
കോഴിമുട്ടയിൽ ക്യാൻസറിന് കാരണമായേക്കാവുന്ന AOZ എന്ന വിഷപദാർത്ഥം അടങ്ങിയിട്ടുണ്ടെന്ന സംശയം ബലപ്പെട്ടതിനെ തുടർന്ന് കർണാടക ഭക്ഷ്യ സുരക്ഷാ വിഭാഗം രംഗത്തിറങ്ങി. കോഴിമുട്ട വ്യാജമായി ഉൽപാദിപ്പിക്കുന്നുണ്ടോ? AOZ അടങ്ങിയിരിക്കുന്നത് അതിലാണോ എന്ന പരിശോധനയാണ് ആദ്യം നടക്കുന്നത്. സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളിലെ ഇരുനൂറോളം ഇടങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ലാബട്ടറി പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കോഴിത്തീറ്റയിലൂടെയോ മറ്റോ കാർസിനോജനിക്കായ( കാൻസർ രോഗത്തിന് കാരണമാകുന്ന) AOZ കോഴിമുട്ടകളിൽ കടന്നുകൂടിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. അനേകായിരം കോഴിഫാമുകളും നിരവധി കോഴിത്തീറ്റ ഉത്പാദനശാലകളുമുണ്ട് സംസ്ഥാനത്ത്. ബെല്ലാരി, ചിത്രദുർഗ്ഗ, ദാവണഗരെ, റെയ്ചൂർ, കൊപ്പാൽ എന്നീ ജില്ലകളിലാണ് കോഴിമുട്ടകൾ കൂടുതലായി ഉൽപാദിപ്പിക്കപ്പെടുന്നത്. ഒരു കോടിയിലേറെ കോഴിമുട്ടകൾ ഒരു ദിവസം സംസ്ഥാനത്ത് ആവശ്യമായി വരുന്നുണ്ട്. രാജ്യത്തെ മൊത്തം കോഴിമുട്ട ഉത്പാദനത്തിന്റെ ഏഴുശതമാനത്തോളം കർണാടകയിലാണ്. സംസ്ഥാനത്ത് ആറുകോടിയിലേറെ മുട്ടക്കോഴികളുണ്ടെന്നാണ് ഏകദേശകണക്ക്. ഡിമാൻഡ് വർധിച്ചുവരുന്നതിനാൽ കോഴിമുട്ടകൾ വ്യാജമായി ഉൽപാദിപ്പിക്കപ്പെടുന്നുണ്ടെന്നും അതിലാണ് പ്രശ്നമെന്നും ചിലർ ആരോപിക്കുന്നുണ്ട്. അക്കാര്യത്തിലാണ് ആദ്യം വ്യക്തത വരുത്തുക. ബംഗളുരുവിൽ നിന്ന് മാത്രം അമ്പത് ഇടങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്കുള്ളിൽ റിപ്പോർട്ടുകൾ ലഭ്യമാകും. ആരോഗ്യവകുപ്പ് നിയോഗിക്കുന്ന വിദഗ്ദ്ധ സമിതി ആ റിപ്പോർട്ടുകൾ പരിശോധിച്ച് ശുപാർശ സമർപ്പിക്കും. കോഴിമുട്ടയുടെ ഉപഭോഗം വളരെയേറെ വർധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് വ്യാജനുണ്ടോ എന്ന സംശയം ബലപ്പെട്ടിട്ടുള്ളത്. ഒരു മുട്ടയ്ക്ക് എട്ടുരൂപയാണ് ചില്ലറവില. അത് അധികം വൈകാതെ പത്തു രൂപയാകുമെന്ന് കരുതിയിരിക്കുമ്പോഴാണ് പുതിയ വിവാദം ഉയർന്നത്.











