01:10am 29 October 2026
NEWS
വാക്കുകൾ മാറ്റിപ്പറഞ്ഞ് അൻവർ; യു.ഡി.എഫ് ചർച്ച അവസാനിപ്പിച്ചു
01/06/2025  07:58 AM IST
സുരേഷ് വണ്ടന്നൂർ
വാക്കുകൾ മാറ്റിപ്പറഞ്ഞ് അൻവർ; യു.ഡി.എഫ് ചർച്ച അവസാനിപ്പിച്ചു

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ പി.വി. അൻവർ രാവിലെ ഒരു നിലപാടും വൈകുന്നേരം മറ്റൊരു നിലപാടും സ്വീകരിച്ചിരിക്കുകയാണ്. ഇതോടെ അൻവറുമായി ഒരു ചർച്ചയ്ക്കും കോൺഗ്രസ് നേതൃത്വം തയ്യാറല്ലെന്ന് അറിയിച്ചു.
മത്സരിക്കാൻ തനിക്ക് സമ്മർദ്ദമുണ്ടെന്നും, രണ്ടു ദിവസത്തിനകം തീരുമാനം അറിയിക്കാമെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു. ചിലർ പണവുമായി സമീപിക്കുന്നുണ്ടെന്നും അവരുടെ നിർദ്ദേശങ്ങൾ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മത്സരിക്കാൻ പണമില്ലെന്നും, വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫിലേക്ക് താനില്ലെന്നുമാണ് രാവിലെ അൻവർ പറഞ്ഞിരുന്നത്.

മത്സരിക്കാൻ കോടികൾ ആവശ്യമാണെന്നും, ജനങ്ങൾക്ക് വേണ്ടി സംസാരിച്ചതുകൊണ്ടാണ് താൻ സാമ്പത്തികമായി തകർന്നതെന്നും അൻവർ ആരോപിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. സ്വരാജ് പിണറായിയുടെ വക്താവാണെന്നും, പിണറായിസത്തെ എതിർത്ത് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് തനിക്ക് യു.ഡി.എഫിലേക്കുള്ള വഴിമുടക്കുന്നതെന്നും, സതീശന് പിന്നിൽ ഒരു ലോബിയുണ്ടെന്നും അൻവർ ആവർത്തിച്ചു. സതീശൻ അഹങ്കാരത്തിന് കൈയും കാലും വെച്ച നേതാവാണെന്നും അൻവർ കുറ്റപ്പെടുത്തി.

അൻവർ യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ പിന്തുണച്ചാൽ തൃണമൂലിനെ യു.ഡി.എഫിന്റെ അസോസിയേറ്റഡ് ഘടകകക്ഷിയാക്കാമെന്ന് കഴിഞ്ഞ ദിവസം ചേർന്ന യു.ഡി.എഫ് യോഗം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ തൃണമൂൽ നേതാക്കളുമായി ചർച്ച നടത്തിയ അൻവർ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും വൈകുന്നേരത്തോടെ നിലപാട് മാറ്റി.

അൻവറിനെ അവഗണിക്കും

യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ പിന്തുണയ്ക്കാനുള്ള ആവശ്യം അൻവർ അംഗീകരിക്കാത്ത സാഹചര്യത്തിൽ ഇനി ചർച്ച നടത്തുന്നത് അർത്ഥമില്ലാത്ത കാര്യമാണെന്ന് യു.ഡി.എഫ് അഭിപ്രായപ്പെടുന്നു. അൻവർ ഇങ്ങോട്ട് ചർച്ചയ്ക്ക് വന്നാൽ മാത്രം തുടർനടപടികൾ എന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചിരിക്കുന്നത്. അൻവറിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകി അനാവശ്യ വിവാദങ്ങൾക്ക് വഴിവെക്കേണ്ടതില്ലെന്നും, അദ്ദേഹത്തെ അവഗണിക്കണമെന്നുമാണ് കോൺഗ്രസിലെ ഭൂരിഭാഗം നേതാക്കളും പറയുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി നേരിട്ട് പലതവണ നടത്തിയ ചർച്ചകളിൽ അൻവർ സ്വീകരിച്ച കർക്കശ നിലപാടിൽ ലീഗിനും അതൃപ്തിയുണ്ട്.

തോൽക്കുന്ന സീറ്റ് ചോദിച്ചിട്ടും തന്നില്ല: അൻവർ

കോൺഗ്രസ് തോൽക്കുന്ന രണ്ട് നിയമസഭാ മണ്ഡലങ്ങൾ ചോദിച്ചിട്ടും തനിക്ക് തന്നില്ലെന്ന് പി.വി. അൻവർ പറഞ്ഞു. മലമ്പുഴ സീറ്റ് തൃണമൂൽ കോൺഗ്രസ് ഏറ്റെടുക്കാമെന്ന് യു.ഡി.എഫിനോട് പറഞ്ഞിരുന്നു. പിന്നീട് യു.ഡി.എഫ് സ്ഥിരമായി തോൽക്കുന്ന രണ്ട് സീറ്റുകളും അവസാനം ഒരു സീറ്റും താൻ ആവശ്യപ്പെട്ടു. ഘടകകക്ഷി സ്ഥാനം വേണ്ട, അസോസിയേറ്റ് പദവി മതിയെന്നും പറഞ്ഞു. യു.ഡി.എഫ് നേതൃത്വത്തിന്റെ മനസ്സിലിരിപ്പ് അറിയാനാണ് ഈ ആവശ്യങ്ങൾ മുന്നോട്ട് വെച്ചതെന്ന് അൻവർ വ്യക്തമാക്കി. ബേപ്പൂരിൽ മത്സരിച്ചുകൂടേ എന്ന് ചില യു.ഡി.എഫ് നേതാക്കൾ ചോദിച്ചെന്നും, തന്നെ ഇല്ലാതാക്കാനാണ് നീക്കമെന്നും, ഒരു വ്യക്തിയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. യു.ഡി.എഫിലെ മറ്റ് നേതാക്കൾക്കൊന്നും തന്നോട് എതിർപ്പില്ലെന്നും, ഇനിയൊരു യു.ഡി.എഫ് നേതാവും തന്നെ കാണേണ്ടതില്ലെന്നും അൻവർ കൂട്ടിച്ചേർത്തു. സതീശന്റെ വാശിക്ക് യു.ഡി.എഫ് വലിയ വില നൽകേണ്ടി വരുമെന്നും, യു.ഡി.എഫിലെ ചിലർ തനിക്കെതിരെ പ്രവർത്തിച്ചെന്നും അൻവർ ആരോപിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img