
കോഴിക്കോട്: തൊട്ടിൽപ്പാലത്തുനിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ അധ്യാപിക കെ. അനുമോളെ കണ്ടെത്തി. വടകര തോടന്നൂർ സ്വദേശി അബ്ദുൾ സമദിനൊപ്പമാണ് അനുമോളെ പാലക്കാട് കസബ പൊലീസ് സ്റ്റേഷൻ പരിധിയിലെ പുതുശേരിയിൽനിന്ന് പൊലീസ് കണ്ടെത്തിയത്. ഇരുവരും ഇവിടെ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു. തൊട്ടിൽപ്പാലം എസ്.ഐ. സി.പി. സുഹൈലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
മൊയിലോത്തറ ജി.എൽ.പി സ്കൂളിലെ അധ്യാപികയായ അനുമോളെ ഈ മാസം അഞ്ചിനാണ് കാണാതായത്. രാവിലെ സ്കൂളിലേക്ക് പോയശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്ത് അപ്രത്യക്ഷയാവുകയായിരുന്നു. കുടുംബം അന്നുതന്നെ പൊലീസിൽ പരാതി നൽകിയെങ്കിലും ദിവസങ്ങളോളം വിവരമൊന്നും ലഭിച്ചിരുന്നില്ല. പത്തുദിവസം പിന്നിട്ടിട്ടും കണ്ടെത്താനാകാത്തതിനെ തുടർന്ന് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കരൾ പകുത്തുനൽകി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന ഭാര്യ
ഏകദേശം പത്തുവർഷം മുൻപ് ഗുരുതരമായ കരൾരോഗം ബാധിച്ച അനുമോളുടെ ജീവിതം വാർത്തകളിൽ ഇടം നേടിയിരുന്നു. ഗർഭിണിയായിരിക്കെ രോഗം ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് തുടർചികിത്സയ്ക്കായി മാറ്റേണ്ടിവന്ന അനുമോൾക്ക് കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാത്രമായിരുന്നു പ്രതിവിധി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് ശസ്ത്രക്രിയയ്ക്കുള്ള ഭീമമായ തുക കണ്ടെത്തുക എളുപ്പമായിരുന്നില്ല.
തുടർന്ന് തൊട്ടിൽപ്പാലത്തെ പ്രാദേശിക മാധ്യമപ്രവർത്തകരും പഞ്ചായത്ത് പ്രസിഡന്റും മുൻകൈയെടുത്ത് ജനകീയ സഹായസമിതി രൂപീകരിച്ചു. മാധ്യമങ്ങളിലൂടെ സഹായാഭ്യർഥന പുറത്തുവന്നതോടെ നാട്ടുകാർ ഒന്നടങ്കം പിന്തുണയുമായെത്തി. പ്രണയിച്ച് വിവാഹം കഴിച്ച ഭർത്താവ് സുഭാഷാണ് സ്വന്തം കരളിന്റെ ഒരു ഭാഗം അനുമോൾക്ക് നൽകിയത്. 'കരളിന്റെ കരൾ പകുത്തുനൽകി പ്രിയതമൻ' എന്ന തലക്കെട്ടിൽ അന്നത്തെ പത്രങ്ങളിൽ ഈ സംഭവം വലിയ വാർത്തയായിരുന്നു.
രോഗത്തെ അതിജീവിച്ച അനുമോൾ പിന്നീട് പി.എസ്.സി പരീക്ഷയിൽ മികച്ച വിജയം നേടി സർക്കാർ സർവീസിൽ പ്രവേശിച്ചു. ദമ്പതികൾക്ക് രണ്ടു കുട്ടികളുമുണ്ട്. കുടുംബജീവിതം മുന്നോട്ടുപോകുന്നതിനിടെയാണ് അനുമോളുടെ തിരോധാനം പുതിയ ആശങ്കകൾക്കിടയാക്കിയത്.
സ്കൂൾ പരിസരത്തുനിന്ന് അപ്രത്യക്ഷം; സമദിനെയും കാണാതായി
അനുമോളെ കാണാതായ ദിവസം തന്നെ അബ്ദുൾ സമദിനെയും കാണാനില്ലെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. സ്കൂൾ വിട്ടിറങ്ങിയ അനുമോൾ മകളെ സ്കൂൾ വാഹനത്തിൽ കയറ്റിവിട്ടശേഷമാണ് അപ്രത്യക്ഷയായത്. സമദിനൊപ്പം പോയതാകാമെന്ന സംശയം കുടുംബം പൊലീസിൽ നൽകിയ പരാതിയിലും ഉന്നയിച്ചിരുന്നു.
ഇരുവരും ഒരുമിച്ച് നാടുവിട്ടതാണെന്ന സൂചനകൾ ലഭിച്ചതോടെ പൊലീസ് അന്വേഷണം വിപുലമാക്കി. തുടക്കത്തിൽതന്നെ യാത്രയും ആശയവിനിമയവും ആസൂത്രിതമായി നിയന്ത്രിച്ചാണ് ഇരുവരും നീങ്ങിയതെന്ന സംശയം അന്വേഷണസംഘത്തിനുണ്ടായിരുന്നു.
ഫോണുകൾ ഉപേക്ഷിച്ചു; ഓപ്പൺ വൈഫൈ ഉപയോഗിച്ച് വാട്സ്ആപ്പ്
സിസിടിവി ക്യാമറകളിൽ പതിയാതിരിക്കാൻ പ്രധാന റോഡുകൾ ഒഴിവാക്കിയായിരുന്നു ഇരുവരുടെയും യാത്രയെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. തൊട്ടിൽപ്പാലത്തുനിന്ന് കുറ്റ്യാടി, നാദാപുരം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പ്രധാന വഴികൾ ഒഴിവാക്കി ആദ്യം മാഹിയിലേക്കാണ് പോയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
സ്വന്തം ഫോണുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കിയ ഇരുവരും വിവിധ സ്ഥലങ്ങളിൽ അപരിചിതരുടെ മൊബൈൽ ഹോട്ട്സ്പോട്ട് വഴി വൈഫൈ കണക്ഷൻ ലഭ്യമാക്കി വാട്സ്ആപ്പ് ഉപയോഗിച്ചിരുന്നതായാണ് വിവരം. ഇത്തരത്തിൽ കണക്ഷൻ ഉപയോഗിച്ച സ്ഥലം തിരിച്ചറിയാൻ പൊലീസിന് സമയം വേണ്ടിവരുമെന്ന സാഹചര്യം ഇവർ പ്രയോജനപ്പെടുത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
മാഹിയിൽ രണ്ടുദിവസം താമസിച്ചശേഷം ഇവർ അവിടെനിന്ന് മാറി. പിന്നീട് കാസർകോട് ചെറുവത്തൂരിൽനിന്ന് വാട്സ്ആപ്പ് ഉപയോഗിച്ചതായും പൊലീസ് കണ്ടെത്തി. അന്വേഷണസംഘം സ്ഥലത്തെത്തുമ്പോഴേക്കും ഇരുവരും അവിടെനിന്ന് കടന്നുകളഞ്ഞിരുന്നു.
ഏഴ് സിം കാർഡുകൾ; സുഹൃത്തിലേക്കുള്ള ഫോൺവിളി നിർണായകമായി
അബ്ദുൾ സമദിന്റെ ഫോൺവിളികൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കേസിൽ നിർണായകമായത്. ഇയാൾ ഏഴ് സിം കാർഡുകൾ ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഇവയിൽ പലതും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നത് അന്വേഷണത്തിന് വെല്ലുവിളിയായി.
അതിനിടെ നാട്ടിലെ വിവരങ്ങൾ അറിയാൻ സമദ് അടുത്ത സുഹൃത്തായ അർഷാദിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഈ വിവരം മനസ്സിലാക്കിയ പൊലീസ് അർഷാദിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇതോടെയാണ് സമദും അനുമോളും ഒരുമിച്ചുണ്ടെന്ന സൂചനയ്ക്ക് സ്ഥിരീകരണം ലഭിച്ചത്. എന്നാൽ അർഷാദിനെ വിളിക്കാൻ ഉപയോഗിച്ച നമ്പർ പിന്നീട് സമദ് പ്രവർത്തനരഹിതമാക്കിയതോടെ ആ വഴിയുള്ള അന്വേഷണം തടസ്സപ്പെട്ടു.
