
ബംഗളുരുവിൽ അപ്പാർട്ടുമെന്റുകൾ വ്യാപകമായിട്ട് ഒന്നര ദശകക്കാലമേ ആയിട്ടുള്ളു. കഴിഞ്ഞ നാലഞ്ചു വർഷമായി അപ്പാർട്ടുമെന്റുകളുടെ ചാകരയാണ്. കാണുന്നിടത്തെല്ലാം ഉയരുന്നത് പാർപ്പിട സമുച്ചയങ്ങളാണ്. ഭൂമിയുടെ വിലവർധനയും ലഭ്യതക്കുറവുമാണ് അപ്പാർട്ടുമെന്റുകൾ പെരുകാനുള്ള ഒരു പ്രധാന കാരണം. പുതുതലമുറ- പ്രത്യേകിച്ചും ഐ ടി മേഖലയിൽ ജോലിചെയ്യുന്നവർ- താമസിക്കാൻ താത്പര്യപ്പെടുന്നത് അപ്പാർട്ടുമെന്റുകളാണ്. സൗകര്യങ്ങളും സുരക്ഷിതത്വവും ഒത്തുവരുന്നു എന്നതാണ് ആളുകൾ അപ്പാർട്ടുമെന്റുകൾ ഇഷ്ടപ്പെടാനുള്ള മറ്റൊരു കാരണം. സാമ്പത്തിക ശേഷിയുള്ളവർ ഗേറ്റഡ് കമ്മ്യൂണിറ്റികളിൽ വില്ലകളാണ് സ്വന്തമാക്കുന്നത്. അന്യനാടുകളിൽ നിന്നെത്തുന്ന ചെറുപ്പക്കാരാണ് അപ്പാർട്ട്മെന്റുകളിലെ താമസക്കാരിൽ നല്ലൊരു പങ്ക്. അതിൽ ഫ്ലാറ്റുകൾ സ്വന്തമാക്കുന്നവരും വാടകയ്ക്ക് താമസിക്കുന്നവരുമുണ്ട്. അന്യനാട്ടുകാരിൽ പലരും പ്രാദേശിക ഭാഷ അറിയാത്തവരാണ്. അപ്പാർട്ട്മെന്റുകളിൽ അസോസിയേഷനുണ്ടാക്കി അതിന്റെ നേതൃത്വത്തിൽ എത്തുന്നവർ പ്രാദേശിക സ്വാധീനം ഉള്ളവരായിരിക്കും. ഉയർന്ന മെയിന്റനൻസ് ചാർജ്ജ് പല അപ്പാർട്ടുമെന്റുകളിലെയും താമസക്കാർക്ക് വിട്ടുമാറാത്ത തലവേദനയാണ്. അതുകൂടാതെ പല അപ്പാർട്ടുമെന്റുകളിലും മറ്റുതരത്തിലുള്ള ചൂഷണങ്ങളും നടക്കുന്നുണ്ട്. ഈയ്യിടെ ഒരു അപ്പാർട്ടുമെന്റിൽ നിന്ന് പുറത്തുവന്ന വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. അസോസിയേഷൻ ഭാരവാഹികളും സെക്യൂരിറ്റി സ്ഥാപനവും ഒത്തുചേർന്ന് പാർപ്പിട നിവാസികളെ ചൂഷണം ചെയ്യുന്ന വിവരങ്ങളാണ് പുറത്തുവന്നത്. തെറ്റായ പാർക്കിംഗ്, പൊതുഇടങ്ങളുടെ അധിക ഉപയോഗം,ശബ്ദശല്യം, നിവാസികൾ തമ്മിലുള്ള വാക്കുതർക്കം തുടങ്ങിയവയ്ക്ക് അസോസിയേഷൻ പിഴ ഈടാക്കും. ലഹരിഉപയോഗം, കളവ് മുതലായ കുറ്റകൃത്യങ്ങൾ നടന്നാൽ ബന്ധപ്പെട്ടവരെ ഭീഷണിപ്പെടുത്തി വൻതുക പിഴയായി ഈടാക്കും. പോലീസും കോടതിയുമെല്ലാം അസോസിയേഷനാണ്. പണം നൽകിയാൽ ഗുരുതരമായ കുറ്റങ്ങളും സെക്യൂരിറ്റി സ്റ്റാഫിന്റെ സഹായത്തോടെ അസോസിയേഷൻ ഒതുക്കിത്തീർക്കും. സെക്യൂരിറ്റിക്കാരുടെ ചോദ്യം ചെയ്യലിനും കുറ്റവിചാരണയ്‌ക്കും ശേഷമാണ് പിഴത്തുക നിശ്ചയിക്കുക. അസോസിയേഷൻ ഭാരവാഹികളുടെ തീരുമാനം ചോദ്യം ചെയ്യാൻ നിവാസികൾക്ക് കഴിയില്ല. ചോദ്യം ചെയ്യുന്നവർ ഒറ്റപ്പെട്ടുപോകും. നിരപരാധികൾ പോലും അസോസിയേഷൻ ഭാരവാഹികളുടെ സമ്മർദ്ദതന്ത്രങ്ങൾക്ക് ഇരകളാകുന്നുണ്ട്. ഒരു വിസിൽ ബ്ലോവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പടിഞ്ഞാറൻ ബംഗളുരുവിലെ ദൊഡ്ഡ ബെലെയിലെ ഒരു പ്രമുഖ അപ്പാർട്ടുമെന്റിൽ നടക്കുന്ന തട്ടിപ്പിനെ പറ്റി പോലീസ് മനസ്സിലാക്കിയത്. നിവാസികളിൽ നിന്ന് അസോസിയേഷൻ ഭാരവാഹികൾ ലക്ഷങ്ങൾ അന്യായപ്പിഴയായി ഈടാക്കിയിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിശദമായ അന്വേഷണം നടന്നുവരികയാണ്.
Photo Courtesy - Google











