
ദോഹ /പാരിസ്: ആഗോള ഫാഷൻ രംഗത്തെ ഏറ്റവുംഅഭിമാനകരമായ 'പാരിസ് ഹോട്ട് കോച്ചർ' (Haute Couture) ഫാഷൻ വീക്കിൽ ഇത്തവണ അറബ് ഡിസൈനർമാരുടെ സർഗ്ഗാത്മക വൈഭവം തരംഗമായി മാറുന്നു. ജൂലൈ 6 മുതൽ 9 വരെ പാരിസിൽ അരങ്ങേറിയ ഫാഷൻ വീക്കിൽ, യൂറോപ്യൻ പാരമ്പര്യമുള്ള വൻകിട ബ്രാൻഡുകൾക്കൊപ്പം ദോഹ മുതൽ ബെയ്റൂട്ട് വരെയുള്ള അറബ് ഡിസൈനർമാരും തങ്ങളുടെ തനതായ സംസ്കാരവും കരകൗശല വൈദഗ്ധ്യവും കൊണ്ട് ഫാഷൻ ലോകത്തെ വിസ്മയിപ്പിച്ചു.
മിഡിൽ ഈസ്റ്റിന്റെ സാംസ്കാരിക തനിമയും അത്യാധുനിക ഫാഷൻ നവീനതകളും കോർത്തിണക്കിയാണ് പ്രമുഖ ഡിസൈനർമാർ വസ്ത്രങ്ങൾ അണിയിച്ചൊരുക്കിയത്. പരമ്പരാഗതമായ തുന്നൽവേലകൾ, നാടകീയമായ ദൃശ്യഭംഗി, സങ്കീർണ്ണമായ എംബ്രോയ്ഡറി എന്നിവയിലൂടെ പാരിസിന്റെ റൺവേകളിൽ ഇത്തവണ അറബിക് ശൈലിയുടെ പ്രൗഢി വ്യക്തമായി പ്രതിഫലിച്ചു.
ഖത്തറി ഡിസൈനറായ ദാന അൽ മുല്ലയുടെ സാന്നിധ്യം ഈ ഫാഷൻ വീക്കിൽ ഏറെ ശ്രദ്ധേയമായി. ഇസ്ലാമിക വാസ്തുവിദ്യയുടെ (Islamic Architecture) മനോഹരമായ രൂപങ്ങളെയും മിനാരങ്ങളെയും അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള 'എക്കോസ് ഓഫ് ടൈംലെസ്സ് ആർട്ട്' (Echoes of Timeless Art) എന്ന വസ്ത്രശേഖരമാണ് ദാന പാരിസിൽ അവതരിപ്പിച്ചത്. ബീജ്, ബ്ലഷ്, ഡീപ്പ് ബ്ലൂ, തിളങ്ങുന്ന മഞ്ഞ എന്നീ നിറങ്ങൾ ഉപയോഗിച്ച്, ഘടനയും മൃദുത്വവും സമന്വയിപ്പിച്ച വസ്ത്രങ്ങൾ ഖത്തറി കോച്ചറിന്റെ ആഗോള വളർച്ചയുടെ അടയാളപ്പെടുത്തലായി മാറി.ഗൾഫ് മേഖലയിലെ സാംസ്കാരികവും സാമൂഹികവുമായ ആഘോഷങ്ങളിൽ വസ്ത്രധാരണത്തിനുള്ള പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട്, കേവലം കാഴ്ചയ്ക്കപ്പുറം തങ്ങളുടെ പൈതൃകത്തിന്റെ അടയാളമായി ഫാഷനെ മാറ്റാൻ അറബ് ഡിസൈനർമാർക്ക് സാധിക്കുന്നുണ്ടെന്ന് ഈ പാരിസ് ഫാഷൻ വീക്ക് തെളിയിക്കുന്നു.











