09:38am 13 November 2026
NEWS
ദേവസ്വം അഭിഭാഷക നിയമനം: ഉത്തരവാദിത്വം മുഖ്യമന്ത്രിക്കെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
15/06/2026  08:53 AM IST
ന്യൂസ് ബ്യൂറോ
ദേവസ്വം അഭിഭാഷക നിയമനം: ഉത്തരവാദിത്വം മുഖ്യമന്ത്രിക്കെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ സ്മാർട്ട് ക്രിയേഷൻസിനുവേണ്ടി ഹാജരായ അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ അഭിഭാഷകനാക്കിയതിന്റെ പൂർണ്ണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. എ.കെ.ജി സെന്ററിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളുന്നയിച്ചത്. വിവാദ അഭിഭാഷകൻ രാജിവച്ചതുകൊണ്ട് മാത്രം പ്രശ്നം അവസാനിക്കുന്നില്ലെന്നും, ചുമതലയിലിരുന്ന മണിക്കൂറുകളിൽ ഏതൊക്കെ പ്രധാന പേപ്പറുകൾ അദ്ദേഹത്തിന്റെ കൈയ്യിൽ ലഭിച്ചുവെന്നതിനെക്കുറിച്ച് അടിയന്തരമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
​അന്വേഷണം അട്ടിമറിക്കാൻ ശ്രമം; സർക്കാരിന് വീഴ്ച
​സ്വർണക്കൊള്ളയിലെ അന്വേഷണം അട്ടിമറിക്കാനാണ് സർക്കാർ തലത്തിൽ ശ്രമം നടക്കുന്നത്. വിവാദ അഭിഭാഷകന്റെ നിയമനത്തിൽ അനാവശ്യ ധൃതിയാണുണ്ടായത്. കേസിൽ ചോദ്യം ചെയ്യപ്പെട്ട വ്യക്തിയെ ഇടനിലക്കാരനാക്കി മുഖ്യമന്ത്രി നടത്തിയ ചർച്ച എന്താണെന്ന് ജനങ്ങളോട് വെളിപ്പെടുത്തണം. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് മുൻ ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറയുന്ന കാര്യങ്ങളെക്കുറിച്ച് തനിക്ക് അറിവില്ലെന്നും, ആരെങ്കിലും ആത്മകഥ എഴുതുന്നതിൽ പുതുമയൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
​സംസ്ഥാനത്തെ നിപ പ്രതിരോധത്തിൽ സർക്കാരിന് ഗുരുതരമായ പാളിച്ചയുണ്ടായി. ആരോഗ്യ മന്ത്രിയും വകുപ്പും ജില്ലാഭരണകൂടവും തമ്മിൽ യാതൊരു ഏകോപനവുമില്ല. സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചെന്ന് ആരോഗ്യ മന്ത്രിയും, ഇല്ലെന്ന് ഡി.എം.ഓയും പറയുന്നത് ജനങ്ങളെ വലിയ രീതിയിൽ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. മരുന്നുകൾ ലഭ്യമാക്കുന്നതിലടക്കം സർക്കാർ അടിയന്തരമായി ഇടപെടണം. ആര് ഭരിക്കുന്നു എന്ന് നോക്കിയല്ല രോഗവ്യാപനവും വൈറസ് വ്യാപനവും ഉണ്ടാകുന്നതെന്ന് തിരിച്ചറിയാനുള്ള വിവേകം ആരോഗ്യമന്ത്രിക്ക് ഈ ഒരുമാസത്തിനകം ഉണ്ടായിട്ടുണ്ടാകുമെന്നും പിണറായി വിജയൻ പരിഹസിച്ചു. വന്യജീവി ആക്രമണം തടയുന്നതിലും സർക്കാർ പൂർണ്ണ പരാജയമാണെന്ന് അദ്ദേഹം പറഞ്ഞു.
