങ്ങൾ എടുക്കും. ഈ സമയത്ത് ശരിയായ ചികിത്സകിട്ടിയാൽ എച്ച്.ഐ.വി. ബാധിതരാകുന്ന ആളുകൾ രോഗികളാകാതെ രക്ഷപ്പെടുന്ന അവസ്ഥയുണ്ട്. പക്ഷെ കൃത്യമായി ചികിത്സ തുടരണം എന്നുമാത്രം. നേരത്തെ രോഗം തിരിച്ചറിയുന്നതും പ്രധാനമാണ്. ഇവിടെയാണ് ബോധവൽക്കരണത്തിന്റെ പ്രസക്തി.
മധ്യകേരളത്തിൽ ഉണ്ടായ ഒരു സംഭവം ഇതിനുദാഹരണമാണ്. സുരക്ഷിതമല്ലാത്ത മയക്കുമരുന്ന് ഉപയോഗത്തിലൂടെ ഒരു പെൺകുട്ടിക്ക് എച്ച്.ഐ.വി. അണുബാധ ഉണ്ടായി. ഐ.ടി. മേഖലയിൽ പ്രവർത്തിക്കുന്ന കുട്ടിയാണ്. വേണ്ടത്ര വിദ്യാഭ്യാസവും വിജ്ഞാനവുമൊക്കെയുണ്ട്. പക്ഷെ എന്തുകൊണ്ടോ ശരിയായ ചികിത്സയെടുക്കാൻ തയ്യാറായില്ല. എന്നുമാത്രമല്ല പിന്നീട് ആ കുട്ടി നിരവധിപ്പേരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്തു. അതായത് ബോധപൂർവ്വമോ അല്ലാതെയോ ഒരുപറ്റം ആളുകൾക്ക് ആ കുട്ടി എച്ച്.ഐ.വി. വൈറസ് പകർന്നുകൊടുത്തു എന്നുസാരം. എത്ര വ്യക്തികളെ അല്ല, കുടുംബങ്ങളെയാണ് ആ കുട്ടി കണ്ണീരിലാഴ്ത്തിയത് എന്നോർക്കുക. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവർ ഓർമ്മിക്കേണ്ട ഒരു കാര്യമുണ്ട്. അപൂർവ്വം ചിലരെങ്കിലും ബോധപൂർവ്വം ഇത് പടർത്താൻ ശ്രമിക്കും. അത് അവരുടെ പ്രത്യേക മാനസികാവസ്ഥയാണ്. താനോ രോഗിയായി. മറ്റുള്ളവരും അങ്ങനെയാകട്ടെ എന്ന ക്രൂരചിന്ത. സ്ത്രീകളിലും പുരുഷന്മാരിലും ഇങ്ങനെയുള്ളവരുണ്ട്. അതുകൊണ്ടാണ് ശരിയായ സുരക്ഷയും മുൻകരുതലും എടുക്കാതെ അപരിചിതരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടരുത് എന്ന് നിർബന്ധമായും പറയുന്നത്.
ആഗോളവിപത്തായിട്ടാണ് എയ്ഡ്‌സിനെ കണ്ടുവരുന്നത്. ഇന്ത്യയും കേരളവും ഈ രോഗാവസ്ഥയുടെ ഭീകരത തിരിച്ചറിഞ്ഞ് ഒട്ടേറെ കർമ്മപദ്ധതികൾ ആവിഷ്‌ക്കരിച്ചിട്ടുമുണ്ട്. ദേശീയ എയ്ഡ്‌സ് നിയന്ത്രണപരിപാടി ഇന്ത്യാഗവൺമെന്റ് നടപ്പിലാക്കി തുടങ്ങിയത് (NACP)1992 കാലഘട്ടത്തിലാണ്. കേരളത്തിൽ ഇത് നടപ്പിലാക്കുന്നതിനാണ് കേരളാ സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി (KSACS) രൂപീകരിച്ചത്. ഇന്ത്യാഗവൺമെന്റിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഭാഗമായ നാഷണൽ എയ്ഡ്‌സ് കൺട്രോൾ ഓർഗനൈസേഷന്റെ (NACO) കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്.
എച്ച്.ഐ.വി. വൈറസ്, എയ്ഡ്‌സ് എന്നിവയെ തടയുന്നതിനായി കേരളസംസ്ഥാനം രൂപം നൽകിയ സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി (KSACS) ഇന്ന് ഈ രംഗത്ത് ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ട്. ചാരിറ്റബിൾ സൊസൈറ്റി ആക്ടിന് കീഴിൽ രജിസ്ട്രർ ചെയ്തിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപനമാണിത്. സ്വയംഭരണ സ്ഥാപനമായതുകൊണ്ടുതന്നെ പ്രവർത്തനങ്ങൾക്ക് ഗതിവേഗം കൂടുതലുമുണ്ട്. എല്ലാ പ്രധാന സർക്കാർ വകുപ്പുകളിൽ നിന്നുള്ള അംഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക ക്ഷേമം, ധനകാര്യം തുടങ്ങിയ വകുപ്പുകളുടെ സെക്രട്ടറിമാരും ഇതിൽ അംഗങ്ങളാണ്. പ്രോജക്ട് ഡയറക്ടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. ഇപ്പോഴത്തെ പ്രോജക്ട് ഡയറക്ടർ ഡോ. പീയൂഷ് ചികിത്സയ്ക്കും പ്രതിരോധപ്രവർത്തനങ്ങൾക്കുമെല്ലാം ഒരു മാനുഷികമുഖം നൽകാൻ ശ്രമിക്കുന്നുണ്ടെന്നും എടുത്തുപറയേണ്ടതുണ്ട്.











