
തിരുവനന്തപുരം: കോവളം ബീച്ചിലെ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നതിനായി 1.19 കോടി രൂപയുടെ പദ്ധതിക്ക് ടൂറിസം വകുപ്പ് അനുമതി നൽകി. കോവളത്തെ സുരക്ഷാ പ്രശ്നങ്ങൾക്ക് പരിഹാരമായാണ് ഈ നടപടി.
പദ്ധതി വിശദാംശങ്ങൾ
സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി അനുവദിച്ച തുക രണ്ട് പ്രധാന പദ്ധതികൾക്കായി ഉപയോഗിക്കും. പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ലിമിറ്റഡ് ആണ് പദ്ധതികൾ നടപ്പാക്കുന്നത്.
തെരുവുവിളക്ക് നവീകരണം:
ചെലവ്: 80,59,022
നിലവിലുള്ള തെരുവുവിളക്കുകൾ മാറ്റി പുതിയവ അഞ്ച് മാസത്തിനുള്ളിൽ സ്ഥാപിക്കും.
സി.സി.ടി.വി നിരീക്ഷണം:
ചെലവ്: 38,08,410
നിലവിലുള്ള സി.സി.ടി.വി സംവിധാനങ്ങൾ മാറ്റി ബീച്ച് പരിസരത്ത് പുതിയ ഔട്ട്‌ഡോർ നിരീക്ഷണ സംവിധാനം സ്ഥാപിച്ച് കമ്മീഷൻ ചെയ്യും.
ഈ പദ്ധതി മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കുകയും രണ്ട് വർഷത്തെ സമഗ്ര വാർഷിക പരിപാലനം ഉറപ്പാക്കുകയും ചെയ്യും.
സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി
വിനോദസഞ്ചാര സീസൺ ആരംഭിച്ചതോടെ വിദേശ സഞ്ചാരികൾ കോവളത്ത് എത്തിത്തുടങ്ങി. കൂടുതലായി റഷ്യൻ സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. ആയുർവേദ ചികിത്സയും തീരക്കാഴ്ചകളുമാണ് ഇവരെ ആകർഷിക്കുന്നത്. അടുത്തമാസം ക്രിസ്മസ്-ന്യൂ ഇയർ ആഘോഷങ്ങൾക്കായി കൂടുതൽ വിദേശികൾ എത്തുമെന്നാണ് പ്രതീക്ഷ.
ഇനിയും വികസനം വേണം
പ്രഖ്യാപിക്കപ്പെട്ട പദ്ധതികൾക്ക് പുറമെ, അടിസ്ഥാന സൗകര്യ വികസനം, നടപ്പാതകളുടെ പുനർനിർമ്മാണം, സൗന്ദര്യവൽക്കരണം തുടങ്ങിയ അടുത്ത ഘട്ട വികസന പദ്ധതികൾ കൂടി യാഥാർത്ഥ്യമായാൽ കോവളത്തേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ .









