NEWS
ജഡ്ജിമാരുടെ നിയമനം: 12 വർഷത്തിനിടെ കാരണമില്ലാത്ത ഭരണകൂട ഇടപെടലുണ്ടായി; വെളിപ്പെടുത്തലുമായി ജസ്റ്റിസ് എസ്. മുരളീധർ
30/08/2026 08:47 AM IST
നിയമകാര്യ ലേഖകൻ

ന്യൂഡൽഹി: ജഡ്ജി നിയമനത്തിനുള്ള കൊളീജിയം സംവിധാനത്തിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന അഭിഭാഷകനും മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ ഡോ. എസ്. മുരളീധർ. കഴിഞ്ഞ 12 വർഷത്തിനിടെ ജുഡീഷ്യൽ നിയമനങ്ങളിൽ "കാരണമില്ലാത്ത കേന്ദ്ര സർക്കാരിന്റെ ഇടപെടലുകൾ" വർദ്ധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 28-ാമത് ഡി.എസ്. ബോർക്കർ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സുപ്രീം കോടതിയിലേക്കും ഹൈക്കോടതികളിലേക്കും ഏറ്റവും അനുയോജ്യരായ വ്യക്തികളെ തിരഞ്ഞെടുക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ കൊളീജിയം പരാജയപ്പെട്ടുവെന്ന് ജസ്റ്റിസ് മുരളീധർ പറഞ്ഞു. സുതാര്യതയില്ലായ്മയും വ്യക്തതയില്ലാത്ത തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങളും സംവിധാനത്തിന്റെ വീഴ്ചകളാണ്. ജഡ്ജിമാർ വിരമിക്കുന്ന തീയതികൾ മുൻകൂട്ടി അറിയാമെങ്കിലും കൃത്യസമയത്ത് പകരം ആളുകളെ കണ്ടെത്താൻ കൊളീജിയത്തിന് കഴിയുന്നില്ല. ഒഴിവുകൾ കൃത്യമായി നികത്താതെ തസ്തികകളുടെ എണ്ണം കൂട്ടുന്നത് പ്രതിസന്ധി വർദ്ധിപ്പിക്കുകയേ ഉള്ളൂവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കോടതികളിലെ കേസ് കെട്ടിക്കിടക്കുന്നതിന് ജഡ്ജിമാരെ മാത്രം കുറ്റപ്പെടുത്താനാകില്ല. അതേസമയം, സർവീസിലുള്ള 20 മുതൽ 30 ശതമാനം വരെ ജഡ്ജിമാർ മാത്രമാണ് കൃത്യനിഷ്ഠയും കാര്യക്ഷമതയും കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേസുകൾ പെരുകാൻ കാരണം സർക്കാരുകൾ
കോടതികളിലെ കേസ് ഭാരം കൂട്ടുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് വലിയ പങ്കുണ്ടെന്ന് ജസ്റ്റിസ് മുരളീധർ വ്യക്തമാക്കി.
അനാവശ്യ അറസ്റ്റുകൾ, സമാധാനപരമായ പ്രതിഷേധങ്ങളെ കുറ്റകൃത്യമാക്കൽ, ഭരണപരമായ വീഴ്ചകൾ എന്നിവ ജനങ്ങളെ കോടതി കയറാൻ നിർബന്ധിതരാക്കുന്നു.
തങ്ങൾക്ക് എതിരായ ഏത് വിധിക്കെതിരെയും തുടർച്ചയായി അപ്പീൽ നൽകുന്ന സർക്കാരുകളുടെ രീതി ജുഡീഷ്യൽ സംവിധാനത്തിന് വൻ ഭാരമാണ് ഉണ്ടാക്കുന്നത്.
കേസ് നികത്തൽ നിരക്ക് 90 ശതമാനത്തിലധികമായി നിലനിർത്തുമ്പോഴും പ്രതിമാസം ലക്ഷക്കണക്കിന് പുതിയ കേസുകളാണ് എത്തുന്നതെന്നും, സമഗ്രമായ പരിഷ്കാരങ്ങളും സർക്കാരുകളുടെ ഉത്തരവാദിത്തമുള്ള വ്യവഹാര നയവും വഴിയേ ജുഡീഷ്യൽ പ്രതിസന്ധി പരിഹരിക്കാനാകൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










