06:02am 22 April 2025
NEWS
ആശുപത്രിയിൽ പ്രസവിക്കണമെന്ന് നിയമമുണ്ടോ എന്ന ചോദ്യവുമായി എപി സുന്നി വിഭാഗം നേതാവ്
14/04/2025  04:46 PM IST
nila
ആശുപത്രിയിൽ പ്രസവിക്കണമെന്ന് നിയമമുണ്ടോ എന്ന ചോദ്യവുമായി എപി സുന്നി വിഭാഗം നേതാവ്

കോഴിക്കോട്: പ്രസവം ആശുപത്രിയിൽ തന്നെ വേണമെന്ന് രാജ്യത്ത് നിയമമുണ്ടോ എന്ന ചോ​ദ്യവുമായി എപി സുന്നി നേതാവ് സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ. കോഴിക്കോട് പെരുമണ്ണയിൽ നടത്തിയ മതപ്രഭാഷണത്തിനിടെയാണ്  എപി സുന്നി നേതാവ് വീട്ടിലെ പ്രസവത്തെ പ്രോത്സാഹിപ്പിക്കുന്ന നിലയിൽ സംസാരിച്ചത്. ഹോസ്പിറ്റലിൽ തന്നെ പ്രസവിക്കണമെന്ന് നിയമം ഉണ്ടോയെന്ന് ചോദിച്ച സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ, പൊലീസും കേസും കണ്ട് ആരും ഭയക്കേണ്ടെന്നും ആഹ്വാനം ചെയ്തു.  

മർകസുൽ ബദ്‍രിയ്യ ദർസ് ആരംഭവും സിഎം വലിയുല്ലാഹി ആണ്ട് നേർച്ചയും അസ്മാഉൽ ബ്ദറും എന്ന പരിപാടിയുടെ ഭാഗമായ മതപ്രഭാഷണ ചടങ്ങിലാണ് പ്രസവത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള പ്രസ്താവന. മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം വലിയ ചർച്ചയായതിനിടെയാണ് എപി സുന്നി നേതാവ് വീട്ടിലെ പ്രസവത്തെ പിന്തുണച്ച് രം​ഗത്തെത്തിയത്. 

വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം മുജാഹിദ് വനിതാ വിഭാഗം രംഗത്തെത്തിയിരുന്നു. പ്രസവം വീട്ടിൽ നടത്തണമെന്നത് അന്ധവിശ്വാസമാണെന്നും പ്രസവത്തിനായി ആരോഗ്യ കേന്ദ്രങ്ങളെയാണ് സമീപിക്കേണ്ടതെന്നും വാക്സിൻ എടുക്കരുതെന്ന് പ്രചരിപ്പിക്കുന്നതും തെറ്റാണെന്നും എംജിഎം സംസ്ഥാന വൈസ് പ്രസിഡൻറ് വിസി മറിയക്കുട്ടി പറഞ്ഞിരുന്നു. വീട്ടിലെ പ്രസവത്തെപ്പറ്റ സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ കേസെടുക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞിരുന്നു. ഇതിനിടെയാണ് വീട്ടിലെ പ്രസവത്തെ പിന്തുണച്ച് എപി സുന്നി വിഭാഗം രംഗത്തെത്തിയത്.

അതേസമയം, മലപ്പുറം ചട്ടിപ്പറമ്പിൽ അഞ്ചാം പ്രസവം വീട്ടിൽ നടത്തിയ യുവതി മരിച്ച സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അസ്മ  എന്ന യുവതിയുെ മരണത്തിലണ് ഭർത്താവ് സിറാജ്ജുദ്ദീൻ, പ്രസവത്തിനായി സഹായിച്ച ഒതുക്കങ്ങൽ സ്വദേശി ഫാത്തിമ, ഇവരുടെ മകൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img img