
കൊച്ചി: ബിഹാറിന്റെ പ്രതിപക്ഷ നേതാവും ജനാധിപത്യത്തിന്റെ ശക്തമായ ശബ്ദവുമായ തേജസ്വി യാദവിനെ അറസ്റ്റ് ചെയ്‌ത് ജയിലിൽ അടച്ചത് കാടത്തവും ഫാസിസവും ജനാധിപത്യത്തോടുള്ള അവഹേളനവുമാണെന്ന് ആർ.ജെ.ഡി ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ പ്രസ്‌താവനയിൽ പറഞ്ഞു.
ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിപ്പിടിക്കുകയും, ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ നടപടികളെ ചോദ്യം ചെയ്യുകയും ചെയ്യുക എന്നത് പ്രതിപക്ഷനേതാവിന്റെ ഉത്തരവാദിത്വവും അവകാശവുമാണ്. പ്രതിഷേധത്തെ അടിച്ചമർത്താൻ അറസ്റ്റ് പോലുള്ള നടപടികൾ ജനാധിപത്യ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ്. തേജസ്വി യാദവ് ഉന്നയിക്കുന്ന ചോദ്യങ്ങൾ വ്യക്തിപരമായ വിഷയമല്ല. ജനാധിപത്യത്തിന് നേരെയുള്ള നീക്കങ്ങളെ ചെറുക്കാനാണ്. വിമർശിക്കുന്നവരുടെ വായടപ്പിക്കുന്നതല്ല ജനാധിപത്യം. അധികാരത്തോട് നിർഭയമായി വിയോജിക്കുന്ന ശബ്ദങ്ങളെ ഭയപ്പെടുത്തുന്നതും അടിച്ചമർത്തുന്നതും ജനാധിപത്യരീതിയല്ല. ഒരു നേതാവിന്റെ ശബ്ദം അടച്ചുപൂട്ടിയാൽ ജനങ്ങളുടെ ചോദ്യങ്ങൾ അവസാനിക്കില്ല. ചോദ്യങ്ങൾ കൂടുതൽ ശക്തമായി ആവർത്തിച്ച് ഉയരും. ജനാധിപത്യത്തിൽ പ്രതിപക്ഷം ശത്രുവല്ലെന്ന് ഭരണാധികാരികൾ തിരിച്ചറിയണം. ജനാധിപത്യത്തിന്റെ കാവൽക്കാരനാണ്. തേജസ്വി യാദവിനെതിരായ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നു.
Photo Courtesy - Google







