
തിരുവനന്തപുരം: പുതിയ സർക്കാർ ഭരണമേറ്റ് രണ്ടുമാസം പിന്നിട്ടിട്ടും സെക്രട്ടേറിയറ്റിലെ മന്ത്രി ഓഫീസുകളിൽ ജനങ്ങളെ വലച്ച് ആൾക്കൂട്ടപ്പൂരം. പരാതികളും നിവേദനങ്ങളുമായി രാവിലെയെത്തുന്ന സാധാരണക്കാരെ തള്ളിമാറ്റി, പേഴ്സണൽ സ്റ്റാഫ് തസ്തികകൾ ലക്ഷ്യമിട്ടെത്തുന്ന നേതാക്കളുടെയും അണികളുടെയും വൻ തിരക്കാണ് ഓരോ ഓഫീസിനു മുന്നിലും അനുഭവിച്ചറിയുന്നത്. അകത്ത് കടന്നുകൂടിയാൽ തന്നെ ആരെ കാണണമെന്നോ ആർക്ക് നിവേദനം നൽകണമെന്നോ അറിയാതെ വലയുകയാണ് പൊതുജനം.
എം.പിമാർ, എം.എൽ.എമാർ, പാർട്ടി ജില്ലാ കമ്മിറ്റികൾ, സമുദായ സംഘടനകൾ എന്നിവരുടെ ശുപാർശക്കത്തുകളുമായി എത്തുന്ന ഖദർധാരികളാണ് പല ഓഫീസുകളിലും ഭരണത്തെ മുടക്കുന്നത്. കോൺഗ്രസ് മന്ത്രിമാരായ ടി.സിദ്ദിഖ്, എം.ലിജു, പി.സി. വിഷ്ണുനാഥ് എന്നിവരുടെ ഓഫീസുകളിലാണ് സ്ഥിതി ഏറ്റവും ദയനീയം. മുസ്ലിം ലീഗ്, ആർ.എസ്.പി, സി.എം.പി മന്ത്രിമാരുടെ ഓഫീസുകളിലും കാര്യങ്ങൾ വ്യത്യസ്തമല്ല. സ്റ്റാഫ് നിയമനം സംബന്ധിച്ച് അന്തിമ ഉത്തരവിറങ്ങാത്തതാണ് പലയിടത്തും പ്രവർത്തനം താളംതെറ്റാൻ കാരണം.
അക്കാഡമികൾ ലക്ഷ്യമിട്ടും തള്ളിക്കയറ്റം
മന്ത്രി ഓഫീസുകൾക്ക് പുറമേ, വിവിധ സാംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്ത് കയറിപ്പറ്റാനും കടുത്ത പടയൊരുക്കമാണ് നടക്കുന്നത്. സാഹിത്യ അക്കാഡമി, കലാമണ്ഡലം, ചലച്ചിത്ര അക്കാഡമി ഒഴികെയുള്ള 40 ഓളം വരുന്ന സ്ഥാപനങ്ങളിൽ തങ്ങളുടെ ആളുകളെ നിയോഗിക്കാൻ വൻ സമ്മർദ്ദമാണ് നേതാക്കൾ ചെലുത്തുന്നത്. സാംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്ത് പുതുമുഖങ്ങൾ വരണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പദവികൾ ഒപ്പിക്കാൻ പഴയ മുഖങ്ങളും രംഗത്തുണ്ട്.
അതേസമയം, ചില പഴയ നേതാക്കളെ സ്ഥാപനങ്ങളുടെ ചുമതല ഏൽപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് അനുകൂല സാംസ്കാരിക കൂട്ടായ്മ തന്നെ സർക്കാരിന് കത്തു നൽകിയത് ഭരണ മുന്നണിക്കുള്ളിൽ പുതിയ പോരിന് വഴിവെച്ചിട്ടുണ്ട്.










