
കെയ്‌റോ: അറബ് മേഖലയിലെ തൊഴിൽ വിപണിയിലെ വെല്ലുവിളികളെ നേരിടുന്നതിനും നിക്ഷേപ സാധ്യതകൾ വർധിപ്പിക്കുന്നതിനും സ്വകാര്യ മേഖലയ്ക്ക് വലിയ പങ്കുണ്ടെന്ന് ഖത്തർ ചേംബർ ചെയർമാൻ ശൈഖ് ഖലീഫ ബിൻ ജാസിം ബിൻ മുഹമ്മദ് അൽ ഥാനി പ്രസ്താവിച്ചു. ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്‌റോയിൽ നടക്കുന്ന 52-ാമത് അറബ് ലേബർ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെപ്റ്റംബർ 13 മുതൽ 20 വരെ അറബ് ലേബർ ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ഖത്തർ ചേംബർ പ്രതിനിധി സംഘത്തെ നയിക്കുന്നത് ശൈഖ് ഖലീഫ ബിൻ ജാസിം അൽ ഥാനിയാണ്. മേഖലയിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള തൊഴിൽ മന്ത്രിമാർ, തൊഴിലുടമകൾ, തൊഴിലാളി പ്രതിനിധികൾ തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാനം തൊഴിൽ അന്തരീക്ഷത്തിലുണ്ടാക്കുന്ന സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങൾ, ഡിജിറ്റൽ പരിവർത്തനത്തിലെ സ്റ്റാർട്ടപ്പുകളുടെ പങ്ക് എന്നിവയാണ് ഇത്തവണത്തെ കോൺഫറൻസിന്റെ പ്രധാന ചർച്ചാ വിഷയങ്ങൾ.അറബ് രാജ്യങ്ങൾക്കിടയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനും, ഉൽപ്പാദനവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്ന സുസ്ഥിരമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സമ്മേളനത്തിലെ തീരുമാനങ്ങൾ ഉപകരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.