തുടർന്ന് പുതിയ സിം കാർഡ് ഉപയോഗിക്കുന്നുണ്ടെന്ന സൂചന ലഭിച്ചതോടെയാണ് പൊലീസ് അന്വേഷണം ആ വഴിക്ക് തിരിച്ചത്. ഒടുവിൽ പാലക്കാട് പുതുശേരിയിലെ ഇരുനിലവീടിന്റെ ഒന്നാം നിലയിൽ ഇരുവരെയും കണ്ടെത്തുകയായിരുന്നു. അവിടെ ഭാര്യാഭർത്താക്കന്മാരെന്ന നിലയിലാണ് താമസിച്ചിരുന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഭാര്യയെ സ്വീകരിക്കാൻ തയ്യാറെന്ന് ഭർത്താവ്
അനുമോളെ കരൾ പകുത്തുനൽകി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ഭർത്താവ് സുഭാഷ് അവരെ സ്വീകരിക്കാൻ തയ്യാറാണെന്ന് പൊലീസിനെ അറിയിച്ചതായാണ് വിവരം. രണ്ടു കുട്ടികളുടെയും പ്രായമായ മാതാപിതാക്കളുടെയും സാഹചര്യം പരിഗണിച്ചാണ് കുടുംബത്തിന്റെ നിലപാട്.
പാലക്കാട് കണ്ടെത്തിയ ഇരുവരെയും തൊട്ടിൽപ്പാലത്തേക്ക് കൊണ്ടുവരുന്നതിനിടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി. തുടർന്ന് നാദാപുരം ഡിവൈ.എസ്.പി ഓഫീസിലെത്തിച്ചു. ചോദ്യം ചെയ്യലും ആവശ്യമായ നടപടിക്രമങ്ങളും പൂർത്തിയാക്കിയശേഷം കോടതിയിൽ ഹാജരാക്കാനാണ് പൊലീസിന്റെ തീരുമാനം. അതിനു മുമ്പ് കൗൺസലിങ് നടത്തുന്നതും പരിഗണിക്കുന്നുണ്ട്.
സമദിനെതിരെ മുൻപും പരാതികളുണ്ടായിരുന്നെന്ന് നാട്ടുകാർ
വടകര തോടന്നൂർ സ്വദേശിയായ അബ്ദുൾ സമദിനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ അടിപിടിക്കേസുകൾ ഉൾപ്പെടെ കേസുകളുണ്ടെന്നാണ് വിവരം. വിവാഹിതരായ സ്ത്രീകളെ പ്രണയം നടിച്ച് കൂടെ കൊണ്ടുപോയി പണവും സ്വത്തും കൈവശപ്പെടുത്തിയശേഷം ഉപേക്ഷിക്കുകയാണ് ഇയാളുടെ രീതിയെന്ന് നാട്ടുകാർ ആരോപിക്കുന്നു. സമദിനെതിരെ നേരത്തെയും സ്ത്രീകളുമായി ബന്ധപ്പെട്ട പരാതികൾ ഉയർന്നിട്ടുണ്ടെന്ന് തൊട്ടിൽപ്പാലം പൊലീസ് സ്ഥിരീകരിക്കുന്നതായാണ് റിപ്പോർട്ട്.
അനുമോളുടെ കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി നാട്ടുകാർ രൂപീകരിച്ച സഹായനിധിയിൽനിന്ന് ചെലവുകൾക്കുശേഷം ബാക്കിയുണ്ടായിരുന്ന തുക കുടുംബത്തിന് കൈമാറിയിരുന്നു. ഈ പണം അനുമോളുടെ ബാങ്ക് അക്കൗണ്ടിലുണ്ടെന്നും അത് കൈക്കലാക്കാനാണോ സമദ് അനുമോളെ കൂടെ കൊണ്ടുപോയതെന്നുമാണ് കുടുംബത്തിന്റെയും നാട്ടുകാരുടെയും സംശയം.
എന്നാൽ പണം തട്ടിയെടുക്കാനുള്ള ശ്രമം നടന്നിട്ടുണ്ടോ എന്നത് അന്വേഷണത്തിലൂടെ സ്ഥിരീകരിക്കേണ്ട കാര്യമാണ്. സംഭവത്തിൽ ഇരുവരുടെയും മൊഴികളും മറ്റ് തെളിവുകളും പരിശോധിച്ചശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ.










