
നടൻ ഷൈൻ ടോം ചാക്കേയ്ക്കെതിരെ ഗുരുതര ആരോപണവുമായി മറ്റൊരു നടിയും രംഗത്ത്. പുതുമുഖ നടിയായ അപർണ ജോൺസ് ആണ് തനിക്കും ഷൈൻ ടോം ചാക്കോയിൽ നിന്നും മോശം അനുഭവമുണ്ടായെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ‘സൂത്രവാക്യം’ സിനിമയുടെ സെറ്റിൽ വച്ചാണ് ഷൈൻ ടോം ചാക്കോ തന്നോടും മോശമായി പെരുമാറിയതെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. നടനെതിരെ വിൻസി അലോഷ്യസ് ഉയർത്തിയ ആരോപണങ്ങളിലെ വിവാദം കെട്ടടങ്ങും മുമ്പാണ് മറ്റൊരു നടി കൂടി ഷെൻ ടോം ചാക്കോയ്ക്കെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്.
‘സൂത്രവാക്യം’ സിനിമയുടെ സെറ്റിൽ വച്ച് നിരന്തരം ലൈംഗിക ചുവയോടെയുള്ള ഷൈനിന്റെ സംസാരവും വ്യത്യസ്ത രീതിയിലുള്ള പെരുമാറ്റങ്ങളും പ്രയാസമുണ്ടാക്കിയെന്നാണ് നടി അപർണ ജോൺസ് പറഞ്ഞത്. ഷൈൻ സംസാരിക്കുമ്പോൾ വെളുത്ത നിറത്തിലുള്ള പൊടി വായിൽനിന്നു വീഴുന്നുണ്ടായിരുന്നത് താനും കണ്ടിരുന്നെന്നും നടി പറയുന്നു. എന്നാൽ ഇത് എന്താണെന്നു വ്യക്തമായി പറയാൻ അറിയില്ലെന്നും നടി കൂട്ടിച്ചേർത്തു.
മറ്റുള്ളവരിൽനിന്നു വളരെ വ്യത്യസ്തമായ രീതിയിലാണ് ഷൈൻ സംസാരിച്ചിരുന്നത്. അതിനാൽ തന്നെ അദ്ദേഹവുമായുള്ള സംസാരത്തിൽ അകലം പാലിച്ചിരുന്നു. എന്തെങ്കിലും തുറന്നു സംസാരിച്ചിരുന്നെങ്കിൽ ഷൈൻ എങ്ങനെ പ്രതികരിക്കുമെന്ന കാര്യത്തിലും ഉറപ്പില്ലായിരുന്നു. അതിനാൽ തന്നെ പരമാവധി നിശബ്ദത പാലിക്കുകയാണ് ചെയ്തതെന്നും അപർണ പറഞ്ഞു. ഷൈനിൽനിന്നു ബുദ്ധിമുട്ട് നേരിട്ടപ്പോൾ സെറ്റിൽ ഉണ്ടായിരുന്ന അഭിഭാഷകയായ നടിയോട് ഇതെപ്പറ്റി സംസാരിക്കുകയും അവർ അണിയറ പ്രവർത്തകരോട് സംസാരിച്ച് തന്റെ ഷെഡ്യൂൾ പെട്ടെന്ന് തീർത്തുതന്നു സഹായിക്കുകയും ചെയ്തിരുന്നെന്നും അപർണ പറഞ്ഞു.











