
കൊച്ചി: ഏകീകൃത കുർബാന വിശ്വാസികളുടെ അവകാശമാണെന്നും ഏതാനും വൈദീകരുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയേയും ദേവാലയങ്ങളെയും അവഹേളിക്കുന്നതിനും നിയമ ലംഘനങ്ങൾ നടത്തുന്നതിനും ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വൺ ചർച്ച് വൺ കുർബാന മൂവ്മെൻറിൻറെ നേതൃത്വത്തിൽ ഈ മാസം 8 ന് അതിരൂപത വിശ്വാസ സംരക്ഷണ സംഗമം സംഘടിപ്പിക്കുന്നു.
ശനിയാഴ്ച രാവിലെ 9.30 ന് എറണാകുളം ഫൈൻ ആർട്ട്സ് ഹാളിൽ ആരംഭിക്കുന്ന സമ്മേളനം ചീഫ് കോഡിനേറ്റർ അഡ്വ. മത്തായി വർക്കി മുതിരേന്തി ഉദ്ഘാടനം ചെയ്യും. ജോർജ് പുല്ലാട്ട്, ' അഡ്വ. പോളച്ചൻ പുതുപ്പാറ, വൈദീകർ, അൽമായ നേതാക്കൾ തുടങ്ങിയവർ പ്രസംഗിക്കും. ഏതാനും വർഷങ്ങളായി അതിരൂപതയിൽ നിലനിൽക്കുന്ന വൈദീക ലഹളമൂലം സഭയ്ക്കും വിശ്വാസത്തിനുമേറ്റ ക്ഷതവും അവയ്ക്കുള്ള പരിഹാരമാർഗ്ഗങ്ങളും സംബന്ധിച്ച വിഷയങ്ങളിൽ സഭാ പണ്ഡിതന്മാരായ വൈദികരുടെയും അൽമായരുടെയും നേതൃത്വത്തിൽ വിവിധ ചർച്ചകൾ നടക്കും. അതിരൂപത അംഗങ്ങളും പ്രത്യേകം ക്ഷണിക്കപ്പെട്ടതുമായ 1500 ൽപരം വിശ്വാസികൾ പങ്കെടുക്കുന്ന പരിപാടി വൈകീട്ട് 4-ന് സമാപിക്കും.
സിനഡിൻറേയും മാർപാപ്പയുടേയും തീരുമാനങ്ങൾ അവഗണിച്ചും, സഭാ തീരുമാനങ്ങൾക്കൊപ്പം നിലകൊള്ളുന്ന വിശ്വാസികളെ വഞ്ചിച്ചുകൊണ്ടും സഭാ വിരുദ്ധരുടെ മുഴുവൻ ആവശ്യങ്ങളും അനുവദിച്ചു കൊടുത്ത ശേഷം എറണാകുളത്ത് സമാധാനം പുന:സ്ഥാപിച്ചതായി നടത്തുന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. അഡ്വ. മത്തായി വർക്കി മുതിരേന്തി, ആൻറണി പുതുശ്ശേരി, ജോസഫ് അമ്പലത്തിങ്കൽ, ജൂലി അലക്സ് എന്നിവർ പത്രസമ്മേളനത്തിൽ സന്നിഹി തരായിരുന്നു.
Photo Courtesy - Google







