
മോഹൻലാൽ - പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ എമ്പുരാന്റെ വിവാദങ്ങൾ പൂർണമായും കെട്ടടങ്ങും മുമ്പ് സിനിമക്ക് തുടർച്ചയുണ്ടാകുമെന്ന് വെളിപ്പെടുത്തി നിർമാതാവ് ആന്റണി പെരുമ്പാവൂർ. സിനിമയുടെ മൂന്നാം ഭാഗം ഉറപ്പായുമുണ്ടാകും എന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ പ്രതികരണം. എമ്പുരാന്റെ റീ എഡിറ്റിങ്ങിന് ആരുടെയും സമ്മർദ്ദമല്ല കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോഹൻലാലിന് സിനിമയുടെ കഥ അറിയുമായിരുന്നില്ല എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. പൃഥ്വിരാജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ട കാര്യമില്ല. ഞങ്ങളാരും കഥയറിയില്ല എന്ന് പറഞ്ഞിട്ടില്ലെന്നും ആന്റണി പെരുമ്പാവൂർ ചൂണ്ടിക്കാട്ടി.
സിനിമയിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന വിവാദങ്ങൾ ഉണ്ടാകാൻ പാടില്ലാത്തതാണെന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി. ഞങ്ങൾ എല്ലാവരും ഈ സിനിമയെ മനസിലാക്കിയിട്ടുണ്ട്. പക്ഷേ, ഞങ്ങൾ മനസിലാക്കിയതിൽ എന്തെങ്കിലും തെറ്റുകളുണ്ടെങ്കിൽ അത് തിരുത്തുക എന്നത് ഞങ്ങളുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











