05:04pm 27 November 2026
NEWS
പബ്ലിക് പ്രോസിക്യൂട്ടർ നിയമനം: ഒഴിവുകൾ സമയബന്ധിതമായി നികത്തണമെന്ന് കർണാടക ഹൈക്കോടതി.
26/11/2026  10:51 AM IST
കേരളശബ്ദം ന്യൂസ്‌ ബ്യുറോ
പബ്ലിക് പ്രോസിക്യൂട്ടർ നിയമനം: ഒഴിവുകൾ സമയബന്ധിതമായി നികത്തണമെന്ന് കർണാടക ഹൈക്കോടതി.


ബംഗളൂരു:  സംസ്ഥാനത്തെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ ഒഴിവുകൾ നികത്തുന്നതിന് സമയപരിധി നിശ്ചയിക്കണമെന്ന് കർണാടക ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. പബ്ലിക് പ്രോസിക്യൂട്ടർ, സീനിയർ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ തസ്തികകളിലെ ഒഴിവുകൾ നികത്താൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കാനും ആഭ്യന്തര വകുപ്പിനോട് കോടതി ആവശ്യപ്പെട്ടു.
ജസ്റ്റിസുമാരായ അനു ശിവരാമൻ, കെ.എസ്. ഭരത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ്  ഇതുസംബന്ധിച്ച നിർദേശം നൽകിയത്. നിയമന നടപടികൾ പൂർത്തിയാക്കുന്നതിനുള്ള സമയക്രമം വ്യക്തമാക്കുന്ന സത്യവാങ്മൂലം ആഭ്യന്തര സെക്രട്ടറി സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
സംസ്ഥാനത്ത് അനുവദിച്ചിട്ടുള്ള 411 പ്രോസിക്യൂട്ടർ തസ്തികകളിൽ 157 എണ്ണത്തിൽ മാത്രമാണ് സ്ഥിരം നിയമനം നടത്തിയിട്ടുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. ആവശ്യത്തിന് പ്രോസിക്യൂട്ടർമാരില്ലാത്തത് ക്രിമിനൽ കേസുകളുടെ വിചാരണ നടപടികളെ പ്രതികൂലമായി ബാധിക്കുന്നതായും കോടതി നിരീക്ഷിച്ചു.
ഒഴിവുകളുടെ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് 2019ൽ കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത റിട്ട് ഹർജി പരിഗണിക്കുന്നതിനിടെയാണ് ഈ നിരീക്ഷണങ്ങൾ.
ചില ജില്ലകളിലും താലൂക്കുകളിലും ഒരു പ്രോസിക്യൂട്ടർ തന്നെ ഒന്നിലധികം കോടതികളുടെ ചുമതല വഹിക്കേണ്ടിവരുന്ന സാഹചര്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ബിദാർ ജില്ലയിലെ ഹംനാബാദിൽ ഒരു അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർക്ക് രണ്ട് കോടതികൾക്കു പുറമെ മറ്റ് നാല് കോടതികളുടെ ചുമതലകൂടി നൽകിയിട്ടുള്ളതായി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
പ്രോസിക്യൂട്ടർമാരുടെ കുറവ് കാരണം പല കോടതികളിലും എല്ലാ പ്രവൃത്തിദിവസങ്ങളിലും വിചാരണ നടപടികൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നില്ല. പ്രോസിക്യൂട്ടർമാരുടെ അഭാവത്തിൽ ക്രിമിനൽ കേസുകളുടെ വിചാരണ മുടങ്ങുകയും കോടതികളുടെ വിലപ്പെട്ട പ്രവൃത്തിദിനങ്ങൾ നഷ്ടപ്പെടുകയും ചെയ്യുന്നുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ഈ സാഹചര്യം പരിഹരിക്കുന്നതിന് ഒഴിവുകൾ അടിയന്തരമായി നികത്തുകയും നിയമന നടപടികൾക്ക് കൃത്യമായ സമയക്രമം പ്രഖ്യാപിക്കുകയും വേണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img