
ദോഹ:അറബ് ലോകത്തിന്റെ ബൗദ്ധിക–സാംസ്കാരിക രംഗത്തെ ശ്രദ്ധേയമായ പുരസ്കാരങ്ങളിലൊന്നായ അറബ് ബുക്ക് അവാർഡിന്റെ മൂന്നാം പതിപ്പിലെ വിജയികളെ 2026 ജനുവരി 27-ന് പ്രഖ്യാപിക്കുകയും ആദരിക്കുകയും ചെയ്യുമെന്ന് അവാർഡ് കമ്മിറ്റി അറിയിച്ചു. ദോഹയിൽ നടക്കുന്ന പുരസ്കാരദാന ചടങ്ങിൽ ഖത്തറിലെയും അറബ് ലോകത്തുടനീളമുള്ള പ്രമുഖരും അക്കാദമിക്–ബൗദ്ധിക പ്രതിനിധികളും പങ്കെടുക്കും. 41 രാജ്യങ്ങളിൽ നിന്നായി അറബി പൈതൃകത്തിന്റെ സാഹിത്യ–വിമർശന പഠനങ്ങൾ, സാമൂഹിക–തത്ത്വചിന്താ പഠനങ്ങൾ എന്നിവ ഉൾപ്പെടെ അവാർഡിന്റെ വിവിധ വിജ്ഞാന മേഖലകളിലേക്കാണ് നാമനിർദേശങ്ങൾ ലഭിച്ചതെന്ന്അവാർഡിന്റെ മീഡിയ അഡ്വൈസർ പ്രൊഫ. ഡോ. ഹനാൻ അൽ ഫയ്യാദ്പറഞ്ഞു.
പുരസ്കാരദാന ചടങ്ങിനൊപ്പം, അറബ് പുസ്തകവും സാംസ്കാരിക തിരിച്ചറിവും സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യുന്ന പ്രത്യേക ശാസ്ത്രീയ സെമിനാറും സംഘടിപ്പിക്കും. അറബ് ബൗദ്ധിക ഉൽപാദനത്തെ പിന്തുണയ്ക്കുന്ന സജീവ സ്ഥാപനമായി അവാർഡിന്റെ പങ്ക് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ സംവാദമെന്ന് അധികൃതർ വ്യക്തമാക്കി.










