
അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിൻ്റെ അമ്പതാം വാർഷിക വേളയിൽ, എ.കെ. ആൻ്റണി നടത്തിയ ഒരു വിമർശനാത്മക പ്രസംഗം അടിയന്തിരാവസ്ഥ പിൻവലിക്കാനും തിരഞ്ഞെടുപ്പ് നടത്താനും ഇന്ദിരാ ഗാന്ധിയെ പ്രേരിപ്പിച്ചുവെന്ന് മുതിർന്ന മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ചെറിയാൻ ഫിലിപ്പ് അനുസ്മരിച്ചു. ഗോഹട്ടിയിൽ നടന്ന എ.ഐ.സി.സി. സമ്മേളനത്തിൽ അടിയന്തിരാവസ്ഥയിലെ കർശനമായ സെൻസർഷിപ്പ് നിയമങ്ങൾ ലംഘിച്ച് ആൻ്റണിയുടെ പ്രസംഗം 'വീക്ഷണം' ദിനപ്പത്രത്തിൽ റിപ്പോർട്ട് ചെയ്തത് ചെറിയാൻ ഫിലിപ്പായിരുന്നു.
അടിയന്തിരാവസ്ഥയിലെ അതിക്രമങ്ങൾക്കും അധികാര ദുർവിനിയോഗത്തിനുമെതിരെ ആൻ്റണി ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. പൊതുതിരഞ്ഞെടുപ്പുകൾ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നത് ഗാന്ധിജിയുടെയും നെഹ്റുവിൻ്റെയും ജനാധിപത്യ പാരമ്പര്യത്തിൽ നിന്നുള്ള വ്യതിചലനമാണെന്ന് ആൻ്റണി തുറന്നടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രസംഗമാണ് ആൻ്റണിയെ ദേശീയ തലത്തിൽ ആദർശ ധീരനാക്കിയതെന്നും ചെറിയാൻ ഫിലിപ്പ് ഓർമ്മിപ്പിച്ചു. ആൻ്റണിയെ കെ.പി.സി.സി പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് മാറ്റുമെന്ന കിംവദന്തികൾ ഉണ്ടായിരുന്നിട്ടും ഇന്ദിരാ ഗാന്ധി ഒരു നടപടിയും സ്വീകരിച്ചില്ല.
ഗോഹട്ടി സമ്മേളന പ്രതിനിധിയായിരുന്ന തനിക്ക് പ്രസ് അക്രഡിറ്റേഷൻ ഇല്ലായിരുന്നിട്ടും, സമ്മേളന സ്വാഗത സംഘം നൽകിയ പാസ് ഉപയോഗിച്ച് പ്രസ് റൂമിൽ പ്രവേശിച്ചാണ് താൻ വാർത്തകൾ അയച്ചതെന്ന് ചെറിയാൻ ഫിലിപ്പ് വെളിപ്പെടുത്തി. "അടിയന്തിരാവസ്ഥയെക്കുറിച്ചുള്ള ഒരു പരാമർശവും റിപ്പോർട്ട് ചെയ്യരുതെന്ന സെൻസറുടെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രസ് റൂമിലെ നോട്ടീസ് ബോർഡിൽ പതിച്ചിരുന്നു. എന്തും വരട്ടെയെന്ന ധിക്കാരത്തോടെ അയച്ച ആൻ്റണിയുടെ പ്രസംഗം വിശദമായി വീക്ഷണം വാർത്തയാക്കി. 'അടിയന്തിരാവസ്ഥക്കെതിരെ ആൻ്റണിയുടെ താക്കീത്' എന്ന തലക്കെട്ടിൽ എൻ്റെ പേരോടു കൂടിയാണ് ഒന്നാം പേജിൽ ലീഡ് വാർത്തയായി റിപ്പോർട്ട് വന്നത്. മറ്റൊരു പത്രത്തിലും ആൻ്റണിയുടെ വിവാദ പരാമർശങ്ങൾ പ്രസിദ്ധീകരിച്ചില്ല," അദ്ദേഹം പറഞ്ഞു.
കേരളത്തിൽ മടങ്ങിയെത്തിയ ഉടൻ കേന്ദ്ര ഇൻ്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ തന്നെ ചോദ്യം ചെയ്തതായും കേരളത്തിലെ ചീഫ് സെൻസർ വിശദീകരണം ആവശ്യപ്പെട്ടതായും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. എന്നാൽ അന്നത്തെ ആഭ്യന്തരമന്ത്രി കെ. കരുണാകരൻ്റെ ഇടപെടൽ കാരണം താൻ അറസ്റ്റ് ചെയ്യപ്പെടുകയോ കേസെടുക്കുകയോ ചെയ്തില്ലെന്നും അദ്ദേഹം ഓർമ്മിച്ചു.
അടിയന്തിരാവസ്ഥ പിൻവലിക്കണമെന്ന എ.കെ. ആൻ്റണിയുടെ പ്രസംഗം, തനിക്ക് 21 വയസ്സുള്ളപ്പോൾ ജയിലറ ഭയപ്പെടാതെ പത്രമാരണ നിയമലംഘനം നടത്തി സാഹസികമായി വീക്ഷണം പത്രത്തിൽ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകൻ എന്നതാണ് ചരിത്രത്തിലെ തൻ്റെ അഭിമാനകരമായ സ്ഥാനമെന്നും ചെറിയാൻ ഫിലിപ്പ് കൂട്ടിച്ചേർത്തു.
നാളെ (ജൂൺ 25) ആണ് അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിൻ്റെ അമ്പതാം വാർഷിക ദിനം.











