01:24am 11 July 2026
NEWS
ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും ചർച്ചയിൽ; ഡ്രോൺ സർവേ നടത്തി എബ്രഹാം കലമണ്ണിൽ
10/07/2026  03:29 PM IST
nila
ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും ചർച്ചയിൽ; ഡ്രോൺ സർവേ നടത്തി എബ്രഹാം കലമണ്ണിൽ

പത്തനംതിട്ട: വർഷങ്ങളായി വിവാദങ്ങളുടെയും നിയമപോരാട്ടങ്ങളുടെയും ഭാഗമായ ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. പദ്ധതിപ്രദേശത്തെ ഭൂവുടമയും ആറന്മുള ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റുമായ എബ്രഹാം കലമണ്ണിലിന്റെ നേതൃത്വത്തിൽ സ്വകാര്യ സർവേ സ്ഥാപനത്തിന്റെ സഹായത്തോടെ ഡ്രോൺ സർവേ നടത്തി. തന്റെ കൈവശം നിലവിൽ ഏകദേശം 400 ഏക്കർ ഭൂമിയുണ്ടെന്നും കൂടുതൽ വിശദമായ സർവേയ്ക്കായി സ്വകാര്യ കമ്പനി വീണ്ടും എത്തുമെന്നും എബ്രഹാം കലമണ്ണിൽ അറിയിച്ചു. പദ്ധതി യാഥാർഥ്യമാക്കാൻ ആയിരത്തോളം ഏക്കർ ഭൂമി കൂടി ആവശ്യമായി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതിയോട് യുഡിഎഫ് സർക്കാരിന് അനുകൂല സമീപനമാണുള്ളതെന്നും അബിൻ വർക്കിയും ആന്റോ ആന്റണിയും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും കലമണ്ണിൽ അവകാശപ്പെട്ടു. പുതിയ പ്രൊജക്ട് സമർപ്പിച്ചാൽ നിലവിലുള്ള മിച്ചഭൂമി സംബന്ധമായ പ്രശ്നങ്ങൾ ഒഴിവാകുമെന്നും ഹൈക്കോടതിയിലെ കേസിനും പരിഹാരമാകുമെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം.

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ശക്തമായ ജനകീയ പ്രതിഷേധം നേരിട്ട പദ്ധതിയാണിത്. പുഞ്ചപ്പാടം നികത്തി വിമാനത്താവളം നിർമ്മിക്കുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്കയും, ആറന്മുള ക്ഷേത്രവുമായി ബന്ധപ്പെട്ട സാംസ്കാരിക-ആത്മീയ വിഷയങ്ങളും അന്ന് പ്രതിഷേധത്തിന് പ്രധാന കാരണങ്ങളായിരുന്നു.

2014-ൽ ദേശീയ ഹരിത ട്രൈബ്യൂണൽ പദ്ധതി റദ്ദാക്കിയിരുന്നു. പിന്നീട് സുപ്രീംകോടതിയും ട്രൈബ്യൂണലിന്റെ തീരുമാനം ശരിവെച്ചതോടെ പദ്ധതി നിലച്ചിരുന്നു.

അതേസമയം, കഴിഞ്ഞ മാസം അബിൻ വർക്കി പദ്ധതിയെക്കുറിച്ച് പ്രതികരിച്ചിരുന്നു. ആർക്കും ബുദ്ധിമുട്ടോ ദോഷമോ ഉണ്ടാകാത്ത രീതിയിലാണ് പദ്ധതി നടപ്പാക്കുന്നതെങ്കിൽ അത് സ്വാഗതാർഹമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img