
ന്യൂയോർക്ക്:സിറിയയുടെ പരമാധികാരവും സ്വാതന്ത്ര്യവും ഭൂമിശാസ്ത്രപരമായ അഖണ്ഡതയും സംരക്ഷിക്കപ്പെടണമെന്ന് ഐക്യരാഷ്ട്രസഭയിലെ അറബ് ഗ്രൂപ്പ് ആവശ്യപ്പെട്ടു. സിറിയയിലെ ആഭ്യന്തര കാര്യങ്ങളിൽ ബാഹ്യ ഇടപെടലുകൾ അനുവദിക്കില്ലെന്നും രാജ്യത്തിന്റെ സ്ഥിരത മേഖലയിലെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്നും യു.എൻ രക്ഷാസമിതിയുടെ പ്രതിമാസ യോഗത്തിൽ ഖത്തർ സ്ഥിരം പ്രതിനിധി ഷെയ്ഖ ആലിയ അഹമ്മദ് ബിൻ സൈഫ് അൽ ഥാനി വ്യക്തമാക്കി.
സിറിയൻ സർക്കാരുമായി ചേർന്ന് സഹകരിച്ച് പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭയെയും അഭയാർഥികൾക്ക് അഭയം നൽകിയ രാജ്യങ്ങളെയും അറബ് ഗ്രൂപ്പ് അഭിനന്ദിച്ചു. രാജ്യത്തിന്റെ സാമ്പത്തിക പുനർനിർമാണത്തിനും അഭയാർഥികളുടെ സുരക്ഷിതമായ തിരിച്ചുവരവിനുമായി അന്താരാഷ്ട്ര സഹായങ്ങളും നിക്ഷേപങ്ങളും വർധിപ്പിക്കണം.47 വർഷത്തിന് ശേഷം സിറിയയെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് അമേരിക്ക ഒഴിവാക്കിയത് മേഖലയിൽ സുസ്ഥിരത കൈവരിക്കാനുള്ള പോസിറ്റീവായ നീക്കമാണ്.സിറിയയിലെ അബു അൽ ദുഹൂർ സൈനിക വിമാനത്താവളത്തിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെ അറബ് ഗ്രൂപ്പ് ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും മേഖലയിലെ സമാധാനം തകർക്കുന്നതുമാണ്. 1974-ലെ കരാറുകൾ പാലിച്ച് അധിനിവേശ പ്രദേശങ്ങളിൽ നിന്ന് ഇസ്രായേൽ പിൻവാങ്ങണം.അധിനിവേശ ഗോലാൻ കുന്നിൻ പ്രദേശങ്ങളിൽ ഇസ്രായേൽ നടത്തുന്ന നിയമപരമായ അവകാശവാദങ്ങൾ നിഷ്ഫലമാണെന്നും അത് അറബ് ഭൂമിയാണെന്നും യു.എൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയം 497 (1981) ചൂണ്ടിക്കാട്ടി പ്രതിനിധി ഓർമിപ്പിച്ചു.










