07:31pm 21 October 2026
NEWS
​ഭ​ഗവാന് നേദിക്കും മുമ്പേ മന്ത്രിക്ക് വള്ളസദ്യ നൽകിയെന്ന ആരോപണം തള്ളി സിപിഎം
15/10/2025  07:52 AM IST
nila
​ഭ​ഗവാന് നേദിക്കും മുമ്പേ മന്ത്രിക്ക് വള്ളസദ്യ നൽകിയെന്ന ആരോപണം തള്ളി സിപിഎം

​ഭ​ഗവാന് നേദിക്കും മുമ്പേ ആറന്മുള അഷ്ടമി രോഹിണി വള്ളസദ്യ മന്ത്രിക്ക് നൽകിയെന്ന ആരോപണം തള്ളി സിപിഎം. മേൽശാന്തി ഭ​ഗവാന് സദ്യ നേദിച്ച് കഴിഞ്ഞാണ് മന്ത്രിയും മറ്റ് വിശിഷ്ടാതിഥികളും സദ്യയുണ്ടതെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി വ്യക്തമാക്കുന്നു.  ശബരിമല സ്വർണപ്പാളി വിഷയത്തിൽ സർക്കാരിനെയും ദേവസ്വം ബോർഡിനെയും പ്രതിക്കൂട്ടിലാക്കാൻ നോക്കി പരാജയപ്പെട്ടപ്പോഴാണ് പുതിയ ശ്രമമെന്നും സിപിഎം ആരോപിക്കുന്നു. ആചാരലംഘനം നടന്നതായി  കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചാൽ അവർ വിശ്വസിക്കില്ല എന്ന് മാത്രമല്ല, പൊറുക്കുകയുമില്ലെന്നും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. 

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: 

ഒരു പച്ചക്കള്ളം കൂടി പൊളിച്ചടുക്കുന്നു
ക്ഷേത്രാചാരങ്ങളെ സംബന്ധിച്ച് വ്യാജ വാർത്തകൾ പെരുകുകയാണ്
അഷ്ടമിരോഹിണി വള്ള സദ്യയിൽ ആചാരം ലംഘിച്ച് മന്ത്രിക്ക് സദ്യ വിളമ്പി എന്നാണ് പുതിയ ആരോപണം.
ശബരിമല സ്വർണ്ണപ്പാളി വിഷയത്തിൽ സർക്കാരിനെയും ദേവസ്വം ബോർഡിനെയും പ്രതിക്കൂട്ടിലാക്കാൻ നോക്കി പരാജയപ്പെട്ടപ്പോഴാണ് പുതിയ ശ്രമം.
മുഖ്യാതിഥിയായ ദേവസ്വം മന്ത്രിയടക്കം വിശിഷ്ടാതിഥികൾ രാവിലെ പത്തരയോടെ ക്ഷേത്രത്തിൽ എത്തി.
11നാണ് ചടങ്ങ് തുടങ്ങുക എന്ന് ഭാരാവാഹികൾ അറിയിച്ചതിനെ തുടർന്ന് ദേവസ്വം ഓഫീസിൽ വിശ്രമിച്ചു.
തുടർന്ന് 11 മണിയോടെ കൊടിമരച്ചുവട്ടിൽ എത്തി. 11.5 ന് അവിടെ വിഭവങ്ങൾ വിളമ്പി വള്ളസദ്യക്ക് തുടക്കം കുറിച്ചു. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ വി സാംബദേവൻ ഉൾപ്പെടെ ഭാരവാഹികൾ സന്നിഹിതരായിരുന്നു. 
തുടർന്ന് മേൽശാന്തി ശ്രീകോവിലിനുള്ളിൽ ഭഗവാന് സദ്യ നേദിച്ചു.
11.20ന് ആ ചടങ്ങുകൾ പൂർത്തിയായി.
തുടർന്ന് മന്ത്രിയും പള്ളിയോട സേവാസംഘം ഭാരവാഹികളും വള്ളക്കടവിലെത്തി.
പള്ളിയോടങ്ങൾ തുഴഞ്ഞെത്തിയ കരക്കാരെ ആചാരപരമായി വെറ്റില പുകയില നൽകി വരവേറ്റ് ക്ഷേത്രത്തിലേക്ക് ആനയിച്ചു.
11.45 നാണ് മന്ത്രിയും വിശിഷ്ടാതിഥികളും സദ്യയുണ്ണാനിരുന്നത്.
വസ്തുത ഇതായിരിക്കെ ഭഗവാന് നേദിക്കുന്നതിന് മുമ്പ് മന്ത്രിക്ക് സദ്യവിളമ്പിയെന്ന് ചില സംഘപരിവാർ  മാധ്യമങ്ങളാണ് പ്രചരിപ്പിച്ചത്.
അത് ഏറ്റെടുത്ത് ഭക്തരെ തെറ്റിദ്ധരിപ്പിക്കാനാണ് ചിലരുടെ ശ്രമം.
പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ വി സാംബദേവന്റെയും മുഴുവൻ കമ്മിറ്റിയംഗങ്ങളുടെയും പൂർണ്ണമായ നിർദ്ദേശപ്രകാരമാണ് മന്ത്രി ഓരോ ചടങ്ങിലും പങ്കെടുത്തത്. 
ആരോപണം വന്നപ്പോൾ തന്നെ കെ വി സാംബദേവൻ മാധ്യമങ്ങളോട് വസ്തുതകൾ വിശദീകരിച്ചതുമാണ്.
ആചാരലംഘനം നടന്നതായി  കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചാൽ അവർ വിശ്വസിക്കില്ല എന്ന് മാത്രമല്ല, പൊറുക്കുമില്ലെന്ന് ഓർക്കുന്നത് നന്ന്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img