10:26am 03 November 2026
NEWS
ജയിലിൽ ചികിത്സയിൽ, ജാമ്യത്തിൽ വിദേശജോലിക്ക് അപേക്ഷ: മുൻ ഡിജിപി തച്ചങ്കരിയോട് ഹൈക്കോടതി
03/11/2026  08:12 AM IST
നിയമകാര്യ ലേഖകൻ
ജയിലിൽ ചികിത്സയിൽ, ജാമ്യത്തിൽ വിദേശജോലിക്ക് അപേക്ഷ: മുൻ ഡിജിപി തച്ചങ്കരിയോട് ഹൈക്കോടതി

കൊച്ചി: വിദേശത്തേക്ക് പോയി ജോലിയിൽ തിരിച്ചുചേരാൻ അനുമതി തേടിയ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ അപേക്ഷയിൽ കേരള ഹൈക്കോടതി സംശയം ഉന്നയിച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നാലാഴ്ച ജയിലിൽ കഴിഞ്ഞ തച്ചങ്കരിയുടെ ചികിത്സാവിവരങ്ങൾ ഹാജരാക്കാൻ ജയിൽ സൂപ്രണ്ടിനോട് കോടതി നിർദേശിച്ചു.
ജയിലിൽ കഴിയുമ്പോൾ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയ തച്ചങ്കരിക്ക് ജാമ്യം ലഭിച്ച ശേഷം എങ്ങനെ വിദേശത്ത് പോയി ജോലി ചെയ്യാനാകുമെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ വാക്കാൽ ചോദിച്ചു. ഈ സാഹചര്യത്തിൽ യാത്രാനുമതി നൽകുന്നത് നീതിന്യായ സംവിധാനത്തിലുള്ള പൊതുജനവിശ്വാസത്തെ ബാധിക്കാമെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു.
കസ്റ്റഡിയിലുണ്ടായിരുന്ന നാലാഴ്ചയിൽ എത്ര ദിവസം ജയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ഏതൊക്കെ രോഗങ്ങൾക്കാണ് ചികിത്സ നൽകിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കണം. ആശുപത്രിയിൽ കഴിയാതിരുന്ന ദിവസങ്ങളുടെ എണ്ണവും ഉൾപ്പെടുത്താൻ കോടതി നിർദേശിച്ചു. അപേക്ഷ നവംബർ ആറിന് വീണ്ടും പരിഗണിക്കും.
അഴിമതി നിരോധന നിയമത്തിലെ 13(1)(ഇ) വകുപ്പിനൊപ്പം വായിക്കുന്ന 13(2) വകുപ്പ് പ്രകാരമാണ് കോട്ടയം വിജിലൻസ് പ്രത്യേക കോടതി തച്ചങ്കരിയെ കുറ്റക്കാരനായി കണ്ടെത്തിയത്. നാലു വർഷം തടവും 30.84 ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. ഒക്ടോബർ 15ന് ഹൈക്കോടതി ശിക്ഷ നടപ്പാക്കുന്നത് സസ്‌പെൻഡ് ചെയ്ത് ജാമ്യം അനുവദിച്ചിരുന്നു. കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ ഇന്ത്യ വിടരുതെന്ന ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയാണ് തച്ചങ്കരി അപേക്ഷ നൽകിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img