
കൊച്ചി: സംസ്ഥാനത്തെ കോടതികളിൽ പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കുന്നതിനായി സംസ്ഥാന സർക്കാർ തയ്യാറാക്കിയ പുതുക്കിയ മാർഗ്ഗരേഖയ്ക്ക് (ഡ്രാഫ്റ്റ് സർക്കുലർ) ഹൈക്കോടതിയുടെ അംഗീകാരം. എന്നാൽ, പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിനായുള്ള അർഹരായവരുടെ പാനൽ തയ്യാറാക്കുമ്പോൾ ജില്ലാ ജഡ്ജിയുടെ (District Judge) അഭിപ്രായത്തിന് 'പരമപ്രാധാന്യം' (Due Primacy) നൽകണമെന്ന് കോടതി കർശനമായി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം. എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ സുപ്രധാന വിധി പ്രസ്താവിച്ചത്.
പബ്ലിക് പ്രോസിക്യൂട്ടർ നിയമനവുമായി ബന്ധപ്പെട്ട നിലവിലെ മാനദണ്ഡങ്ങളെ ചോദ്യം ചെയ്തുകൊണ്ട് സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹർജികൾ തീർപ്പാക്കിക്കൊണ്ടാണ് കോടതി ഉത്തരവ്.
കോടതിയുടെ പ്രധാന നിരീക്ഷണങ്ങളും ഭേദഗതികളും:
'due regard' ന് പകരം 'due primacy': സർക്കാരിന്റെ കരട് സർക്കുലറിലെ മൂന്നാം ക്ലോസിൽ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തെക്കുറിച്ച് പരാമർശിക്കുന്ന ഭാഗത്ത് "due regard" (അർഹമായ പരിഗണന) എന്നതിന് പകരം "due primacy" (പരമപ്രാധാന്യം/മുൻഗണന) എന്ന് തിരുത്താൻ കോടതി നിർദ്ദേശിച്ചു. ഇതിലൂടെ പാനൽ തയ്യാറാക്കുന്ന പ്രക്രിയയിൽ ജില്ലാ ജഡ്ജിയുടെ നിലപാടിന് കൂടുതൽ മുൻ തൂക്കം ലഭിക്കുമെന്ന് കോടതി വ്യക്തമാക്കി.
പോലീസ് മേധാവിയുടെ പങ്ക് പരിമിതം: പബ്ലിക് പ്രോസിക്യൂട്ടർ നിയമന പ്രക്രിയയിൽ ജില്ലാ പോലീസ് മേധാവിയെ (District Police Chief) ഉൾപ്പെടുത്തിയതിനെതിരെയുള്ള ഹർജിക്കാരുടെ എതിർപ്പ് കോടതി തള്ളി. പബ്ലിക് പ്രോസിക്യൂട്ടർ പദവിയുടെ ഉത്തരവാദിത്തം കണക്കിലെടുത്ത്, ഉദ്യോഗാർത്ഥികളുടെ പശ്ചാത്തലവും മുൻകാല ചരിത്രവും (Antecedents and background) പരിശോധിക്കാൻ മാത്രമാണ് പോലീസ് മേധാവിക്ക് അധികാരമുള്ളതെന്ന് കോടതി വ്യക്തമാക്കി.
പോലീസ് റിപ്പോർട്ട് അന്തിമമല്ല: ജില്ലാ പോലീസ് മേധാവിയുടെ അഭിപ്രായം അന്തിമമോ സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തെ മറികടക്കാൻ പോന്നതോ അല്ലെന്നും കോടതി കൂട്ടിച്ചേർത്തു.
കോടതിയെ സഹായിച്ച അമിക്കസ് ക്യൂറിയുടെ സേവനത്തെ വിധിന്യായത്തിൽ ഡിവിഷൻ ബെഞ്ച് പ്രത്യേകം അഭിനന്ദിച്ചു
അഡ്വ. സുധീർ പി.എസ്. VS സംസ്ഥാന സർക്കാർ (WP(PIL) 152/2025) ഉൾപ്പെടെയുള്ള കേസുകളിലാണ് ഹൈക്കോടതിയുടെ ഈ നിർണായക ഉത്തരവ.










