04:51pm 27 November 2026
NEWS
ശബരിമല വെർച്വൽ ക്യൂ ബുക്കിങ്ങിൽ വൻ സുരക്ഷാവീഴ്ച; വ്യാജ ആധാർ നമ്പറുകൾ നൽകി മാസ് ബുക്കിങ്; സ്ലോട്ടുകൾ മറിച്ചുവിറ്റു
27/11/2026  03:46 PM IST
nila
ശബരിമല വെർച്വൽ ക്യൂ ബുക്കിങ്ങിൽ വൻ സുരക്ഷാവീഴ്ച; വ്യാജ ആധാർ നമ്പറുകൾ നൽകി മാസ് ബുക്കിങ്; സ്ലോട്ടുകൾ മറിച്ചുവിറ്റു

ശബരിമല വെർച്വൽ ക്യൂ ബുക്കിങ് സംവിധാനത്തിൽ ഗുരുതരമായ സുരക്ഷാവീഴ്ച കണ്ടെത്തി കേരള പൊലീസിന്റെ സൈബർ സുരക്ഷാ വിഭാഗം. ആധാർ നമ്പർ പരിശോധിക്കുന്നതിന് ഒടിപി സംവിധാനം ഇല്ലാതിരുന്നത് മുതലെടുത്ത് അയൽസംസ്ഥാനങ്ങളിലെ വൻകിട ട്രാവൽ ഏജൻസികൾ വ്യാപകമായി മാസ് ബുക്കിങ് നടത്തിയെന്നാണ് കണ്ടെത്തൽ. ആധാർ നമ്പർ നൽകേണ്ട ഭാഗത്ത് ഏതെങ്കിലും 12 അക്കങ്ങൾ ചേർത്താൽ പോലും ബുക്കിങ് പൂർത്തിയാക്കാൻ കഴിയുന്ന സാഹചര്യമുണ്ടായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.

ഒരേ മൊബൈൽ നമ്പർ ഉപയോഗിച്ച് നിരവധി തീർഥാടകരുടെ പേരിൽ ബുക്കിങ് നടത്താനും ഏജൻസികൾക്ക് സാധിച്ചു. പേരും വിലാസവും ഉൾപ്പെടെയുള്ള വിവരങ്ങൾ തെറ്റായി നൽകിയായിരുന്നു പല ബുക്കിങ്ങുകളും. തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകർക്കായി മുൻകൂട്ടി സ്ലോട്ടുകൾ കൈക്കലാക്കി പണത്തിന് മറിച്ചുവിൽക്കുകയായിരുന്നു ലക്ഷ്യമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

വിൽക്കാൻ കഴിയാത്ത സ്ലോട്ടുകൾ ഉപയോഗിക്കപ്പെടാതെ ഒഴിഞ്ഞുകിടന്നതോടെ മറ്റ് ഭക്തർക്ക് ദർശനത്തിന് അവസരം നഷ്ടമായി. ശബരിമലയിലെത്തുന്ന തീർഥാടകരുടെ എണ്ണത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് വലിയ കുറവുണ്ടാകാൻ മാസ് ബുക്കിങ് കാരണമായെന്ന നിഗമനത്തിലാണ് പൊലീസ്. കേരളത്തിൽ അന്വേഷണം ആരംഭിച്ചതോടെ നേരത്തേ ബുക്ക് ചെയ്ത സ്ലോട്ടുകൾ കൂട്ടത്തോടെ റദ്ദാക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആരൊക്കെയാണ് ബുക്കിങ് റദ്ദാക്കിയതെന്ന് കണ്ടെത്താനുള്ള പരിശോധന ദേവസ്വം ബോർഡും പൊലീസും തുടരുകയാണ്.

സുരക്ഷാവീഴ്ച പരിഹരിക്കുന്നതിന്റെ ഭാഗമായി വെർച്വൽ ക്യൂ ബുക്കിങ്ങിന് ഇപ്പോൾ ആധാർ വെരിഫിക്കേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. ഒടിപി മുഖേനയാണ് പരിശോധന. എന്നാൽ, ഇതുമാത്രം മതിയാകില്ലെന്നും മാസ് ബുക്കിങ് തടയുന്നതിനായി നിലവിലെ സോഫ്റ്റ്‌വെയറിൽ സമഗ്രമായ മാറ്റങ്ങൾ വേണമെന്നുമാണ് പൊലീസിന്റെ നിലപാട്. അടുത്ത മണ്ഡലകാലത്തിന് മുമ്പ് ബുക്കിങ് സംവിധാനം പരിഷ്കരിക്കാനാണ് തീരുമാനം.

