
കൊച്ചി: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിലേക്ക് ഈഴവ സമുദായാംഗമായ കെ.എസ്. അനുരാഗിന്റെ നിയമനത്തിനുള്ള തടസ്സങ്ങൾ ഹൈക്കോടതി നീക്കി. അഡ്വൈസ് മെമ്മോ ലഭിച്ച അനുരാഗ് ഇനി നിയമനം കാത്തിരിക്കുകയാണ്. കൂടൽമാണിക്യം ദേവസ്വത്തിന് നിയമന നടപടികളുമായി മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കി.
എന്നാൽ, നിയമനം സിവിൽ കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും എതിർപ്പുള്ളവർക്ക് അവിടെ വിഷയം ഉന്നയിക്കാമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അറിയിച്ചു. കഴകം തസ്തിക പാരമ്പര്യമായി വാര്യർ സമുദായത്തിന് അവകാശപ്പെട്ടതാണെന്ന വാദവുമായാണ് തെക്കേവാര്യത്തെ ടി.വി. ഹരികൃഷ്ണൻ ഉൾപ്പെടെയുള്ളവർ കോടതിയെ സമീപിച്ചത്.
കേസും വിവാദങ്ങളും
കഴകം ഒരു ആചാരപരമായ ജോലിയാണോ അല്ലയോ എന്നതിനെ ആശ്രയിച്ചിരിക്കും നിയമനമെന്ന് കോടതി ചൂണ്ടിക്കാട്ടി. ആചാരപരമാണെങ്കിൽ ക്ഷേത്രം തന്ത്രി ഉൾപ്പെട്ട സമിതിയാണ് നിയമനം നടത്തേണ്ടതെന്ന് ദേവസ്വം നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. കഴകം ഏതുതരം ജോലിയാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ സിവിൽ കോടതിക്ക് തീരുമാനിക്കാം. തന്മൂലം, റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനത്തിൽ ഇടപെടാൻ ഹൈക്കോടതി തയ്യാറായില്ല.
നേരത്തെ, ഇതേ തസ്തികയിൽ റാങ്ക് ലിസ്റ്റിലെ ഒന്നാം സ്ഥാനക്കാരനായിരുന്ന ബി.എ. ബാലു, ഈഴവ സമുദായക്കാരനായതിനാൽ തന്ത്രിമാരുടെ എതിർപ്പ് നേരിട്ടിരുന്നു. ബാലു ജോലിക്ക് പ്രവേശിച്ചപ്പോൾ തന്ത്രിമാർ ക്ഷേത്രബഹിഷ്കരണം നടത്തുകയും തുടർന്ന് അദ്ദേഹത്തെ ഓഫീസ് ജോലികളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഈ സംഭവം വിവാദമായതോടെ ഏപ്രിൽ ഒന്നിന് ബാലു രാജി വെച്ചു. ഈ ഒഴിവിലേക്കാണ് ഇപ്പോൾ അനുരാഗിനെ പരിഗണിക്കുന്നത്.
ദേവസ്വം ഭരണസമിതി യോഗം ഇന്ന്
ഹൈക്കോടതി വിധി ചർച്ച ചെയ്യാനായി കൂടൽമാണിക്യം ദേവസ്വം ഭരണസമിതി ഇന്ന് അടിയന്തര യോഗം ചേരും. എതിർപ്പുകൾ ഉണ്ടായേക്കുമെങ്കിലും അനുരാഗിന് നിയമനം നൽകാൻ തീരുമാനിക്കുമെന്നാണ് സൂചന. ജാതിവിവേചനം അവസാനിപ്പിച്ച് അനുരാഗിന് ഉടൻ നിയമനം നൽകണമെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു.











