
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് പദവി സംബന്ധിച്ച് കോൺഗ്രസിനുള്ളിൽ തിരക്കിട്ട ചർച്ചകളും കൂടിയാലോചനകളും. സർക്കാർ - പാർട്ടി ഏകോപനമില്ലെന്നും സംഘടനാ സംവിധാനം പൂർണമായും നിശ്ചലമായെന്നുമുള്ള പരാതി വ്യാപകമായതോടെ എത്രയും പെട്ടെന്ന് കെപിസിസി അധ്യക്ഷനെ നിയമിക്കാനാണ് പാർട്ടി നേതൃത്വം ശ്രമിക്കുന്നത്. എന്നാൽ നിരവധി നേതാക്കളാണ് പ്രസിഡന്റ് പദവിക്കായി ചരടുവലിക്കുന്നത്. എന്നാൽ, കേരളത്തിലെ പാർട്ടിയെയും ഭരണസംവിധാനത്തെയും പൂർണമായും നിയന്ത്രിക്കാനുള്ള പരിശ്രമമാണ് കെ സി വേണുഗോപാൽ നടത്തുന്നത്. കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ കേരള മുഖ്യമന്ത്രി പദവി തന്നെയാണ് കെ സി ഉന്നംവെക്കുന്നത്. ഇതിന്റെ ഭാഗമായി പാർട്ടി പുനസംഘടനയ്ക്കൊപ്പം മന്ത്രിസഭാ പുനസംഘടനയും കെ സി ലക്ഷ്യമിടുന്നു എന്നാണ് സൂചന. റവന്യൂ മന്ത്രി എ പി അനിൽ കുമാറിനെ കെപിസിസി പ്രസിഡന്റ് ആക്കുകയും പകരം മാത്യു കുഴൽനാടൻ എംഎൽഎയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയുമാണ് കെ സി വേണുഗോപാലിന്റെ ലക്ഷ്യം. അടുത്തുതന്നെ ഇത്തരത്തിൽ പാർട്ടിയിലും ഭരണത്തിലും അഴിച്ചുപണി ഉണ്ടാകുമെന്നാണ് കോൺഗ്രസ് നേതാക്കൾ നൽകുന്ന സൂചന.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വൈദ്യുതി മന്ത്രിയായി അധികാരമേറ്റതോടെയാണ് കോൺഗ്രസിൽ നേതൃപ്രതിസന്ധി രൂക്ഷമായത്. സണ്ണി ജോസഫിനെ മാറ്റി പുതിയ പ്രസിഡന്റിനെ പുതിയ പ്രസിഡന്റിനെ നിയമിക്കുമ്പോൾ തനിക്കുകൂടി അഭിമതനായ നേതാവായിരിക്കണം എന്ന നിലപാടിലാണ് മുഖ്യമന്ത്രി വി ഡി സതീശൻ. അല്ലെങ്കിൽ ഭരണചക്രവും പാർട്ടിയും തമ്മിലുള്ള തർക്കം രൂക്ഷമാകുമെന്നും അത് പാർട്ടിയേയും മുന്നണിയേയും സർക്കാരിനെയും പൊതുമധ്യത്തിൽ മോശമാക്കുമെന്നും വി ഡി സതീശൻ കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, രൂക്ഷമായ തർക്കത്തിനൊടുവിൽ മുഖ്യമന്ത്രി കസേര സ്വന്തമാക്കിയ സതീശന് പാർട്ടിയുടെ നിയന്ത്രണം കൂടി നൽകാനാകില്ലെന്ന നിലപാടിലാണ് കെ സി വേണുഗോപാൽ.
മുഖ്യമന്ത്രി വി ഡി സതീശനും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും തമ്മിലുള്ള പോരിന്റെ ഭാഗമായാണ് കെപിസിസി പുനഃസംഘടന വൈകിയത്. മുഖ്യമന്ത്രി സ്ഥാനം നഷ്ടമായ വേണുഗോപാൽ തന്റെ നോമിനിയെ കെപിസിസിയുടെ തലപ്പത്ത് കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ, സ്വന്തക്കാരനെ പാർട്ടി നേതൃത്വത്തിലെത്തിക്കാൻ സതീശനും ചരട് വലികൾ നടത്തുകയാണ്. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹന്നാൻ, ആന്റോ ആന്റണി, ഷാഫി പറമ്പിൽ, അടൂർ പ്രകാശ് തുടങ്ങിയവരാണ് കെപിസിസി പ്രസിഡന്റ്സ്ഥാനം കൊതിച്ച് കാത്തിരിക്കുന്നത്.
എന്നാൽ, തന്റെ വിശ്വസ്തനും കാര്യങ്ങൾ കൃത്യമായി പഠിച്ച് അവതരിപ്പിക്കുന്ന നേതാവുമായ മാത്യു കുഴൽനാടൻ എംഎൽഎയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി പകരം നിലവിൽ മന്ത്രിയായ എ പി അനിൽകുമാറിനെ കെപിസിസി അധ്യക്ഷനാക്കുക എന്നതാണ് കെ സി വേണുഗോപാൽ ലക്ഷ്യമിടുന്നത്.
എന്നാൽ, എ പി അനിൽകുമാറിനെ കെപിസിസി പ്രസിഡന്റ് പദവിയിലേക്ക് പരിഗണിക്കുക എത്ര എളുപ്പമല്ല എന്നാണ് കോൺഗ്രസിലെ ഒരുവിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ദളിത് വിഭാഗത്തിൽ നിന്നുള്ള നേതാവാണ് അനിൽകുമാർ. കെപിസിസി പ്രസിഡന്റ് പദവിയിലേക്ക് ഒരു ദളിത് നേതാവിനെ പരിഗണിക്കുകയാണെങ്കിൽ അനിൽകുമാറിനെക്കാൾ സീനിയറായ കൊടിക്കുന്നിൽ സുരേഷിനെ വേണം പരിഗണിക്കാൻ എന്നാണ് ഇക്കൂട്ടർ വാദിക്കുന്നത്. കൊടിക്കുന്നിൽ സുരേഷ് എംപിക്ക് മല്ലികാർജുൻ ഖർഗെയുടെ പിന്തുണയുണ്ട്. സംസ്ഥാനത്തെ 52 ഓളം വരുന്ന ദളിത്-ആദിവാസി സംഘടനകളുടെ കൂട്ടായ്മയും കൊടിക്കുന്നിൽ സുരേഷിനെ പിന്തുണയ്ക്കുന്നുണ്ട്.
അതേസമയം, മതസന്തുലനം അനിവാര്യമെന്ന വാദവും കോൺഗ്രസിനുള്ളിൽ ശക്തമാണ്. മുഖ്യമന്ത്രി ഹിന്ദുവാണെന്നിരിക്കെ കെപിസിസി പ്രസിഡന്റ് ന്യൂനപക്ഷത്തിൽ നിന്നുവേണമെന്ന വാദമാണ് ഷാഫി പറമ്പിലിനായി നിലകൊള്ളുന്ന നേതാക്കളുടെ വാദം. ബെന്നി ബഹന്നാൻ, ആന്റോ ആന്റണി തുടങ്ങിയ നേതാക്കളും പയറ്റുന്നത് ന്യൂനപക്ഷ കാർഡ് തന്നെയാണ്.










