
ദോഹ: മേഖലയിലെ കായിക മുന്നേറ്റങ്ങൾക്ക് ആവേശം പകർന്ന് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബോൾ ഫെഡറേഷൻ പുതിയ പേരും ദൃശ്യമേന്മയും (Visual Identity) ഔദ്യോഗികമായി പുറത്തിറക്കി. ഇനി മുതൽ 'ഗൾഫ് ഫുട്ബോൾ ഫെഡറേഷൻ' (Gulf Football Federation) എന്ന പുതിയ പേരിലായിരിക്കും സംഘടന അറിയപ്പെടുക.
ആത്മവിശ്വാസം, ഊർജ്ജസ്വലത, ആധുനികത എന്നിവ മുൻനിർത്തിയാണ് പുതിയ ലോഗോയും ബ്രാൻഡിംഗും രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഗൾഫ് മേഖലയുടെ സമ്പന്നമായ പാരമ്പര്യവും കായിക രംഗത്തെ ദ്രുതഗതിയിലുള്ള വളർച്ചയും പുതിയ ലോഗോയിൽ പ്രതിഫലിക്കുന്നുണ്ട്.
"നമ്മുടെ വികസന പ്രയാണത്തിലെ നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. വരുന്ന പതിറ്റാണ്ടുകളിൽ കൈവരിക്കാൻ ലക്ഷ്യമിടുന്ന ലക്ഷ്യങ്ങൾക്ക് അനുയോജ്യമായ ഒരു മാറ്റമാണിത്. അന്താരാഷ്ട്ര തലത്തിൽ ഗൾഫ് ഫുട്ബോളിന്റെയും ക്ലബ്ബുകളുടെയും സാനിധ്യം ശക്തമാക്കുകയാണ് ലക്ഷ്യമെന്ന് ഗൾഫ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ്
ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് അൽ ഥാനി വ്യക്തമാക്കി.











