08:48am 26 November 2026
NEWS
സമുദായത്തിന് പുറത്തുള്ള വിവാഹത്തിന്റെ പേരിൽ സഭാംഗത്വം നിഷേധിക്കാമോ? ക്നാനായ കേസിൽ സുപ്രീംകോടതിയെ സമീപിച്ച് അതിരൂപതയും വിശ്വാസികളും


26/11/2026  08:23 AM IST
നിയമകാര്യലേഖകൻ
സമുദായത്തിന് പുറത്തുള്ള വിവാഹത്തിന്റെ പേരിൽ സഭാംഗത്വം നിഷേധിക്കാമോ? ക്നാനായ കേസിൽ സുപ്രീംകോടതിയെ സമീപിച്ച് അതിരൂപതയും വിശ്വാസികളും

ന്യൂഡൽഹി: സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിക്കുന്നവരുടെ സഭാംഗത്വം റദ്ദാക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന കേരള ഹൈക്കോടതി വിധിക്കെതിരെ ക്നാനായ അതിരൂപതയും സമുദായാംഗങ്ങളും സുപ്രീംകോടതിയെ സമീപിച്ചു. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ആർ. മഹാദേവൻ, സഞ്ജീവ് സച്‌ദേവ എന്നിവരടങ്ങിയ ബെഞ്ച് ഹർജികൾ സമാനമായ മറ്റു ഹർജികൾക്കൊപ്പം 2027 ജനുവരി അഞ്ചിന് പരിഗണിക്കാൻ നിശ്ചയിച്ചു.
മതസ്വാതന്ത്ര്യവും മതവിഭാഗങ്ങളുടെ സ്വയംഭരണാവകാശവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശബരിമല റഫറൻസ് കേസിലെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കുശേഷം വിഷയം പരിഗണിക്കാമെന്ന് കോടതി സൂചിപ്പിച്ചു. മതസമുദായങ്ങളിൽനിന്ന് അംഗങ്ങളെ പുറത്താക്കുന്നതിനുള്ള അധികാരവും വ്യക്തികളുടെ മൗലികാവകാശങ്ങളും തമ്മിലുള്ള ബന്ധവും റഫറൻസിന്റെ പരിഗണനാവിഷയമാണ്.
ക്നാനായ സമുദായത്തിലെ സ്വസമുദായ വിവാഹനിഷ്ഠ സ്ഥാപിതമായ ആചാരമോ അനിവാര്യ മതാചാരമോ അല്ലെന്നും, പുറത്തുനിന്ന് വിവാഹം കഴിച്ചതിന്റെ പേരിൽ സഭാംഗത്വം നിഷേധിക്കുന്നത് മൗലികാവകാശങ്ങൾക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് എസ്. ഈശ്വരൻ 2026 മാർച്ച് 23ന് പുറപ്പെടുവിച്ച വിധിയാണ് സുപ്രീംകോടതിയിൽ ചോദ്യം ചെയ്തിരിക്കുന്നത്.
ഭരണഘടനയുടെ അനുച്ഛേദങ്ങൾ 26, 29 എന്നിവ ഉറപ്പുനൽകുന്ന മതവിഭാഗപരവും സാംസ്‌കാരികവുമായ അവകാശങ്ങളെ ഹൈക്കോടതി വിധി ദുർബലപ്പെടുത്തുന്നുവെന്നാണ് ഹർജിക്കാരുടെ വാദം. നൂറ്റാണ്ടുകളായി വേറിട്ട വംശീയ, സാംസ്‌കാരിക, മതസ്വത്വം നിലനിർത്തുന്ന ക്നാനായ സമുദായത്തിന്റെ പ്രത്യേകത ഹൈക്കോടതി അംഗീകരിച്ചില്ലെന്നും അവർ ആരോപിക്കുന്നു. സ്വസമുദായ വിവാഹനിഷ്ഠ തങ്ങളുടെ ക്രോഡീകരിക്കാത്ത വ്യക്തിനിയമത്തിന്റെ ഭാഗമാണെന്നും അതിനെ മൗലികാവകാശ പരിശോധനയ്ക്ക് വിധേയമാക്കിയത് തെറ്റാണെന്നും ഹർജിയിൽ വാദിക്കുന്നു.
2015ൽ ക്നാനായ കത്തോലിക്ക നവീകരണ സമിതി കോട്ടയം അഡീഷണൽ സബ് കോടതിയിൽ നൽകിയ കേസിലാണ് തർക്കത്തിന്റെ തുടക്കം. മറ്റൊരു രൂപതയിലെ കത്തോലിക്കാ വിശ്വാസിയെ വിവാഹം കഴിക്കുന്നതുകൊണ്ട് മാത്രം ക്നാനായ അംഗത്തിന് കോട്ടയം അതിരൂപതയിലെ അംഗത്വം നഷ്ടപ്പെടരുതെന്നായിരുന്നു ആവശ്യം. ഈ കാരണത്താൽ അംഗത്വം റദ്ദാക്കുന്നത് തടയണമെന്നും പുറത്താക്കപ്പെട്ടവരെ തിരിച്ചെടുക്കണമെന്നും സമിതി ആവശ്യപ്പെട്ടിരുന്നു.
2021ൽ വിചാരണക്കോടതി സമിതിക്ക് അനുകൂലമായി വിധിച്ചു. ഇതിനെതിരായ അപ്പീലുകൾ 2022 സെപ്റ്റംബറിൽ കോട്ടയം അഡീഷണൽ ജില്ലാ കോടതി തള്ളിയിരുന്നു. തുടർന്നാണ് വിഷയം ഹൈക്കോടതിയിലും ഇപ്പോൾ സുപ്രീംകോടതിയിലും എത്തിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img