
ദോഹ: (ഡിസംബർ 1മുതൽ 18 വരെ നടക്കുന്നഅറബ് കപ്പ് 2025 ന്
മുന്നോടിയായി കതാറ കലാഗ്രാമം 45-ത്തിലധികം കലാ, സാംസ്‌കാരിക, പൈതൃക പരിപാടികളടങ്ങിയ വൻ ആഘോഷപരിപാടി പ്രഖ്യാപിച്ചു. വിവിധ രാജ്യങ്ങളുടെ സാംസ്‌കാരിക സമ്പന്നത പ്രകടമാക്കുന്ന പ്രദർശനങ്ങൾ, നൃത്ത-സംഗീത പരിപാടികൾ, നാടകം, കലാപരിപാടികൾ, കുട്ടികൾക്കായുള്ള വർക്ക്‌ഷോപ്പുകൾ തുടങ്ങി വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
ആർട്ട് എക്സിബിഷനുകൾ, അറബ് കപ്പ് സ്റ്റാമ്പ് പ്രദർശനം, ചരിത്രപ്രസിദ്ധമായ ഓഡ് വാദ്യത്തിന്റെ പ്രദർശനം തുടങ്ങിയവ ഉദ്ഘാടന ദിനം മുതൽ കതാറയിലെ വിവിധ കെട്ടിടങ്ങളിൽ അരങ്ങേറും. കതാറ കോർണിഷ് മേഖലയിൽ ഓരോ ദിവസവും 1 മണി മുതൽ 10 മണി വരെ മത്സരങ്ങൾ, ഫോക് ഡാൻസ്, സംഗീത-നാടകോത്സവങ്ങൾ എന്നിവയും നടക്കും.ഖത്തറിന്റെ പാരമ്പര്യ അർദ എന്നിവ ഉൾപ്പെടെയുള്ള സംഗീത പരിപാടികളും ഒമാനി ഗായിക മറിയം അൽ മുന്ജിയുടെ സംഗീതവിരുന്നും അല്ജീരിയൻ ഓർക്കസ്ട്രയുടെ സ്പെഷ്യൽ പെർഫോർമൻസും പരിപാടിയുടെ ആകർഷണങ്ങളാണ്. അറബ് ഓപ്പറ ഫെസ്റ്റിവൽ ഡിസംബർ 8–10 വരെ കതാറ ഓപ്പറ ഹൗസിൽ
അരങ്ങേറും.
ടൂർണമെന്റ് മത്സരങ്ങളുടെ ലൈവ് സ്ക്രീനിംഗിനും കുട്ടികൾക്കായുള്ള സൃഷ്ടിപരമായ ആർട്ട് വർക്ക്‌ഷോപ്പുകൾക്കും പ്രത്യേക വേദികൾ ഒരുക്കിയിട്ടുണ്ട്. ഡിസംബർ 17-ന് ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ചുള്ള 'ധാദ്' ഭാഷാ പരിപാടികളും നടക്കും.










