
തിരുവനന്തപുരം: കോവളത്തെ സ്പായിൽ 16കാരി ലൈംഗിക ചൂഷണത്തിന് ഇരയായ കേസിൽ അന്വേഷണം ശക്തമാക്കി പൊലീസ്. കേസിൽ അറസ്റ്റിലായ കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന് രണ്ട് സ്പാകളുമായി കൂടി ബന്ധമുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. പെൺകുട്ടിയെ കോവളത്തെ സ്പായിൽ എത്തിക്കുന്നതിന് മുൻപ് അനുരൂപുമായി ബന്ധപ്പെട്ടിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ഇയാളെ സർവീസിൽനിന്ന് പിരിച്ചുവിടാനുള്ള നടപടികളിലേക്ക് കടക്കുകയാണ് കോർപറേഷൻ.
പീഡനം നടന്ന സ്പാ അനുരൂപിന്റെ ബിനാമി സ്ഥാപനമാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം കോർപറേഷന്റെ ഉള്ളൂർ സോണൽ ഓഫിസിൽ ജോലി ചെയ്തിരുന്ന ഇയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മേയർ വി.വി. രാജേഷ് സസ്പെൻഡ് ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായി ചുമതലയേറ്റ ശേഷമാണ് അനുരൂപ് സ്പാ ഇടപാടുകളിൽ സജീവമായതെന്നാണ് വിവരം. ഇയാൾക്ക് മറ്റ് സ്ഥാപനങ്ങളിലുള്ള പങ്കാളിത്തം സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.
കമ്മിഷൻ വാങ്ങി പെൺകുട്ടിയെ ചൂഷണത്തിന് വിട്ടുനൽകി
കേസിൽ പുറത്തുവരുന്ന വിവരങ്ങൾ അതീവ ഗൗരവമുള്ളതാണ്. കുട്ടിക്കാലത്തുതന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട ആന്ധ്രാ സ്വദേശിനിയായ പെൺകുട്ടിയെ വളർത്തിയത് മാതൃസഹോദരിയാണ്. എന്നാൽ, സംരക്ഷണം നൽകേണ്ട വളർത്തമ്മ തന്നെ കുട്ടിയെ ലൈംഗിക ചൂഷണത്തിനായി സ്പായിൽ എത്തിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ഓരോ തവണയും കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയാകുമ്പോൾ 1,000 മുതൽ 4,000 രൂപ വരെ കമ്മിഷനായി ലഭിച്ചിരുന്നതായാണ് വിവരം. കുട്ടിയെ ചൂഷണത്തിന് വിധേയയാക്കാൻ വളർത്തമ്മയും ഭർത്താവും സ്പായിൽ ശുചീകരണ ജീവനക്കാരായി ജോലി ചെയ്തിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.
ലൈംഗിക ചൂഷണത്തെ എതിർത്തപ്പോൾ പെൺകുട്ടിയെ ക്രൂരമായി മർദിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്തെന്നാണ് കണ്ടെത്തൽ. കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റതിന്റെ പാടുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
സ്പായിലെത്തിയവരെയും കണ്ടെത്തണം
കുട്ടിയെ പണം വാങ്ങി കൈമാറിയവരും സ്പാ ഉടമകളുമാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്. പെൺകുട്ടിയെ ഉപദ്രവിച്ച സ്പാ സന്ദർശകരെക്കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. തമിഴും മലയാളവും സംസാരിക്കുന്നവർ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് കുട്ടി മൊഴി നൽകിയിരിക്കുന്നത്.
സ്പായിൽ സിസിടിവി ക്യാമറകളോ സന്ദർശക രജിസ്റ്ററോ ഇല്ലാത്തതിനാൽ പ്രതികളെ തിരിച്ചറിയുന്നത് പൊലീസിന് വെല്ലുവിളിയാണ്. ഇതോടെ സ്പായുടെയും നടത്തിപ്പുകാരുടെയും ഫോൺവിളി വിവരങ്ങൾ പരിശോധിച്ച് സന്ദർശകരെ കണ്ടെത്താനാണ് നീക്കം.
പെൺകുട്ടിയെ ചൂഷണം ചെയ്ത സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും അനുരൂപിന്റെ മറ്റ് സ്പാ ബന്ധങ്ങൾ എന്തൊക്കെയാണെന്നും കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നാണ് സൂചന.