​സർക്കാർ സംഘപരിവാറിന് കീഴടങ്ങി
​ഉന്നത വിദ്യാഭ്യാസ രംഗത്ത് കാവിവത്കരണം തടയാൻ എൽ.ഡി.എഫ് സർക്കാർ ശ്രമിച്ചപ്പോൾ അന്നത്തെ പ്രതിപക്ഷം പിന്നിൽ നിന്ന് കുത്തുകയാണ് ചെയ്തത്. കേരളത്തിലെ മൂന്ന് വൈസ് ചാൻസലർമാർ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തതിനെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. വെറും ഒരുമാസത്തിനകം സംസ്ഥാന സർക്കാർ സംഘപരിവാറിന് പൂർണ്ണമായി കീഴടങ്ങിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
​'അവതാരങ്ങൾ' സ്വന്തം വകുപ്പുകളിൽ ഉണ്ടോയെന്ന് ബിനോയ് വിശ്വം അന്വേഷിക്കണം
​എൽ.ഡി.എഫ് ഭരണത്തിൽ അവതാരങ്ങൾ വന്നുചേർന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയ്ക്കും പ്രതിപക്ഷ നേതാവ് മറുപടി നൽകി. സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകളിൽ അവതാരങ്ങൾ ചുറ്റിപ്പറ്റി നടന്നിരുന്നോ എന്ന് ആദ്യം അന്വേഷിക്കേണ്ടത് ബിനോയ് വിശ്വം തന്നെയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
​പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: ഈ പദവി നിലനിർത്തുന്നതിൽ യാതൊരു പ്രശ്നങ്ങളുമില്ല. മകൾക്കെതിരായ ഇ.ഡി അന്വേഷണത്തിൽ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. മുകളിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ചാണ് കേന്ദ്ര ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത്.
​കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര: സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസിൽ സൗജന്യ യാത്ര നൽകുമെന്നാണ് യു.ഡി.എഫ് വാഗ്ദാനം ചെയ്തത്. അതിൽ ഓർഡിനറി ബസ് എന്ന് പ്രത്യേകം പറഞ്ഞിരുന്നില്ല. സ്ത്രീകൾക്ക് നൽകുന്ന എല്ലാ ആനുകൂല്യങ്ങളെയും എൽ.ഡി.എഫ് അനുകൂലിക്കുന്നുണ്ട്.
​ക്ലിഫ് ഹൗസ് വിവാദം: മുഖ്യമന്ത്രി കന്റോൺമെന്റ് ഹൗസ് ഒഴിയാത്തതിനാലാണ് എ.കെ.ജി സെന്ററിൽ വാർത്താസമ്മേളനം നടത്തേണ്ടി വന്നത്. ക്ലിഫ് ഹൗസിൽ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ടെന്ന് തന്നെയാണ് തന്റെ അഭിപ്രായം.
​വെള്ളാപ്പള്ളി വിവാദം: വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയതിൽ യാതൊരു തെറ്റുമില്ല. തിരഞ്ഞെടുപ്പ് അവലോകനത്തിൽ പാർട്ടി ഇത് തെറ്റായ നടപടിയായി കണ്ടിട്ടില്ല. എന്നാൽ അദ്ദേഹത്തിന്റെ ചില പരാമർശങ്ങൾ ഗൗരവത്തിന് അനുസരിച്ചായില്ല എന്ന് പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ വിമർശനമുയർന്നിരുന്നു.
​'ഇനി കണ്ണ് തുറന്നു കാണാം, കണ്ണട വേണ്ട'
​വർഷങ്ങളായി ഉപയോഗിച്ചിരുന്ന സ്ഥിരം കണ്ണടയില്ലാതെയാണ് പിണറായി വിജയൻ ഇന്നലെ വാർത്താസമ്മേളനത്തിനെത്തിയത്. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, താൻ തിമിരചികിത്സ നടത്തിയിരുന്നുവെന്നും അതിനുശേഷം വായിക്കാൻ കണ്ണടയുടെ ആവശ്യമില്ലാതെയായെന്നും അദ്ദേഹം മറുപടി നൽകി. ഇനി കണ്ണട ഉപയോഗിക്കേണ്ടതില്ലെന്ന് ഡോക്ടറും നിർദ്ദേശിച്ചിട്ടുണ്ട്. എങ്കിലും കണ്ണട ഉപയോഗിക്കണമെന്ന് പലരും ഇപ്പോഴും സ്നേഹത്തോടെ പറയുന്നുണ്ടെന്നും ചിരിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img