വരുമാനത്തിലും തിരിച്ചടി; ബുക്കിങ് സംവിധാനം ലളിതമാക്കും

കഴിഞ്ഞ മണ്ഡല-മകരവിളക്ക് തീർഥാടനകാലത്ത് ശബരിമലയിൽനിന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ലഭിച്ചത് ഏകദേശം 483 കോടി രൂപയായിരുന്നു. എന്നാൽ, ഇതുവരെയുള്ള കണക്കുകൾ പ്രകാരം മുൻവർഷത്തെ അപേക്ഷിച്ച് തീർഥാടകരുടെ എണ്ണത്തിൽ 47 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്. അപ്പം, അരവണ വിൽപ്പനയിലും ഇടിവ് രേഖപ്പെടുത്തിയതോടെ ദേവസ്വം ബോർഡിന്റെ വരുമാനത്തെക്കുറിച്ച് ആശങ്ക ഉയർന്നിട്ടുണ്ട്.

സ്വന്തമായി വരുമാനം കണ്ടെത്താൻ കഴിയാത്ത ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ശമ്പളത്തിനും ശബരിമലയിൽനിന്നുള്ള മണ്ഡലകാല വരുമാനം പ്രധാന ആശ്രയമാണ്. അതിനാൽ തീർഥാടകരുടെ എണ്ണം കുറയുന്നതും വരുമാനത്തിലെ ഇടിവും ബോർഡിന് വലിയ വെല്ലുവിളിയാണ്.

പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി ബുക്കിങ് നടപടികൾ കൂടുതൽ ലളിതമാക്കാനും ആലോചനയുണ്ട്. ഒരാൾക്ക് കൂട്ടത്തോടെ സ്ലോട്ടുകൾ ബുക്ക് ചെയ്യുന്നത് നിയന്ത്രിക്കുന്നതിനൊപ്പം, നിശ്ചയിച്ച ദിവസം എത്താൻ കഴിയാത്ത തീർഥാടകർക്ക് തിരക്ക് കുറഞ്ഞ മറ്റൊരു ദിവസത്തേക്ക് സമയം മാറ്റാനുള്ള സൗകര്യവും ഒരുക്കും. ബുക്കിങ് റദ്ദാക്കുന്നതിനും അതുവഴി ഒഴിവുവരുന്ന സ്ലോട്ടുകൾ മറ്റ് ഭക്തർക്ക് ലഭ്യമാക്കുന്നതിനും സംവിധാനം ഏർപ്പെടുത്തും.

നിലവിൽ ബുക്ക് ചെയ്ത ദിവസം ദർശനത്തിന് എത്താതിരിക്കുകയോ ബുക്കിങ് റദ്ദാക്കാതിരിക്കുകയോ ചെയ്താൽ മണ്ഡലകാലത്ത് പിന്നീട് മറ്റൊരു ബുക്കിങ് നടത്താൻ കഴിയില്ല. ഈ നിയന്ത്രണത്തിലും മാറ്റം വരുത്താനാണ് നീക്കം.

ക്യുആർ കോഡ് പരിശോധനയും പരിഗണനയിൽ

ബുക്കിങ് നടത്തിയ വ്യക്തി തന്നെയാണോ ദർശനത്തിനെത്തുന്നതെന്ന് ഉറപ്പാക്കാൻ പമ്പയിൽ തിരിച്ചറിയൽ രേഖകൾ പരിശോധിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഓരോ തീർഥാടകന്റെയും ടിക്കറ്റിൽ പ്രത്യേക ക്യുആർ കോഡ് ഉൾപ്പെടുത്തി പമ്പയിലോ നിലയ്ക്കലിലോ പരിശോധന നടത്തണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. എന്നാൽ, ഈ സംവിധാനം ഉടൻ നടപ്പാക്കാൻ സാധ്യതയില്ലെന്നാണ് സൂചന.

ഹൈദരാബാദ് ആസ്ഥാനമായ ടാറ്റ കൺസൽട്ടൻസി സർവീസസിനായിരിക്കും വെർച്വൽ ക്യൂ സോഫ്റ്റ്‌വെയറിലെ പരിഷ്കരണ ചുമതല. 2011-12 കാലഘട്ടത്തിൽ കേരള പൊലീസാണ് കെൽട്രോണിന്റെ സഹായത്തോടെ വെർച്വൽ ക്യൂ സംവിധാനം ആദ്യമായി വികസിപ്പിച്ചത്. പിന്നീട് 2019ൽ ശബരിമല പിൽഗ്രിം മാനേജ്മെന്റ് സിസ്റ്റം (എസ്പിഎംഎസ്) എന്ന ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം ടിസിഎസ് വികസിപ്പിച്ചു. അന്ന് കേരള പൊലീസിന്റെ ഐടി വിഭാഗം സാങ്കേതികവും പ്രവർത്തനപരവുമായ നിർദേശങ്ങൾ നൽകിയിരുന്നു.

മാസ് ബുക്കിങ് വഴി ദർശന സ്ലോട്ടുകൾ കൈക്കലാക്കി വിൽക്കുന്ന പ്രവണത തടയുന്നതിനും ഉപയോഗിക്കപ്പെടാതെ പോകുന്ന സ്ലോട്ടുകൾ മറ്റ് തീർഥാടകർക്ക് ലഭ്യമാക്കുന്നതിനുമാണ് പുതിയ പരിഷ്കാരങ്ങൾ ലക്ഷ്യമിടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img