
ദോഹ: ഖത്തർ ഭരണകൂടത്തെയും സായുധ സേനയെയും സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച വിദേശിയെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. അറബ് വംശജനായ ഒരാളാണ് പിടിയിലായതെന്ന് മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.സോഷ്യൽ മീഡിയയിലെ സംശയാസ്പദമായ ഗ്രൂപ്പുകൾ വഴി ഖത്തറിനെതിരെയും രാജ്യത്തെ ഔദ്യോഗിക സ്ഥാപനങ്ങൾക്കെതിരെയും ഇയാൾ തുടർച്ചയായി പോസ്റ്റുകൾ പങ്കുവെച്ചതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് കണ്ടെത്തി. രാജ്യത്തിൻ്റെ പരമാധികാരവും അതിർത്തികളും സംരക്ഷിക്കുന്നതിൽ ഖത്തർ സായുധ സേന നടത്തുന്ന ശ്രമങ്ങളെ അവഹേളിക്കാനും നിലവിലെ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ ഭരണകൂടത്തിൻ്റെ നടപടികളെ ചോദ്യം ചെയ്യാനും ഇയാൾ ശ്രമിച്ചതായി മന്ത്രാലയം 'X' പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
ഖത്തറിന് പുറമെ മറ്റ് ഗൾഫ് സഹോദര രാജ്യങ്ങളെയും ഇയാൾ അധിക്ഷേപിച്ചതായി കണ്ടെത്തിയിട്ടുണ്ട്.പൊതുജനങ്ങളെ പ്രകോപിപ്പിക്കാനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു ഇയാളുടെ സോഷ്യൽ മീഡിയ ഇടപെടലുകൾ.
പിടിയിലായ വ്യക്തിയെ കൂടുതൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. രാജ്യത്തിൻ്റെ സുരക്ഷയെ ബാധിക്കുന്നതോ, സ്ഥാപനങ്ങളെയും ചിഹ്നങ്ങളെയും അപമാനിക്കുന്നതോ ആയ രീതിയിൽ ഡിജിറ്റൽ ഇടങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
സോഷ്യൽ മീഡിയ വഴി തെറ്റായ വാർത്തകളോ കിംവദന്തികളോ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും പൊതുജന സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.











