08:12am 23 October 2026
NEWS
‘മുസ്‌ലിങ്ങൾ ഇന്ത്യയിൽ വേണ്ടെന്ന് കരുതുന്നയാൾ ഹിന്ദുവല്ല’; മോഹൻ ഭാഗവത്
30/08/2026  06:14 AM IST
nila
‘മുസ്‌ലിങ്ങൾ ഇന്ത്യയിൽ വേണ്ടെന്ന് കരുതുന്നയാൾ ഹിന്ദുവല്ല’; മോഹൻ ഭാഗവത്

ന്യൂയോർക്ക്: ഇന്ത്യയിൽ മുസ്‌ലിങ്ങൾക്ക് സ്ഥാനമില്ലെന്ന് വിശ്വസിക്കുന്ന ഒരാളെ ഹിന്ദുവെന്ന് വിളിക്കാനാകില്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ന്യൂയോർക്കിൽ നടന്ന ‘ഒരു ലോകം ഒരു മനുഷ്യത്വം’ കോൺഫറൻസിലാണ് ഭാഗവതിന്റെ പരാമർശം. ഹിന്ദുത്വത്തിന്റെ അടിസ്ഥാന ആശയം എല്ലാ മനുഷ്യരെയും ഒരുപോലെ കാണുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മാർഗങ്ങളും ഒരേ ലക്ഷ്യത്തിലേക്കാണ് എത്തുന്നതെന്ന ബോധ്യം ഹിന്ദുവെന്ന് സ്വയം വിശേഷിപ്പിക്കുന്നവർക്ക് ഉണ്ടാകണമെന്നും ഭാഗവത് വ്യക്തമാക്കി.

‘എല്ലാ മനുഷ്യർക്കും അന്തസ്സുണ്ട്. മനുഷ്യർ തമ്മിൽ യാതൊരു വ്യത്യാസവുമില്ല. ഇന്ത്യയിൽ മുസ്‌ലിങ്ങൾ വേണ്ടെന്ന് ഒരു ഹിന്ദു ചിന്തിക്കുന്നുണ്ടെങ്കിൽ അയാൾ ഹിന്ദുവല്ല.’ ഹിന്ദു രാഷ്ട്രം എന്ന ആശയത്തെക്കുറിച്ച് മുസ്‌ലിം വിഭാഗത്തിൽനിന്ന് നേരത്തെ ഉയർന്ന ചോദ്യവും ഭാഗവത് പങ്കുവച്ചു. ഹിന്ദു രാഷ്ട്രം നിലവിൽ വന്നാൽ ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ സ്ഥിതി എന്താകുമെന്നും അവരെ രാജ്യത്തുനിന്ന് പുറത്താക്കുമോയെന്നുമായിരുന്നു ചോദ്യം. ഇതിന് ‘അല്ല, അതല്ല ഹിന്ദുത്വം’ എന്നായിരുന്നു തന്റെ മറുപടിയെന്ന് ഭാഗവത് പറഞ്ഞു.

മതത്തിന്റെ പേരിൽ ആർഎസ്എസ് വേർതിരിവ് കാണിക്കുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഹരിയാനയിൽ രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് പിന്നാലെ ആർഎസ്എസ് സ്വയംസേവകർ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്ത സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി. അപകടത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും മുസ്‌ലിങ്ങളായിരുന്നുവെന്നും പരുക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കുന്നതിനും മരിച്ചവരുടെ അന്ത്യകർമങ്ങൾക്കുമായി സഹായം നൽകുന്നതിനും ആർഎസ്എസ് പ്രവർത്തകർ രംഗത്തെത്തിയെന്നും ഭാഗവത് പറഞ്ഞു. ‘ഞങ്ങൾക്ക് വേർതിരിവില്ല. എല്ലാ മനുഷ്യരെയും ഒരുപോലെയാണ് കാണുന്നത്’ എന്ന സന്ദേശമാണ് പ്രസംഗത്തിലൂടെ ആർഎസ്എസ് മേധാവി മുന്നോട്ടുവച്ചത്.

 

 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img